എംപിവി സെഗ്‌മെന്റില്‍ ആധിപത്യം തുടരാന്‍ പുതിയ എര്‍ട്ടിഗ

എംപിവി സെഗ്‌മെന്റില്‍ ആധിപത്യം തുടരാന്‍ പുതിയ എര്‍ട്ടിഗ

രണ്ടാം തലമുറ മാരുതി സുസുകി എര്‍ട്ടിഗ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളില്‍ 2018 മോഡല്‍ എര്‍ട്ടിഗ ലഭിക്കും. പെട്രോള്‍ വകഭേദത്തിന് ഓട്ടോമാറ്റിക്, മാന്വല്‍ ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ഉണ്ടായിരിക്കും. എന്നാല്‍ ഡീസല്‍ എന്‍ജിനില്‍ വരുന്ന എര്‍ട്ടിഗയില്‍ 5 സ്പീഡ് മാന്വല്‍ എന്ന ഗിയര്‍ബോക്‌സ് ഓപ്ഷന്‍ മാത്രമേ ലഭിക്കൂ. 7 സീറ്റ് മള്‍ട്ടി പര്‍പ്പസ് വാഹനമാണ് മാരുതി സുസുകി എര്‍ട്ടിഗ. പുതിയ ഡിസൈന്‍ ഭാഷയിലാണ് രണ്ടാം തലമുറ മാരുതി സുസുകി എര്‍ട്ടിഗ വരുന്നത്. മുന്‍ തലമുറ എര്‍ട്ടിഗയുമായി താരതമ്യം ചെയ്യുമ്പോള്‍ പുതിയ എര്‍ട്ടിഗ കൂടുതല്‍ സുന്ദരനായിരിക്കുന്നു. കാണാന്‍ കൊള്ളാവുന്ന, നല്ല ചന്തമുള്ള എംപിവി. 7.44 ലക്ഷം മുതല്‍ 9.50 ലക്ഷം രൂപ വരെയാണ് പെട്രോള്‍-മാന്വല്‍ മോഡലുകളുടെ വില. പെട്രോള്‍-ഓട്ടോമാറ്റിക് എര്‍ട്ടിഗയുടെ വില 9.18 ലക്ഷം മുതല്‍ 9.95 ലക്ഷം രൂപ വരെ. 8.84 ലക്ഷം മുതല്‍ 10.90 ലക്ഷം രൂപ വരെയാണ് ഡീസല്‍ മോഡലുകളുടെ വില. എല്ലാം ഡെല്‍ഹി എക്‌സ് ഷോറൂം വില.

പുതിയ എര്‍ട്ടിഗയില്‍ പ്രൊജക്റ്റര്‍ ലെന്‍സുകള്‍ സഹിതമാണ് ഹെഡ്‌ലാംപുകള്‍. ബൂമറാംഗ് ആകൃതിയിലുള്ള എല്‍ഇഡി ടെയ്ല്‍ലാംപുകള്‍ വോള്‍വോയില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണെന്ന് തോന്നുന്നു. ടോപ് സ്‌പെക് മോഡലുകളില്‍ 15 ഇഞ്ച് അലോയ് വീലുകള്‍ തുടര്‍ന്നും ലഭിക്കും. എന്നാല്‍ വിഎക്‌സ്‌ഐ, എല്‍എക്‌സ്‌ഐ എന്നീ താഴ്ന്ന വേരിയന്റുകളില്‍ 15 ഇഞ്ച് സ്റ്റീല്‍ വീലുകള്‍ തുടര്‍ന്നും കാണാം. എല്‍എക്‌സ്‌ഐ വേരിയന്റില്‍ വീല്‍ക്യാപ്പുകള്‍ ഉണ്ടായിരിക്കില്ല. വിന്‍ഡ്ഷീല്‍ഡ്, റിയര്‍, സൈഡ് വിന്‍ഡോകളും പില്ലറുകളും റൂഫും ഉള്‍പ്പെടുന്ന ഗ്രീന്‍ഹൗസിന്റെ രൂപകല്‍പ്പന പുതിയതാണ്. ടൊയോട്ട ഇന്നോവ ക്രിസ്റ്റയില്‍നിന്നാണോ പ്രചോദനം ഉള്‍ക്കൊണ്ടതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

