കൂടുതല്‍ നിക്ഷേപകരുമായി ചര്‍ച്ചകള്‍ നടത്തി ജെറ്റ് എയര്‍വേസ്

കൂടുതല്‍ നിക്ഷേപകരുമായി ചര്‍ച്ചകള്‍ നടത്തി ജെറ്റ് എയര്‍വേസ്

മുംബൈ: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വിമാന കമ്പനി ജെറ്റ് എയര്‍വേസ് രക്ഷപ്പെടാനായി വിവിധ വഴികള്‍ തേടുകയാണ്. ഇതിന്റെ ഭാഗമായി ജെറ്റിനെ ഏറ്റെടുക്കാന്‍ ഇന്ത്യയിലെ പ്രമുഖ ബിസിന് ഗ്രൂപ്പായ ടാറ്റ സണ്‍സ് മുന്നോട്ടുവന്നിരുന്നു. ഇതിനു പിന്നാലെ കമ്പനിയിലേക്ക് സുസ്ഥിര നിക്ഷേപം നേടിയെടുക്കുന്നതിനായി മറ്റ് പല നിക്ഷേപകരുമായും ചര്‍ച്ച നടത്തിവരികയാണെന്ന് ജെറ്റ് എയര്‍വേസ് അധികൃതര്‍ അറിയിച്ചു.

ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വളര്‍ച്ച കൈവരിക്കാനും മുന്നോട്ട്‌പോകാനും സുസ്ഥിര ധനസഹായം ഉറപ്പാക്കുന്നതിനുമായി വിവിധ നിക്ഷേപകരുമായി സജീവ ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് ജെറ്റ് എയര്‍വേസ് ചീഫ് എക്‌സിക്യുട്ടീവ് ഒഫീസര്‍ വിനയ് ദുബെ പറഞ്ഞു. തങ്ങളുടെ ശക്തമായ ബ്രാന്‍ഡിലും സാമ്പത്തികമായി തിരിച്ചുവരവ് നടത്താനുള്ള പദ്ധതിയിലും നിരവധി പേര്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം ഓഹിരി ഉടമകള്‍ക്ക് അയച്ച കത്തില്‍ വ്യക്തമാക്കി.

വിമാനങ്ങളുടെ നെറ്റ്‌വര്‍ക്ക് അവലോകനം ചെയ്തുകൊണ്ടിരിക്കുകയാണ്. കൂടുതല്‍ ലാഭകരവും ഉല്‍പ്പാദനക്ഷമവുമാക്കി കമ്പനിയെ മാറ്റാനുള്ള മാര്‍ഗങ്ങള്‍ തേടുകയാണ്. അതിനായി ലാഭകരമായ മേഖലകളില്‍ മാത്രം സര്‍വീസ് നടത്തിയും പ്രതിസന്ധി പരിഹരിക്കാനുള്ള ആലോചനയിലാണ് ഗ്രൂപ്പ്.

രണ്ട് വിമാനക്കമ്പനികളിലായി ഓഹരി പങ്കാളിത്തമുള്ള ടാറ്റ, ജെറ്റ് എയര്‍വേസിന്റെ ഓഹരികള്‍ കൂടി വാങ്ങാനുള്ള താല്‍പ്പര്യം ഇതിനകം പ്രകടിപ്പിച്ചിട്ടുണ്ട്. ജെറ്റ് ഏറ്റെടുക്കാനുള്ള ശ്രമങ്ങള്‍ ടാറ്റ ഊര്‍ജിതമാക്കിയതായും സൂചനയുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് ഒരു നിര്‍ദേശവും ഔദ്യോഗികമായി മുന്നോട്ടുവെച്ചിട്ടില്ല. ജെറ്റ് എയര്‍വേസിന്റെ ഓഹരികള്‍ വാങ്ങുകയാണെങ്കില്‍ കമ്പനിയുടെ പൂര്‍ണ നിയന്ത്രണം തങ്ങള്‍ക്കു ലഭിക്കണമെന്ന നിലപാടാണ് ടാറ്റ സ്വീകരിച്ചിരിക്കുന്നത്.

കഴിഞ്ഞയാഴ്ചയാണ് ജെറ്റ് എയര്‍വേസിന്റെ രണ്ടാം പാദ ഫലം പുറത്തുവന്നത്. 1,261 കോടി രൂപയാണ് കമ്പനി നഷ്ടം രേഖപ്പെടുത്തിയത്. മുന്‍വര്‍ഷം സെപ്റ്റംബര്‍ 30ന് അവസാനിച്ച പാദത്തില്‍ കമ്പനി 49.63 കോടി രൂപ ലാഭം ഉണ്ടാക്കിയിരുന്നു.

വ്യോമയാന മേഖലയിലെ പ്രതിസന്ധി ജെറ്റിനെയും കാര്യാമയി ബാധിക്കുന്നുണ്ട്. ചെലവുകള്‍ കുറയ്ക്കുന്നതിനുള്ള കമ്പനിയുടെ ശ്രമങ്ങള്‍ ബിസിനസില്‍ പ്രതിഫലിക്കുന്നുണ്ടെന്ന് മാനേജ്‌മെന്റ് പറയുന്നു. ഇത് 2019 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 500 കോടി രൂപ കരുതല്‍ നേടാന്‍ കമ്പനിയെ സഹായിച്ചിട്ടുണ്ട്.

യാത്രക്കാരുടെ ആവശ്യകത നിറവേറ്റാന്‍ മുംബൈ, ഡെല്‍ഹി, ബെംഗളൂരു ഹബുകള്‍ വഴി സിംഗപ്പൂരിലേക്ക് പുതിയ സര്‍വീസുകളും 18ഓളം കൂടുതല്‍ ആഭ്യന്തര, രാജ്യാന്തര സര്‍വീസുകളും കമ്പനി പ്രഖ്യാപിച്ചിരുന്നു. ഡിസംബര്‍ ആദ്യ ആഴ്ചയോടുകൂടി സര്‍വീസുകള്‍ ആരംഭിക്കും. ബാങ്കോക്ക്, കാഠ്മണ്ഡു, സിംഗപ്പൂര്‍, ദോഹ, ദുബായ് എന്നീ ഡെസ്റ്റിനേഷനുകളാണ് കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. കൂടാതെ ആറ് പുതിയ ബോയിംഗ് 737 മാക്‌സ് വിമാനങ്ങള്‍ വാങ്ങാനും ലക്ഷ്യമിടുന്നുണ്ട്.

Comments

comments

Categories: Business & Economy
Tags: Jet Airways