കാര്‍ലോസ് ഘോണിനെതിരായ തെളിവുകള്‍ കൈമാറണമെന്ന് റെനോ

കാര്‍ലോസ് ഘോണിനെതിരായ തെളിവുകള്‍ കൈമാറണമെന്ന് റെനോ

പാരിസ് : കാര്‍ലോസ് ഘോണിനെതിരായ തെളിവുകള്‍ കൈമാറണമെന്ന് റെനോ ഡയറക്റ്റര്‍ ബോര്‍ഡ് സഖ്യ പങ്കാളിയായ നിസാന്‍ മുമ്പാകെ ആവശ്യപ്പെട്ടു. നിസാന്‍ മോട്ടോര്‍ കമ്പനിയുടെ ചെയര്‍മാനായ കാര്‍ലോസ് ഘോണ്‍ ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോയുടെ ചെയര്‍മാനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമാണ്. സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന ആരോപണങ്ങളെതുടര്‍ന്ന് കാര്‍ലോസ് ഘോണിനെ ദിവസങ്ങള്‍ക്കുമുമ്പ് ജപ്പാനില്‍ അറസ്റ്റ് ചെയ്തിരുന്നു. അതേസമയം കാര്‍ലോസ് ഘോണ്‍ തന്റെ പദവികള്‍ ഒഴിയണമെന്ന് റെനോ ആവശ്യപ്പെട്ടില്ല. ജാപ്പനീസ് കമ്പനി നടത്തിയ ആഭ്യന്തര അന്വേഷണത്തിന്റെ വിവരങ്ങള്‍ പങ്കുവെയ്ക്കണമെന്നാണ് റെനോ ഡയറക്റ്റര്‍ ബോര്‍ഡ് ആവശ്യമുന്നയിച്ചിരിക്കുന്നത്.

കാര്‍ലോസ് ഘോണിന്റെ അറസ്റ്റിനെതുടര്‍ന്ന് തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിന് ഫ്രഞ്ച് കമ്പനിയുടെ ഡയറക്റ്റര്‍ ബോര്‍ഡ് കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നിരുന്നു. ഘോണിനെ എല്ലാ സ്ഥാനങ്ങളില്‍നിന്നും നീക്കുമെന്നാണ് പരക്കെ പ്രതീക്ഷിച്ചിരുന്നത്. റെനോയില്‍ ഓഹരി പങ്കാളിത്തമുള്ള ഫ്രഞ്ച് സര്‍ക്കാറില്‍നിന്ന് ഡയറക്റ്റര്‍ ബോര്‍ഡ് സമ്മര്‍ദ്ദം നേരിട്ട സാഹചര്യത്തില്‍ പ്രത്യേകിച്ചും. എന്നാല്‍ കാര്‍ലോസ് ഘോണിനെ നീക്കുന്നതിന് പകരം താല്‍ക്കാലിക നടപടികള്‍ സ്വീകരിക്കുകയാണ് റെനോ ബോര്‍ഡ് ചെയ്തത്.

റെനോയുടെ ലീഡ് ഇന്‍ഡിപെന്‍ഡന്റ് ഡയറക്റ്റര്‍ ഫിലിപ്പ് ലഗായെറ്റിന്റെ അദ്ധ്യക്ഷതയിലാണ് ബോര്‍ഡ് യോഗം ചേര്‍ന്നത്. റെനോ ഗ്രൂപ്പിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനും ഭരണപരമായ നടപടികള്‍ കൈക്കൊണ്ടു എന്ന പ്രസ്താവനയാണ് യോഗശേഷം പുറത്തുവിട്ടത്. ബോര്‍ഡ് യോഗങ്ങളില്‍ ലഗായെറ്റ് തുടര്‍ന്നും അദ്ധ്യക്ഷത വഹിക്കും. അതേസമയം റെനോ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ തിയറി ബോളോറിനെ ഡെപ്യൂട്ടി സിഇഒ ആയി നിയമിച്ചു. കമ്പനിയുടെ ദൈനംദിന മാനേജ്‌മെന്റ് അദ്ദേഹം നോക്കിനടത്തും. കാര്‍ലോസ് ഘോണിന്റെ അതേ അധികാരങ്ങള്‍ ഇദ്ദേഹത്തിന് ഉണ്ടായിരിക്കും.

Comments

comments

Categories: Auto
Tags: Carlos Ghosn