കൊടുങ്കാടും കാട്ടുമൃഗങ്ങളും ഒപ്പം ഒരു കാമറയും

കൊടുങ്കാടും കാട്ടുമൃഗങ്ങളും ഒപ്പം ഒരു കാമറയും

വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍, അല്‍പം ചങ്കുറപ്പുള്ളവര്‍ക്ക് മാത്രം സ്വന്തമാക്കാന്‍ കഴിയുന്ന ടൈറ്റിലുകളില്‍ ഒന്ന്. ഫോട്ടോഗ്രാഫിയില്‍ താല്‍പര്യമുള്ള ഏതൊരു വ്യക്തിയുടെയും സ്വപ്‌നങ്ങളില്‍ ഒന്നായ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫിയുടെ അത്യന്തം സാഹസം നിറഞ്ഞ പടവുകള്‍ എളുപ്പത്തില്‍ പിന്നിട്ട വ്യക്തിയാണ് രാധിക രാമസ്വാമി. വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍മാരിലെ ഏക സ്ത്രീ സാന്നിധ്യം. കാമറയും ട്രൈപ്പോഡുമായി രാധിക കയറിയിറങ്ങാത്ത കാടുകളില്ല. സിംഹത്താന്മാരായുടെ കേന്ദ്രമായ ഗീര്‍ വനങ്ങളും വന്യമൃഗ വൈവിധ്യവുമായി നില്‍ക്കുന്ന കാശിരംഗയും എന്നുവേണ്ട, ആകാശത്തിന് കീഴില്‍ വന്യമൃഗങ്ങളും പക്ഷികളും പാര്‍ക്കുന്ന ഏത് ഉള്‍വനവും രാധികക്ക് ഒരു പോലെയാണ്. സാധാരണക്കാര്‍ക്ക് അപ്രാപ്യമായ വനത്തിന്റെ മനോഹരങ്ങളായ കാഴ്ചകള്‍ ജനങ്ങളിലേക്ക് എത്തിക്കുന്ന അത്ര ത്രില്ലുള്ള വേറെ ഏത് ജോലിയുണ്ടെന്നാണ് രാധികയുടെ ചോദ്യം !

 

പരിണാമസിദ്ധാന്തത്തില്‍ വിശ്വസിക്കുന്ന വ്യക്തിയാണ് രാധിക രാമസ്വാമി. തേനി സ്വദേശിയായ രാധിക എന്ന യുവതി ഇന്ത്യയിലെ മുന്‍നിര വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍മാരില്‍ ഒരാളായി മാറിയതിനു പിന്നിലെ പ്രധാന കാരണങ്ങളില്‍ ഒന്നും ഇത് തന്നെയാണ്. ഒരുകാലത്ത് മനുഷ്യര്‍ കാടിന്റെ സന്തതികളായിരുന്നു, കുരങ്ങന്മാരില്‍ നിന്നും രൂപാന്തരീകരണം സംഭവിച്ചാണ് മനുഷ്യര്‍ എന്ന ഗണം രൂപപ്പെട്ടത് തന്നെ. അങ്ങനെയെങ്കില്‍, മനുഷ്യരുടെ ആദിമഗൃഹമായ കാടിനേയും കാടിന്റെ സന്തതികളെയും എന്തിന് ഭയക്കണം? വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫിയിലേക്കുള്ള രാധികയുടെ പ്രയാണത്തിന് തുടക്കം കുറിച്ചത് ഈ ചിന്തയായിരുന്നു. കാടിനേയും വന്യമൃഗങ്ങളെയും അടുത്തറിയാനുള്ള ആഗ്രഹം വളരെ ചെറുപ്പം മുതല്‍ക്കേ രാധികയുടെ മനസ്സിലുണ്ടായിരുന്നു. രാധിക വളരുന്നതിനനുസരിച്ച് ആ ആഗ്രഹവും വളര്‍ന്നു. അച്ഛന്റെ കയ്യിലുണ്ടായിരുന്ന ഫിലിം ഇടുന്ന പഴയൊരു കാമറയില്‍ ചിത്രങ്ങള്‍ എടുത്തുകൊണ്ട് തുടങ്ങിയതാണ് രാധിക രാമസ്വാമിയുടെ ഫോട്ടോഗ്രാഫി കരിയര്‍. പിന്നീട്, ഹോബി എന്ന തലം വിട്ട് അതൊരു പ്രൊഫഷനായി മാറുകയായിരുന്നു.

