മന്‍ കി ബാത്ത് 50-ാം എഡിഷനിലേക്ക്

മന്‍ കി ബാത്ത് 50-ാം എഡിഷനിലേക്ക്

ന്യൂഡെല്‍ഹി: നവംബര്‍ 25 ന് രാവിലെ 11 മണിക്ക് ഓള്‍ ഇന്ത്യ റേഡിയോയിലൂടെ സംപ്രേഷണം ചെയ്യുന്ന മന്‍കി ബാത്തിന്റെ 50-ാം എഡിഷനില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെയും വിദേശത്തുള്ള ഇന്ത്യക്കാരെയും അഭിസംബോധന ചെയ്യും. അദ്ദേഹത്തിന്റെ ചിന്തകളും കാഴ്ചപ്പാടുകളും പങ്കുവെക്കുന്ന പ്രതിമാസ പരിപാടിയിലൂടെ സുപ്രധാന വിഷയങ്ങളും സവിശേഷ വ്യക്തിത്വങ്ങളും പരാമര്‍ശിക്കപ്പെടാറുണ്ട്.

പ്രതിരോധമരുന്ന് ഉപയോഗിച്ച് തടയാവുന്ന രോഗങ്ങള്‍ക്കെതിരെ സമ്പൂര്‍ണപ്രതിരോധം എല്ലാ കുട്ടികള്‍ക്കും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം ആരംഭിച്ച ഇന്ദ്രധനുഷ് ദൗത്യത്തെ സംബന്ധിച്ച് അദ്ദേഹത്തിന്റെ ആശയങ്ങള്‍ കഴിഞ്ഞവര്‍ഷം ഒക്‌റ്റോബറില്‍ പങ്കുവെച്ചിരുന്നു.

190 ഓളം ജില്ലകളില്‍ പൂര്‍ണമായി ഇന്ദ്രധനുഷ് ദൗത്യം നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം അഡീഷണല്‍ സെക്രട്ടറി മനോജ് ജലാനി ഓള്‍ ഇന്ത്യ റേഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഈ വര്‍ഷം ഡിസംബറോടുകൂടി ഇന്ത്യയിലെ 90 ശതമാനം കുട്ടികളിലും സമ്പൂര്‍ണ രോഗപ്രതിരോധം നടപ്പിലാക്കാനാണ് ഇന്ദ്രധനുഷ് പദ്ധതിയുടെ ലക്ഷ്യം.

ഓള്‍ ഇന്ത്യ റേഡിയോ കൂടാതെ ദൂരദര്‍ശനിലും പ്രധാനമന്ത്രിയുടെ ഓഫിസിന്റെ യൂട്യൂബ് ചാനലിലും മന്‍ കി ബാത്തിന്റെ സംപ്രേഷണമുണ്ടാകും. ഹിന്ദിയില്‍ സംപ്രേഷണം ചെയ്തു കഴിഞ്ഞാല്‍ പ്രാദേശിക ഭാഷകളില്‍ വൈകിട്ട് എട്ട് മണിക്ക് സംപ്രേഷണമുണ്ടാകും.

Comments

comments

Categories: Current Affairs, Slider