‘എടിഎമ്മുകളില്‍ പകുതിയും മാര്‍ച്ചോടെ പൂട്ടും’

‘എടിഎമ്മുകളില്‍ പകുതിയും മാര്‍ച്ചോടെ പൂട്ടും’

ബെംഗളൂരു: രാജ്യവ്യാപകമായി 1.13 ലക്ഷത്തോളം എടിഎമ്മുകളുടെ പ്രവര്‍ത്തനം 2019 മാര്‍ച്ചോടെ നിര്‍ത്തലാക്കാന്‍ നിര്‍ബന്ധിതരാവുമെന്ന് ആഭ്യന്തര എടിഎം സേവന ദാതാക്കളുടെ സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് എടിഎം ഇന്‍ഡസ്ട്രി (സിഎടിഎംഐ) ചൂണ്ടിക്കാട്ടി. ഒരു ലക്ഷത്തോളം ഓഫ് സൈറ്റ് എടിഎമ്മുകളും 15,000-ത്തിനു മേല്‍ വൈറ്റ് ലേബല്‍ എടിഎമ്മുകളും ഉള്‍പ്പെടെയായിരിക്കും ഇത്. രാജ്യത്ത് ഇപ്പോള്‍ ഏകദേശം 2,38,000 എടിഎമ്മുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നാണ് ഏറ്റവും ഒടുവില്‍ ലഭ്യമായിട്ടുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്.

പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടുപോകുന്നതിലെ ബുദ്ധിമുട്ടു മൂലം നഗര ഇതര കേന്ദ്രങ്ങളിലെ വലിയൊരു പങ്ക് എടിഎമ്മുകളും സേവനം അവസാനിപ്പിച്ചേക്കാം. ഇത് യാഥാര്‍ത്ഥ്യമായാല്‍ ജനങ്ങളെ ബാങ്കിംഗ് സേവനങ്ങളുടെ പരിധിക്കുള്ളില്‍ കൊണ്ടു വരാനുള്ള പദ്ധതികള്‍ തകിടം മറിയും. പ്രധാന്‍ മന്ത്രി ജന്‍ ധന്‍ യോജന പദ്ധതിക്കു കീഴില്‍ തങ്ങളുടെ സബ്‌സിഡികള്‍ എടിഎം വഴി പിന്‍വലിക്കുന്ന ദശലക്ഷക്കണക്കിനു പേര്‍ക്ക് തങ്ങളുടെ അടുത്തുള്ള എടിഎമ്മുകള്‍ അടച്ചു പോയതായി അറിയുന്നത് ഉള്‍ക്കൊള്ളാന്‍ തന്നെ കഴിഞ്ഞേക്കില്ലെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു.

നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് എടിഎമ്മുകളില്‍ പണം ഇല്ലാതിരുന്ന സന്ദര്‍ഭത്തിലുണ്ടായിരുന്നതിനു സമാനമായ നീണ്ട ക്യൂകളും പ്രശ്‌നങ്ങളുമാവും ഇതിന്റെ ഫലമായി ഉണ്ടാകുകയെന്നും സിഎടിഎംഐ മുന്നറിയിപ്പ് നല്‍കുന്നു

Comments

comments

Tags: ATM