ഫോട്ടോഗ്രാഫിയില്‍ ഉള്ള രാധികയുടെ താല്‍പര്യം വളരെ ചെറുപ്പത്തില്‍ തന്നെ വീട്ടുകാര്‍ മനസിലാക്കിയിരുന്നുവെങ്കിലും പഠനത്തിന് മുന്‍ഗണനകൊടുക്കണം എന്ന നിര്‍ബന്ധം മാതാപിതാക്കള്‍ക്കുണ്ടായിരുന്നു. ഇത് പ്രകാരം കമ്പ്യൂട്ടര്‍ എന്‍ജിനീയറിംഗില്‍ രാധിക ബിരുദം നേടി. തുടര്‍ന്ന് ഒരു നല്ല ജോലി നേടി ഫോട്ടോഗ്രാഫിയെ ഒരു വിനോദമാക്കി കൂടെ കൊണ്ടുപോകാനായിരുന്നു വീട്ടുകാര്‍ നല്‍കിയ ഉപദേശം. എന്നാല്‍ രാധിക അതിന് തയ്യാറായിരുന്നില്ല. ലക്ഷങ്ങള്‍ വരുമാനം ലഭിക്കുന്ന ജോലിയില്‍ സന്തോഷം കണ്ടെത്താന്‍ രാധികയ്ക്ക് സാധിച്ചില്ല. മനസ്സില്‍ നിറയെ കാട് എന്ന കാന്‍വാസും കാമറയും മാത്രമായിരുന്നു. തമിഴ്‌നാട്ടിലെ തേനി ജില്ലയിലെ പ്രകൃതി ഭംഗി കണ്ടു വളര്‍ന്ന രാധികയ്ക്ക് എന്നും പ്രിയം പ്രകൃതി തന്നെയായിരുന്നു.പിന്നെ അധികം വൈകിച്ചില്ല തന്റെ ആഗ്രഹം വീട്ടുകാരോട് തുറന്നു പറഞ്ഞു. വിവാഹശേഷം ഇഷടാനുസരണം ചെയ്‌തോളൂ എന്നാണ് വീട്ടുകാര്‍ മറുപടി പറഞ്ഞത്.

പൂര്‍ണപിന്തുണയുമായെത്തിയ ഭര്‍ത്താവ്

താമസിയാതെ രാധികയുടെ വിവാഹമുറപ്പിച്ചു. വിവാഹം കഴിഞ്ഞ രാധിക ഡല്‍ഹിയിലേക്ക് ചേക്കേറി. ഫോട്ടോഗ്രാഫിയില്‍ ഏറെ താല്‍പര്യമുള്ള വ്യക്തിയായിരുന്നു ഭര്‍ത്താവ് രാമസ്വാമി. എന്നാല്‍ ജോലിത്തിരക്കുകള്‍ക്കിടയില്‍ തന്റെ ഹോബി മുന്നോട്ട് കൊണ്ട് പോകാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. അതിനാല്‍ അദ്ദേഹം തന്റെ പൂര്‍ണ പിന്തുണ രാധികക്ക് നല്‍കി. 2000 മുതല്‍ മനസ്സില്‍ സൂക്ഷിച്ച വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫി എന്ന ആഗ്രഹം പൂര്‍ത്തീകരിക്കപ്പെടുന്നത് 2004 ലാണ്. 2004ല്‍ രാജസ്ഥാനിലേക്ക് കുടുംബസമേതം നടത്തിയ ഒരു വിനോദയാത്രയാണ് ഇതിനു കാരണമായത്. ചിത്രങ്ങള്‍ പകര്‍ത്തുവാനായി കൈയ്യില്‍ കരുതിയ രാധികയുടെ കാമറയില്‍ ഭാരത്പൂര്‍ പക്ഷിസങ്കേതത്തിലെ പക്ഷികളുടെ ചിത്രങ്ങള്‍ നിരവധി തവണ പതിഞ്ഞു.

