സോഫ്റ്റ്ബാങ്ക് ഇന്ത്യയുടെ തലപ്പത്ത് സുമെര്‍ ജുനേജ?

സോഫ്റ്റ്ബാങ്ക് ഇന്ത്യയുടെ തലപ്പത്ത് സുമെര്‍ ജുനേജ?

ബെംഗളൂരു: ജപ്പാനിലെ ടെലികോം, ഇന്റര്‍നെറ്റ് ഭീമന്‍ സോഫ്റ്റ്ബാങ്കിന്റെ ഇന്ത്യയിലെ നിക്ഷേപങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ സുമെര്‍ ജുനേജയെ നിയമിച്ചേക്കും. നിലവില്‍ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നോര്‍വെസ്റ്റ് വെഞ്ച്വര്‍ പാര്‍ട്‌ണേഴ്‌സിനോടൊപ്പമാണ് സുമെര്‍. ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ സംരംഭമായ സ്വിഗ്ഗി ഉള്‍പ്പടെയുള്ള ചില സ്റ്റാര്‍ട്ടപ്പുകളുടെ ബോര്‍ഡിലും അംഗമായ ജുനേജ വരുന്ന മാസങ്ങളില്‍ സോഫ്റ്റ്ബാങ്ക് ഇന്ത്യയുടെ മേധാവിയായി ചുമതലയേല്‍ക്കുമെന്നാണ് കരുതുന്നത്.

ഇന്ത്യയിലെ മിക്ക സ്റ്റാര്‍ട്ടപ്പ് വിജയകഥകള്‍ക്കും തിരിക്കഥ രചിക്കുന്നത് സോഫ്റ്റ്ബാങ്കാണ്. ഫ്‌ളിപ്കാര്‍ട്ട്, പേടിഎം, ഒല, ഒയോ റൂംസ് തുടങ്ങിയ വമ്പന്‍ ടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്കെല്ലാം ജപ്പാനിലെ ശതകോടീശ്വര സംരംഭകനായ മസയോഷി സണ്ണിന്റെ സോഫ്റ്റ്ബാങ്ക് പിന്തുണ നല്‍കിയിട്ടുണ്ട്.

ജുനേജയെ കൂടാതെ, സോഫ്റ്റ്ബാങ്കിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ സഹായിക്കുന്നതിന് ഒരു ഉന്നത പ്രൊഫഷണലിനെ കൂടി നിയമിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ജുനേജ ബോര്‍ഡില്‍ അംഗമായാല്‍ സോഫ്റ്റ്ബാങ്കിന്റെ വിഷന്‍ ഫണ്ട് ടീമിനൊപ്പം പ്രവര്‍ത്തിക്കും. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുനിഷ് വര്‍മയ്ക്കായിരിക്കും അദ്ദേഹം റിപ്പോര്‍ട്ട് ചെയ്യേണ്ടത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ടെക് സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്തുന്നതിനായി മസയോഷി സണ്‍ രൂപീകരിച്ചതാണ് സോഫ്റ്റ്ബാങ്ക് വിഷന്‍ ഫണ്ട്. 100 ബില്ല്യണ്‍ ഡോളറിന്റെ ഫണ്ടാണിത്. ഇതിലെ 45 ബില്ല്യണ്‍ ഡോളറിന്റെ നിക്ഷേപം സൗദി അറേബ്യയുടേതാണ്.

ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്നും ബിരുദം നേടിയ ജുനേജ 2009ലാണ് നോര്‍വെസ്റ്റില്‍ എത്തുന്നത്. ആഗോള ധനകാര്യസേവന കമ്പനിയായ ഗോള്‍ഡ്മാന്‍ സാക്ക്‌സിന്റെ ഏഷ്യന്‍ സ്‌പെഷല്‍ സിറ്റുവേഷന്‍സ് ഗ്രൂപ്പ് ഇന്ത്യയുടെ സ്ഥാപകാംഗം കൂടിയാണ് അദ്ദേഹം. അതേസമയം, സോഫ്റ്റ്ബാങ്കിലെ നിയമനം സംബന്ധിച്ച് ജുനേജ ഇതുവരെ പ്രതികരിച്ചിട്ടില്ല.

വിഷന്‍ഫണ്ട് മുഖേന ഇന്ത്യയില്‍ വന്‍ നിക്ഷേപമാണ് സോഫ്റ്റ്ബാങ്ക് നടത്തിക്കൊണ്ടിരിക്കുന്നത്. ഇത് മാനേജ് ചെയ്യാന്‍ കമ്പനി ഒരു ഇന്ത്യമേധാവിയെ കുറച്ചുകാലമായി തേടിക്കൊണ്ടിരിക്കുകയാണ്. ആര്‍പിഎസ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ഉടമ കബീര്‍ മിശ്രയാണ് അടുത്തിടെ വരെ സോഫ്റ്റ്ബാങ്കിന്റെ ഇന്ത്യന്‍ നിക്ഷേപങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്. ആര്‍പിഎസിലെ പ്രഥമഘട്ട നിക്ഷേപകര്‍ കൂടിയാണ് സോഫ്റ്റ്ബാങ്ക്.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ മസായോഷി സണ്ണിന്റെ ഉടമസ്ഥതയിലുള്ള സോഫ്റ്റ്ബാങ്ക്, ഇന്ത്യയില്‍ സക്രിയമായ നിക്ഷേപ പദ്ധതികളാണ് നടപ്പാക്കിവരുന്നത്. ഫ്‌ളിപ്കാര്‍ട്ട്, പേടിഎം, ഓണ്‍ലൈന്‍ ഇന്‍ഷുറന്‍സ് കമ്പനിയായ പോളിസി ബസാര്‍, ഒല, ഗ്രോഫേഴ്‌സ് എന്നിവയിലെല്ലാം കൂടി ഏകദേശം നാല് ബില്യണ്‍ ഡോളറിനു മുകളില്‍ നിക്ഷേപം സോഫ്റ്റ്ബാങ്ക് നടത്തിയിരുന്നു. ഫ്‌ളിപ്കാര്‍ട്ടിനെ യുഎസിലെ റീട്ടെയ്ല്‍ ഭീമന്‍ വാള്‍മാര്‍ട്ട് ഏറ്റെടുത്തപ്പോള്‍ സോഫ്റ്റ്ബാങ്കിന് ലഭിച്ചത് ഏകദേശം നാല് ബില്ല്യണ്‍ ഡോളറാണ്. അതേസമയം ഇന്ത്യയിലെ സോഫ്റ്റ്ബാങ്കിന്റെ ചില നിക്ഷേപങ്ങള്‍ ഫലമില്ലാതെ പോവുകയും ചെയ്തിട്ടുണ്ട്. ഇ-കൊമേഴ്‌സ് സംരംഭമായ സ്‌നാപ്ഡീല്‍, ഹൗസിംഗ്‌ഡോട്‌കോം തുടങ്ങിയവയില്‍ നടത്തിയ നിക്ഷേപം ഗുണം ചെയ്തില്ല.

Comments

comments

Categories: Current Affairs, Slider