ഒരു ബില്ല്യണ്‍ ഡോളറിന്റെ ഓഹരികള്‍ വില്‍ക്കാന്‍ ഷപൂര്‍ജി പല്ലോഞ്ചി ഗ്രൂപ്പ്

ഒരു ബില്ല്യണ്‍ ഡോളറിന്റെ ഓഹരികള്‍ വില്‍ക്കാന്‍ ഷപൂര്‍ജി പല്ലോഞ്ചി ഗ്രൂപ്പ്

മുംബൈ: തങ്ങളുടെ സോളാര്‍ യൂണിറ്റിലേക്ക് പുറമെ നിന്നുള്ള നിക്ഷേപകരെ കൊണ്ടുവരാന്‍ ഷപൂര്‍ജി പല്ലോഞ്ചി ഗ്രൂപ്പ്. ഇതിനായി 1 ബില്ല്യണ്‍ ഡോളറിന്റെ ഓഹരികള്‍ വില്‍ക്കാനൊരുങ്ങുകയാണ് 153 വര്‍ഷം പഴക്കമുള്ള ബിസിനസ് ഭീമന്‍. ഗ്രൂപ്പിന്റെ കടബാധ്യത കുറയ്ക്കാനാണ് ആസ്തി വില്‍പ്പനയടക്കമുള്ള പുതിയ പദ്ധതികള്‍ നടപ്പാക്കുന്നത്. ശതകോടീശ്വരനായ പല്ലോഞ്ചി മിസ്ട്രിയുടെ ഉടമസ്ഥതയിലുള്ളതാണ് ഷപൂര്‍ പല്ലോഞ്ചി ഗ്രൂപ്പ്.

സ്റ്റെര്‍ലിംഗ് ആന്‍ഡ് വില്‍സണ്‍ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന തങ്ങളുടെ സോളാര്‍ യൂണിറ്റിലെ 30 ശതമാനം ഓഹരി വില്‍ക്കാനാണ് ഗ്രൂപ്പ് പദ്ധതിയിടുന്നതെന്ന് എക്‌സിക്യൂട്ടിവ് ഡയറക്റ്ററായ ജയ് മവാനി പറഞ്ഞു.

ലിസ്റ്റഡ് കമ്പനിയായ ഫോബ്‌സ് ആന്‍ഡ് കോയ്ക്ക് കീഴിലുള്ള ജല ശുദ്ധീകരണ വിഭാഗമായ യുറേക്കാ ഫോബ്‌സിനെ ‘സ്വതന്ത്ര’മാക്കുന്നതിന്റെ ഭാഗമായി പ്രഥമ ഓഹരി വില്‍പ്പന(ഐപിഒ) നടത്താനും ഷപൂര്‍ജി പദ്ധതിയിടുന്നുണ്ട്. റിയല്‍ എസ്റ്റേറ്റ് ആസ്തികള്‍ വിറ്റഴിച്ച് വരുമാനം കണ്ടെത്തി കടബാധ്യത കുറയ്ക്കാനും നീക്കമുണ്ട്.

5.6 ബില്ല്യണ്‍ ഡോളര്‍ മൂല്യമുള്ള ഷപൂര്‍ജി ഗ്രൂപ്പാണ് ഒമാന്‍ സുല്‍ത്താന്റെ കൊട്ടാരം നിര്‍മിച്ചത്. ഇന്ത്യയിലെ ഏറ്റവും വലിയ ‘ബജറ്റ് വീട്’ പദ്ധതികളിലൊന്നിന്റെ നിര്‍മാണവും ഗ്രൂപ്പിന് കീഴില്‍ നടക്കുന്നുണ്ട്.

ബ്ലൂംബര്‍ഗ് ശതകോടീശ്വര സൂചിക അനുസരിച്ച് ഏകദേശം 18.4 ബില്ല്യണ്‍ ഡോളറിന്റെ സമ്പത്താണ് പല്ലോഞ്ചി മിസ്ട്രിക്കുള്ളത്. ടാറ്റ ഗ്രൂപ്പിനെ നിയന്ത്രിക്കുന്ന കമ്പനിയിലെ ഓഹരികളാണ് അദ്ദേഹത്തിന്റെ പ്രധാന സാമ്പത്തിക സ്രോതസ്സ്.

പല്ലോഞ്ചി മിസ്ട്രിയുടെ മകന്‍ സിറസ് നേരത്തെ ടാറ്റ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ സ്ഥാനം വഹിച്ചിരുന്നു. 2016ല്‍ സിറസ് മിസ്ട്രിയെ ബോര്‍ഡ് പുറത്താക്കുകയായിരുന്നു. മുംബൈയിലെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കെട്ടിടങ്ങളും താജ് മഹല്‍ പാലസ് ഹോട്ടലിന്റെ ടവര്‍ വിംഗും ഉള്‍പ്പടെ പ്രശസ്തമായ നിരവധി പദ്ധതികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട് 1865ല്‍ സ്ഥാപിതമായ ഷപൂര്‍ജി പല്ലോഞ്ചി ഗ്രൂപ്പ്.

Comments

comments

Categories: Business & Economy