ഈ ചിത്രങ്ങളിലെ അസാമാന്യ പ്രൊഫഷണലിസം മനസിലാക്കിയ ഭര്‍ത്താവ് വൈല്‍ഡ്‌ലൈഫ് ഫോട്ടോഗ്രാഫിയില്‍ രാധികക്ക് മികച്ച ഭാവിയുണ്ടെന്ന് തീര്‍ത്ത് പറഞ്ഞു. തുടര്‍ന്ന് അദ്ദേഹം തന്നെയാണ് പ്രൊഫഷണല്‍ കാമറയും ട്രൈപ്പോഡുമൊക്കെയായി രാധികയെ ചിത്രങ്ങള്‍ തേടി കാടുകയറുന്നതിന് സജ്ജയാക്കിയതും. പ്രൊഫഷണല്‍ ട്രൈനിംഗ് ലഭിക്കാത്തതിനാല്‍ തന്നെ തുടക്കം ഏറെ ശ്രമകരമായിരുന്നു. എന്നാല്‍ ഇച്ഛാശക്തികൊണ്ട് എല്ലാ പ്രതിബന്ധങ്ങളെയും മറികടക്കുകയായിരുന്നു രാധിക രാമസ്വാമി. ജോലിയും ഫോട്ടോഗ്രാഫിയും ഒരുമിച്ച് കൊണ്ടുപോകാന്‍ ബുദ്ധിമുട്ടാണ് എന്ന് മനസിലാക്കിയപ്പോള്‍ ജോലി രാജിവെക്കാന്‍ തീരുമാനിച്ചു. എന്നാല്‍ ഈ തീരുമാനം വീട്ടില്‍ ഏറെ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കി. കുടുംബാംഗങ്ങളില്‍ പലരും എതിര്‍പ്പുമായി മുന്നോട്ട് വന്നു. എന്നാല്‍ രാധികയെ താങ്ങി നിര്‍ത്താന്‍ ഭര്‍ത്താവിന്റെ പൂര്‍ണ പിന്തുണയുണ്ടായിരുന്നു.

ഒരു മനോഹരമായ ക്ലിക്കിനു ശ്രദ്ധനാണ് പ്രധാനം, അതില്‍ സ്ത്രീ പുരുഷ വ്യത്യാസമില്ല എന്ന തിരിച്ചറിവിലൂടെ ദൂരെ നിന്നുമാത്രം കണ്ടിട്ടുള്ളതും പറഞ്ഞു മാത്രം കേട്ടിട്ടുള്ളതുമായ കാടിനെ അടുത്തറിയുന്നതിനായി രാധിക രാമസ്വാമി പുറപ്പെട്ടു. 2004 ല്‍ തുടങ്ങിയ ആ യാത്ര 14 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ഇന്ത്യയിലെ ആദ്യ വനിതാ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ എന്ന പദവി രാധിക രാമസ്വാമിക്ക് സ്വന്തം. കുട്ടിക്കാലം മുതല്‍ക്കെ പെരിയാര്‍ കടുവാ സങ്കേതവും പ്രകൃതി സുന്ദരമായ കാടുകളും കണ്ടും കേട്ടും വളര്‍ന്ന തേനിയിലെ ആ പെണ്‍കുട്ടി കയറിയിറങ്ങാത്ത കാടുകളില്ല ഇന്ത്യയില്‍. വന്യമൃഗങ്ങളുടെ ചിത്രമെടുക്കാന്‍ മൃഗശാലകളില്‍ പോകുന്നതില്‍ അര്‍ത്ഥമില്ല, അവയുടെ യഥാര്‍ത്ഥ ചിത്രങ്ങള്‍ തനത് ആവാസവ്യവസ്ഥയില്‍ നിന്നും എടുക്കണം എന്ന ചിന്തയായിരുന്നു രാധികയുടെ ഓരോ യാത്രക്ക് പിന്നിലും.

