കേന്ദ്ര വെബ്‌സൈറ്റുകള്‍കള്‍ക്ക് സുതാര്യതയില്ലെന്ന് സിഐസി റിപ്പോര്‍ട്ട്

കേന്ദ്ര വെബ്‌സൈറ്റുകള്‍കള്‍ക്ക് സുതാര്യതയില്ലെന്ന് സിഐസി റിപ്പോര്‍ട്ട്

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ മിക്കവാറും മന്ത്രാലയങ്ങളുടെ വെബ്‌സൈറ്റുകളില്‍ സുതാര്യതയുടെ കുറവുണ്ടെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷന്റെ (സിഐസി) റിപ്പോര്‍ട്ട്. വിവരാവകാശ നിയമത്തിന്റെ അടിസ്ഥാനത്തില്‍ കീഴില്‍ സ്വയമേവ നിര്‍ബന്ധമായും വെളിപ്പെടുത്തേണ്ട വിവരങ്ങള്‍ പോലും ഈ വെബ്‌സൈറ്റുകള്‍ നല്‍കുന്നില്ലെന്നാണ് വിലയിരുത്തല്‍. കേന്ദ്ര സര്‍ക്കാര്‍ കൃത്യമായ നടപടികള്‍ സ്വീകരിച്ചാല്‍ മാത്രമേ സുതാര്യതയുമായി ബന്ധപ്പെട്ട ലക്ഷ്യം കൈവരിക്കാന്‍ ഈ വെബ്‌സൈറ്റുകള്‍ക്ക് സാധിക്കുകയുള്ളെന്നും സിഐസി ചൂണ്ടിക്കാട്ടി.

വിവിധ പൊതു വകുപ്പുകള്‍ വിവരാവകാശ നിയമത്തിലെ നാലാം വകുപ്പ് പ്രകാരം സ്വമേധയാ വെളിപ്പെടുത്തുന്ന വിവരങ്ങളുടെ നിലവാരം നിശ്ചയിക്കാന്‍ സിഐസി നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. മുന്‍ മുഖ്യ വിവരാവകാശ കമ്മീഷണര്‍ എ എന്‍ തിവാരി, മുന്‍ വിവരാവകാശ കമ്മീഷണര്‍ എം എം അന്‍സാരി എന്നിവരടങ്ങിയ കമ്മറ്റിയാണ് ഇതുമായി ബന്ധപ്പെട്ട് വിലയിരുത്തലുകള്‍ നടത്തിയത്. കമ്മറ്റി ഒരു മൂല്യ നിര്‍ണയ ഘടന പ്രദാനം ചെയ്യുകയും പൊതു വകുപ്പുകളോട് അത് പൂരിപ്പിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്ത 2,092 അതോറിറ്റികളില്‍ 838 എണ്ണത്തില്‍ നിന്നാണ് പ്രതികരണം ലഭിച്ചത്.

”838 പൊതു അതോറിറ്റികളില്‍ 158 എണ്ണത്തിനു മാത്രമാണ് എ ഗ്രേഡ് ലഭിച്ചത്. 157 എണ്ണത്തിന് ബി ഗ്രേഡും ലഭിച്ചു. 118 പൊതു അതോറിറ്റികള്‍ക്ക് സി ഗ്രേഡും 133 എണ്ണത്തിന് ഡി ഗ്രേഡും 272 എണ്ണത്തിന് ഇ ഗ്രേഡും ലഭിച്ചു,” റിപ്പോര്‍ട്ട് വ്യക്തമാക്കി. വിലയിരുത്തലില്‍ 90-100 ശതമാനം സ്‌കോര്‍ ലഭിച്ച ഡിപ്പാര്‍ട്ട്‌മെന്റുകളാണ് എ ഗ്രേഡിന് അര്‍ഹര്‍. 80-89 ശതമാനം സ്‌കോര്‍ ലഭിച്ചവര്‍ക്ക് ബി ഗ്രേഡും 70-79 ശതമാനം ലഭിച്ചവര്‍ക്ക് സി ഗ്രേഡും 60-69 ശതമാനം ലഭിച്ചവര്‍ക്ക് ഡി ഗ്രേഡും 60 ശതമാനത്തിന് താഴെ മാത്രം സ്‌കോര്‍ ലഭിച്ചവര്‍ക്ക് ഇ ഗ്രേഡും ലഭിച്ചു.

സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനത്തില്‍ സുതാര്യത സാധ്യമാക്കുന്നതിലേക്കുള്ള സുപ്രധാന ചുവടാണ് വെബ്‌സൈറ്റുകളുടെ ഓഡിറ്റെന്നും അതിനുള്ള ശ്രമത്തിലായിരുന്നു തങ്ങളെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. വിവരങ്ങള്‍ പ്രദാനം ചെയ്യുന്നതിന്റെ നിയന്ത്രണവും ഉത്തരവാദിത്തവുമുള്ള സര്‍ക്കാരിന് മാത്രമേ അത് വെളിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ചുമതല കൃത്യമായി നിര്‍വഹിക്കാന്‍ സാധിക്കൂ എന്നും ഇവര്‍ വ്യക്തമാക്കി. വിവരാവകാശ നിയമം നിര്‍ദേശിക്കുന്ന തരത്തില്‍ പൊതു അതോറിറ്റികളുടെ വെബ്‌സൈറ്റുകളുടെ വെളിപ്പെടുത്തല്‍ നിലവാരം വിലയിരുത്താന്‍ സിഐസി സ്വീകരിച്ച നടപടികള്‍ മാറ്റത്തിന്റെ മുന്നോടിയാണെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

Comments

comments

Categories: Current Affairs
Tags: CIC, website