ലോകത്തിനൊപ്പം ഇന്ത്യയും എല്‍ഇഡി വിപ്ലവത്തിലേക്ക്

ലോകത്തിനൊപ്പം ഇന്ത്യയും എല്‍ഇഡി വിപ്ലവത്തിലേക്ക്

ലൈറ്റിംഗ് മേഖലയില്‍ ജനകീയ എല്‍ഇഡി വിപ്ലവം ആരംഭിച്ചിട്ട് കുറഞ്ഞ കാലത്തിനുള്ളില്‍ തന്നെ ഗുണഫലങ്ങള്‍ കാണാനാരംഭിച്ചിരിക്കുന്നു. ഊര്‍ജോപഭോഗം കുറക്കാനും അന്തരീക്ഷ മലിനീകരണം ഒഴിവാക്കാനും പ്രകൃതി സൗഹൃദ ലൈറ്റുകളായ എല്‍ഇഡികള്‍ക്ക് സാധിച്ചിരിക്കുന്നു. ഇന്ത്യയില്‍ പ്രതിവര്‍ഷം 24.66 ശതമാനം നിരക്കിലാണ് എല്‍ഇഡി മേഖല വളരുന്നത്. ഉജാല പദ്ധതിയിലൂടെ സര്‍ക്കാരും മികച്ച പ്രോത്സാഹനം നല്‍കുന്നു. 2022 ആവുമ്പോഴേക്കും 3,758.74 ദശലക്ഷം ഡോളറിലേക്ക് ഇന്ത്യയുടെ എല്‍ഇഡി വ്യവസായം വളരുമെന്നാണ് കണക്കുകള്‍. വന്‍തോതില്‍ തൊഴില്‍ സൃഷ്ടിക്കാന്‍ പര്യാപ്തമായ മേഖലയായാണ് സര്‍ക്കാരും എല്‍ഇഡി വ്യവസായത്തെ ദര്‍ശിക്കുന്നത്.

 

ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലിന്റെ അഞ്ച് മുതല്‍ ആറ് ശതമാനം വരെ ലൈറ്റുകളും ബള്‍ബുകളും മൂലമാണ് ഉണ്ടാകുന്നതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എനര്‍ജി (യുഎസ്-ഡിഒഇ) വ്യക്തമാക്കുന്നു. കോംപാക്റ്റ് ഫ്‌ളൂറസെന്റ് ലാംപ് (സിഎഫ്എല്‍) പോലെയുള്ള ലൈറ്റുകള്‍ ഉപയോഗശൂന്യമാവുമ്പോള്‍ അന്തരീക്ഷത്തിലേക്ക് നിമജ്ജനം ചെയ്യപ്പെടുന്നത് മെര്‍ക്കുറിയടക്കം വിഷമയമായ മൂലകങ്ങളും വാതകങ്ങളുമാണ്. ഹരിതഗൃഹ വാതകം പുറന്തള്ളുന്നതു മൂലമുണ്ടാകുന്ന പ്രതികൂല പ്രത്യാഘാതങ്ങള്‍ ശമിപ്പിക്കാന്‍ ലൈറ്റ് എമിറ്റിംഗ് ഡയോഡുകള്‍ (എല്‍ഇഡി) വഹിക്കുന്ന വലിയ പങ്ക് ചര്‍ച്ചയാവുന്നത് ഈ സാഹചര്യത്തിലാണ്. പരമ്പരാഗത ലൈറ്റിംഗ് സ്രോതസുകളെ അപേക്ഷിച്ച് 80-85 ശതമാനം കുറവ് വൈദ്യുതിയേ ഇവയ്ക്ക് വേണ്ടിവരുന്നുള്ളൂ. മറ്റ് ലൈറ്റുകളെക്കാള്‍ വളരെ ദൈര്‍ഘ്യമുള്ള പ്രവര്‍ത്തന കാലാവധിയും എല്‍ഇഡിക്കുണ്ട് (50,000 മണിക്കൂറില്‍ ഏറെ). പരിസ്ഥിതിയിക്ക് ദോഷകരമായ മെര്‍ക്കുറി വിഷവും മറ്റും പുറന്തള്ളുന്നുമില്ല.

ഇത്തരത്തിലുള്ള ഗുണഗണങ്ങള്‍ കാരണം, ആഗോള ലൈറ്റിംഗ് വിപണി എല്‍ഇഡികളുടെ വന്‍തോതിലുള്ള നയാധിഷ്ഠിത വിന്യാസത്തിന് സാക്ഷ്യം വഹിക്കുന്നുണ്ട്. ലോകത്തെ നഗരങ്ങളില്‍ വിന്യസിക്കപ്പെട്ട 50 ദശലക്ഷം പരമ്പരാഗത ലൈറ്റുകള്‍ക്ക് പകരം ഇനി എല്‍ഇഡി ഉപയോഗിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ ഒരു ബില്യണ്‍ കാര്യക്ഷമമായ ലൈറ്റുകള്‍ (എല്‍ഇഡി, സിഎഫ്എല്ലുകള്‍) യുഎസില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവയ്ക്ക് പകരം എല്‍ഇഡി ലൈറ്റുകള്‍ ഉപയോഗിച്ചാല്‍ 2027 ആകുമ്പോഴേക്കും 348 ട്രില്യണ്‍ വാട്ട് ഊര്‍ജ മണിക്കൂറുകള്‍ ലാഭിക്കാന്‍ സാധിക്കും.