ഓരോ യാത്രയും ഓരോ അനുഭവങ്ങള്‍

കാട് എന്നും അപകടവും ജിജ്ഞാസയും നിറഞ്ഞ ഒന്നാണ് എന്ന ചിന്ത മനസ്സില്‍ സൂക്ഷിച്ചുകൊണ്ട് തന്നെയാണ് ഓരോ ക്ലിക്കിനു വേണ്ടിയും രാധിക കാത്തിരിക്കുന്നത്. സിംഹവും പുളിയും കരടിയും ആനകളും പലപ്പോഴും മുഖാമുഖം വന്നിട്ടുള്ള സന്ദര്‍ഭങ്ങള്‍ നിരവധി. എന്നാല്‍ അപ്പോഴെല്ലാം അവരെ പ്രകോപിപ്പിക്കാതെ പെരുമാറിയാല്‍ അപകടങ്ങള്‍ ഒഴിവായി. വന്യ മൃഗങ്ങളില്‍ കരടിയും ആനകളുമാണ് ഏറ്റവും അപകടകാരികള്‍. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലെ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫി ജീവിതത്തിനിടയില്‍ രാധിക രാമസ്വാമി മൃഗങ്ങളുടെ സ്വഭാവത്തെ പറ്റി മനസിലാക്കിയെടുത്തത് നിരവധിക്കാര്യങ്ങളാണ്. രാധിക ഇതുവരെ സഞ്ചരിച്ചിട്ടുള്ള കാടുകളില്‍ മായാത്ത ഓര്‍മയായി നില്‍ക്കുന്നത് 2005 ല്‍ ജിം കോര്‍ബറ്റ് ദേശീയോദ്യാനത്തിലേക്ക് നടത്തിയ യാത്രയാണ്. യാത്രക്കിടയില്‍ മുന്നില്‍ വന്നുപെട്ടത് ഒരു ഒറ്റയാനായിരുന്നു. ആന ആക്രമിക്കാനായി വന്നില്ല എങ്കിലും വാഹനത്തിന്റെ അടുത്തായി നിലയുറപ്പിച്ചത് മറക്കാനാവാത്ത അനുഭവമാണ് രാധികക്ക് സമ്മാനിച്ചത്. ആന സ്വമേധയാ പോകുന്നത് വരെ വാഹനത്തിനുള്ളില്‍ തന്നെ കഴിച്ചുകൂട്ടേണ്ടതായി വന്നു.

പ്രകൃതിയെ വീടുപോലെ കാണുന്ന വ്യക്തിക്ക് മാത്രമേ കാടിന്റെ സ്പന്ദനം അറിഞ്ഞ് ചിത്രങ്ങള്‍ എടുക്കാന്‍ സാധിക്കുകയുള്ളു എന്ന പക്ഷക്കാരിയാണ് രാധിക രാമസ്വാമി. താന്‍ എടുക്കുന്ന ഓരോ ചിത്രത്തിലും സ്വാഭാവികതയോടെ ഒരു കഥ പറയാനുണ്ടാകും രാധികക്ക്. ആഗ്രഹിച്ച പോലെ ഒരു ചിത്രം ലഭിക്കുന്നതിനായി ഉള്‍ക്കാടുകളില്‍ മണിക്കൂറുകളോളം ഭക്ഷണമോ വെള്ളമോ ഇല്ലാതെ കഴിഞ്ഞുകൂടേണ്ടി വന്നിട്ടുണ്ട് രാധികക്ക്. എന്നാല്‍ എല്ലാത്തിനുമൊടുവില്‍ ലഭിക്കുന്ന ആ ചിത്രം എല്ലാ യാതനകളെയും മറികടക്കാന്‍ പ്രാപ്തമാണ്. വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ എന്ന നിലയില്‍ വളരെ വേഗത്തില്‍ തന്നെ രാധിക രാമസ്വാമിക്ക് അംഗീകാരം ലഭിച്ചു. എടുക്കുന്ന ചിത്രങ്ങള്‍ പതിനായിരങ്ങള്‍ മുടക്കിയാണ് ആളുകള്‍ വാങ്ങിയത്. ഇതോടൊപ്പം എക്‌സിബിഷനുകളും വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫി സെമിനാറുകളും നടത്തി രാധിക ഫോട്ടോഗ്രാഫി ഇന്‍ഡസ്ട്രിയില്‍ തന്റെ സ്ഥാനം ഉറപ്പിച്ചുകൊണ്ടിരുന്നു.

