ടെലികോം ഉപകരണങ്ങളുടെ ഇറക്കുമതി തീരുവ പിന്‍വലിക്കാനാവില്ല: യുഎസിനോട് ഇന്ത്യ

ടെലികോം ഉപകരണങ്ങളുടെ ഇറക്കുമതി തീരുവ പിന്‍വലിക്കാനാവില്ല: യുഎസിനോട് ഇന്ത്യ

ന്യൂഡെല്‍ഹി: ഇറക്കുമതി ചെയ്യുന്ന ടെലികോം ഉപകരണങ്ങളുടെ മേല്‍ ചുമത്തിയിരിക്കുന്ന നികുതി പിന്‍വലിക്കണമെന്ന അമേരിക്കയുടെ ആവശ്യം ഇന്ത്യ തള്ളി. നിലവിലെ സാമ്പത്തിക സാഹചര്യത്തില്‍ ഇത്തരമൊരു നടപടി അസാധ്യമാണെന്നാണ് ഇന്ത്യ വ്യക്തമാക്കിയത്. കറന്റ് എക്കൗണ്ട് കമ്മി ഉയരുകയും രൂപയുടെ മൂല്യം കുറയുകയും ചെയ്യുന്ന ദുര്‍ഘടമായ സാമ്പത്തിക സാഹചര്യത്തില്‍ ഇറക്കുമതി തീരുവ കുറക്കുന്നത് വരുമാനം കുറഞ്ഞ രാജ്യത്തിന് താങ്ങാനാവില്ലെന്നാണ് ഇന്ത്യ നിലപാടെടുത്തത്. ടെലികമ്യൂണിക്കേഷനുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്യുന്ന ഏഴ് ഉല്‍പ്പന്നങ്ങളുടെ അധിക തീരുവയിലാണ് യുഎസ് ഇളവുകള്‍ ആവശ്യപ്പെട്ടത്. ഇത്തരമൊരു നടപടി ‘ക്രമാതീതവും താങ്ങാനാവാത്തതുമായ സമ്മര്‍ദ്ദം’ സമ്പദ്ഘടനക്ക് മേല്‍ ഉണ്ടാക്കുമെന്നാണ് ഇന്ത്യ പ്രതികരിച്ചത്.

സമാര്‍ട്ട്‌വാച്ചുകള്‍, പ്രീമിയം ശ്രേണിയിലുള്ള മൊബീല്‍ ഫോണുകള്‍, മൊബീല്‍ ഫോണ്‍ ഘടകങ്ങള്‍, മറ്റ് ടെലികോം നെറ്റ്‌വര്‍ക്കിംഗ് ഉപകരണങ്ങള്‍ എന്നിവയുടെ നികുതി വെട്ടിക്കുറക്കുന്നത് യുഎസിന് നേട്ടമാവില്ലെന്നാണ് ഇന്ത്യ ചൂണ്ടിക്കാട്ടിയത്. അതേസമയം ഇത് ഇന്ത്യക്ക് വലിയ വരുമാന ബാധ്യത ഉണ്ടാക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ ചൈനയടക്കം വിവിധ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്ത ഏഴ് ഇനം ടെലികോം ഉപകരണങ്ങളുടെ ആകെ മൂല്യം 20.44 ബില്യണ്‍ ഡോളറാണ്. ഇതില്‍ 415.26 ദശലക്ഷം ഡോളറാണ് അമേരിക്കന്‍ കമ്പനികള്‍ക്ക് ലഭിച്ച വരുമാനം. ചൈനയില്‍ നിന്നാണ് ഏറ്റവുമധികം ഇറക്കുമതി നടത്തിയിരിക്കുന്നത്. ഈ വകയില്‍ 15.03 ബില്യണ്‍ ഡോളര്‍ തചൈനീസ് കമ്പനികള്‍ക്ക് ലഭിച്ചു. വിയറ്റ്‌നാമില്‍ നിന്ന് 905.51 ദശലക്ഷം ഡോളറിന്റെ ഉപകരണ ഇറക്കുമതിയും ദക്ഷിണ കൊറിയയില്‍ നിന്ന് 847.73 ദശലക്ഷത്തിന്റെ ഇറക്കുമതിയും കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ നടത്തി.

കറന്റ് എക്കൗണ്ട് കമ്മി വര്‍ധിക്കുന്നതും രൂപയുടെ വിലയിടിവും തടയുന്നതിന് ടെലികോം നെറ്റ്‌വര്‍ക്ക് ഉപകരണങ്ങളുടെ അടിസ്ഥാന കസ്റ്റംസ് നികുതി കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ മാസമാണ് വര്‍ധിപ്പിച്ചത്. പ്രിന്റ് ചെയ്ത് സര്‍ക്യൂട്ട് ബോര്‍ഡുകള്‍ക്കു മേല്‍ പുതിയതായി നികുതി ചുമത്തുകയും ചെയ്തു. ഒപ്റ്റിക്കല്‍ ട്രാന്‍സ്‌പോര്‍ട്ട് ഗിയര്‍, ബോസ് സ്‌റ്റേഷന്‍, ഐപി റേഡിയോ, വിഒഐപി ഫോണുകള്‍, 4ജി എല്‍ടിഇ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവക്ക് നിലവില്‍ 20 ശതമാനം ഇറക്കുമതി തീരുവയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സര്‍ക്യൂട്ട് ബോര്‍ഡുകള്‍ക്ക് 10 ശതമാനം എക്‌സൈസ് നികുതിയും ബാധകമാക്കിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഏപ്രിലിലും കേന്ദ്ര സര്‍ക്കാര്‍ ടെലികോം ഉപകരണങ്ങളുടെ ഇറക്കുമതിക്ക് മേല്‍ നികുതി ചുമത്തിയിരുന്നു. മൊബീല്‍ ഫോണുകളുടെ തദ്ദേശീയമായ ഉല്‍പ്പാദനത്തെ പ്രോത്സാഹിപ്പിക്കാനും ‘മേക്ക് ഇന്‍ ഇന്ത്യ’ പദ്ധതിക്ക് ഊര്‍ജം പകരാനും സ്വീകരിച്ച നടപടി ഗുണം ചെയ്തു. നിരവധി കമ്പനികള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇന്ത്യയില്‍ ഉല്‍പ്പാദന ശാലകളോ അസംബ്ലി യൂണിറ്റുകളോ തുടങ്ങി. 2016-17 സാമ്പത്തിക വര്‍ഷത്തിലാണ് ചാര്‍ജറുകള്‍, കീപാഡ്, ബാറ്ററി, ഹാന്‍ഡ്‌സെറ്റ് എന്നിവക്ക് നികുതി ഏര്‍പ്പെടുത്തിയത്. 2017-18ല്‍ മൈക്രോഫോണിനും റിസീവറിനും യുഎസ്ബി കേബിളിനും ഇറക്കുമതി നികുതി ചുമത്തപ്പെട്ടു. പ്രിന്റഡ് സര്‍ക്യൂട്ട് ബോര്‍ഡിന് പുറമെ കാമറ മൊഡ്യൂളിനും ഈ വര്‍ഷം പുതിയതായി നികുതി ഏര്‍പ്പെടുത്തിയിട്ടുണ്ട്. 2019-20 ല്‍ ഡിസ്‌പ്ലേ അസംബ്ലി, വൈബ്രേറ്റര്‍ മോട്ടര്‍, ടച്ച് പാനല്‍ എന്നിവക്ക് നികുതി വരുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Comments

comments

Categories: Business & Economy, Slider
Tags: telecom