മുന്‍ഗാമിയുടെ താരതമ്യം ചെയ്യുമ്പോള്‍ പുതിയ എര്‍ട്ടിഗ വലിയ കാറാണ്. നീളവും വീതിയും വര്‍ധിച്ചു. അതുകൊണ്ടുതന്നെ സുഖമായി യാത്ര ചെയ്യുന്നതിനും ലഗേജ് സൂക്ഷിക്കുന്നതിനും ഇന്റീരിയറില്‍ കൂടുതല്‍ സ്ഥലസൗകര്യം ലഭിക്കും. 209 ലിറ്ററാണ് എംപിവിയുടെ ബൂട്ട് ശേഷി. ടോപ് സ്‌പെക് മോഡലുകളില്‍ ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ സഹിതം ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം നല്‍കിയിരിക്കുന്നു. മൂന്നാം നിര യാത്രക്കാര്‍ക്കായി റൂഫിലാണ് എസി വെന്റുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഡാഷ്‌ബോര്‍ഡ്, സ്റ്റിയറിംഗ് വീല്‍ എന്നിവയില്‍ വുഡന്‍ ഇന്‍സെര്‍ട്ടുകള്‍ കാണാം. ആദ്യ തലമുറ എര്‍ട്ടിഗയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് ഇന്റീരിയറിന് കൂടൂതല്‍ പ്രീമിയം ലുക്ക് സമ്മാനിക്കുന്നു.

നിലവിലെ അതേ എന്‍ജിനാണ് പുതിയ എര്‍ട്ടിഗയുടെ ഡീസല്‍ വേര്‍ഷന്‍ ഉപയോഗിക്കുന്നത്. 1.3 ലിറ്റര്‍ ഡിഡിഐഎസ് 200 എന്‍ജിന്‍ 89 ബിഎച്ച്പി പരമാവധി കരുത്തും 200 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് എന്‍ജിനുമായി ചേര്‍ത്തുവെച്ചു. പുതിയ സിയാസില്‍ അരങ്ങേറ്റം കുറിച്ച പുതിയ 1.5 ലിറ്റര്‍ കെ15 മോട്ടോറാണ് പുതിയ എര്‍ട്ടിഗയുടെ പെട്രോള്‍ വേര്‍ഷനില്‍ നല്‍കിയിരിക്കുന്നത്. ഈ എന്‍ജിന്‍ 103 ബിഎച്ച്പി പരമാവധി കരുത്തും 138 എന്‍എം പരമാവധി ടോര്‍ക്കും പുറപ്പെടുവിക്കും. 5 സ്പീഡ് മാന്വല്‍, 4 സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍. പെട്രോള്‍, ഡീസല്‍ വേര്‍ഷനുകളില്‍ എസ്എച്ച്‌വിഎസ് മൈല്‍ഡ് ഹൈബ്രിഡ് സിസ്റ്റം നല്‍കി. പെട്രോള്‍-മാന്വലിന് 19.34 കിലോമീറ്ററും പെട്രോള്‍-ഓട്ടോമാറ്റിക്കിന് 18.69 കിലോമീറ്ററും ഡീസല്‍ മോഡലുകള്‍ക്ക് 25.47 കിലോമീറ്ററുമാണ് ഇന്ധനക്ഷമത. പുതിയ എര്‍ട്ടിഗയില്‍ സിഎന്‍ജി ഓപ്ഷന്‍ തല്‍ക്കാലം ലഭിക്കില്ല. എന്നാല്‍ അധികം വൈകാതെ നല്‍കുമെന്ന് പ്രതീക്ഷിക്കാം.

Comments

comments

Categories: Auto