കാട് എന്നാല്‍ പരിവനമായ ഇടം

കാട് എന്നാല്‍ ഭൂമിയിലെ ജീവന്റെ നിലനില്‍പ്പാണ് എന്നാണ് രാധിക രാമസ്വാമി പറയുന്നത്. അതിനാല്‍ കാട്ടിലേക്കുള്ള ഓരോ യാത്രയും അത്രയേറെ ശ്രദ്ധയോടെ ചെയ്യേണ്ടതാണ്. ഓരോ കാടിന്റെയും 30 ശഅതിനു ശേഷം പ്രവേശനമുളളത്. കാടിന്റെ സ്വാഭാവികത നഷ്ടപ്പെടുത്താതിരിക്കുന്നതിനും വന്യമൃഗങ്ങളെ ശല്യം ചെയ്യാതിരിക്കുന്നതിനും വേണ്ടിയാണ് ഈ നിയന്ത്രണങ്ങള്‍. ഈ നിയമങ്ങള്‍ പാലിച്ചുകൊണ്ട് മാത്രമാണ് രാധിക ഫോട്ടോകള്‍ക്കായി കാടുകളെ സമീപിക്കുന്നത്. മൃഗങ്ങളേക്കാള്‍ കാമറയ്ക്ക് പിടി നല്‍കാന്‍ മടിക്കുന്ന പക്ഷികളെ കാമറയില്‍ കുടുക്കാനാണ് രാധിക ശ്രമിക്കാറ്. രാധിക രാമസ്വാമിക്ക് അക്കാര്യത്തില്‍ പൂര്‍ണ വിജയം നേടാനും കഴിഞ്ഞിട്ടുണ്ട്. വന്യജീവി ഫോട്ടോഗ്രഫിയിലുള്ള രാധികയുടെ സംഭാവനകള്‍ മാനിച്ച് രാധിക നിരവധി ദേശീയ അന്തര്‍ദേശീയ പുരസ്‌കാരങ്ങളും തേടിയെത്തിക്കഴിഞ്ഞു.

ടഡോബ കടുവ സംരക്ഷണ കേന്ദ്രം, ജിം കോര്‍ബേറ്റ് എന്നിവയാണ് രാധികയുടെ പ്രിയപ്പെട്ട കേന്ദ്രങ്ങള്‍.മൃഗങ്ങളുടെ കൂട്ടത്തില്‍ കടുവകളുടെ ചിത്രങ്ങളെടുക്കാനാണ് ഏറ്റവും കൂടുതല്‍ താല്‍പര്യം. എന്നാല്‍ മനോഹരമായ ഒരു ചിത്രത്തിന് വേണ്ടി മരത്തിന്റെ മുകളിലും കുന്നിന്റെ മുകളിലുമൊക്കെയായി മണിക്കൂറുകള്‍ കാത്തിരിക്കേണ്ടതായി വരാറുണ്ട് രാധികക്ക്. ഇന്ത്യയില്‍ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫിക്ക് സാധ്യതകള്‍ ഏറെയാണ് എങ്കിലും ഇവിടെ ഈ മേഖലയിലേക്ക് വരുന്നവര്‍ വളരെ കുറവാണ് എന്നാണ് രാധികയുടെ പക്ഷം. അതിനാല്‍ തന്നെ ലഭിക്കുന്ന ഓരോ അവസരവും ഉപയോഗപ്പെടുത്തി വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫി സെമിനാറുകളും വര്‍ക്ക്‌ഷോപ്പുകളും രാധിക സംഘടിപ്പിക്കുന്നു. തന്നെ പോലെ ഒട്ടേറെ പ്രകൃതി സ്‌നേഹികളായ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍മാര്‍ ഇന്ത്യയില്‍ ഉണ്ടാകണം എന്നാണ് രാധികയുടെ ആഗ്രഹം.ഇതിനായുള്ള ശ്രമങ്ങളിലാണ് ഇന്ത്യയിലെ ആദ്യത്തെ വനിതാ വന്യജീവി ഫോട്ടോഗ്രാഫര്‍ !

 

Comments

comments

Categories: FK Special, Slider