ഇന്ത്യയില്‍ സര്‍ക്കാര്‍ തന്നെ എല്‍ഇഡികള്‍ പ്രോത്സാഹിപ്പിക്കാന്‍ സജീവമായി രംഗത്തുണ്ട്. 2017 മേയ് മാസം ആരംഭിച്ച ഉന്നത് ജ്യോതി അഫോഡബിള്‍ എല്‍ഇഡി ഫോര്‍ ഓള്‍ (ഉജാല യോജന) പദ്ധതിക്ക് കീഴില്‍ 230 ദശലക്ഷത്തോളം എല്‍ഇഡി ബള്‍ബുകളാണ് വിതരണം ചെയ്തിട്ടുള്ളത്. ആഭ്യന്തര, വിദേശ വിദേശ കമ്പനികളുടെ സമ്മിശ്ര സങ്കേതമാണ് ഇന്ത്യയുടെ എല്‍ഇഡി വിപണി. കമ്പനികളുടെ വിപണി വിഹിതം അസ്ഥിരമാണ്. സാങ്കേതികവിദ്യകളുടെ സ്ഥായിയായ നവീകരണത്തെ ആശ്രയിച്ചായിരിക്കും വിപണി മേധാവിത്വം എന്നതിനാലാണിത്.

ഇറക്കുമതി ചെയ്യുന്ന എല്‍ഇഡികള്‍ക്കും (പ്രധാനമായും ചൈന, കൊറിയ, തായ്‌വാന്‍ എന്നിവിടങ്ങളില്‍ നിന്ന്) അസംഘടിത മേഖലയ്ക്കുമാണ് നിലവില്‍ വിപണിയില്‍ ആധിപത്യം. ആഭ്യന്തര വിതരണ ശൃംഖലാ ചട്ടക്കൂടിനു വേണ്ടിയുള്ള ദേശീയതല നിയന്ത്രണങ്ങളുടെയും മാനദണ്ഡങ്ങളുടെയും അഭാവമാണ് ഇതിന് കാരണം. നവീന സാങ്കേതികതയ്ക്ക് വേണ്ടിയുള്ള ഗവേഷണ ശ്രമങ്ങളോ ഉല്‍പ്പാദന സാങ്കേതികവിദ്യകളോ ഇന്ത്യന്‍ വ്യവസായ മേഖലയ്ക്കില്ല.

1990കളുടെ തുടക്കത്തില്‍ ഗാലിയം നൈട്രൈഡിന്റെ (ഏമച) പ്രയോഗത്തോടെയാണ് എല്‍ഇഡികളിലെ ആദ്യ ഗവേഷണ മുന്നേറ്റം ആരംഭിച്ചത്. നേരത്തെ ഉപയോഗിച്ചിരുന്ന സിലിക്കണ്‍ കാര്‍ബൈഡ് പോലുള്ള മൂലകങ്ങളേക്കാള്‍ 10 മുതല്‍ 100 മടങ്ങ് വരെ തെളിവാര്‍ന്ന പ്രകാശം പുറപ്പെടുവിക്കാനുള്ള ശേഷി ഗാലിയത്തിനും അതിന്റെ ലോഹമിശ്രണങ്ങള്‍ക്കും ഉണ്ടായിരുന്നു. നിലവില്‍ വാഹനങ്ങളിലെ ലൈറ്റുകള്‍, ട്രാഫിക് സിഗ്നലുകള്‍, വലിയ സ്‌ക്രീനുകളോടെയുള്ള ടെലിവിഷനുകള്‍ എന്നിവയടക്കം ഉയര്‍ന്നതും വളരെ ഉയര്‍ന്നതുമായ വെളിച്ചം ആവശ്യമായ എല്‍ഇഡി ഉപകരണങ്ങളില്‍ ഗാലിയം നൈട്രൈഡ് വലിയ തോതില്‍ ഉപയോഗിക്കപ്പെടുന്നുണ്ട്.

കാര്യക്ഷമത, ഫലക്ഷമത തുടങ്ങിയ പ്രകടന സവിശേഷതകള്‍ മെച്ചപ്പെടുത്തുന്ന ഘടകങ്ങളെയാണ് വലിയ വാഗ്ദാനങ്ങള്‍ക്കും വിപണിയിലെ അവസരങ്ങള്‍ക്കുമിടയിലും എല്‍ഇഡിയുടെ വലിയ തോതിലുള്ള സ്വീകാര്യത ആശ്രയിച്ചിരിക്കുന്നത്. ഉദാഹരണത്തിന്, ആഗോള തലത്തില്‍ ഉന്നതക്ഷമതയുള്ള എല്‍ഇഡി ഉപയോഗം വ്യാപകമാക്കുന്നത് നമ്മുടെ കാര്‍ബണ്‍ പുറന്തള്ളുന്നതിന്റെ തോത് (വ്യക്തികള്‍, സംഘടനകള്‍, സ്ഥാപനങ്ങള്‍, സമൂഹം എന്നിവയുടെ പ്രവര്‍ത്തന ഫലമായി അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെടുന്ന കാര്‍ബണ്‍ ഡൈഓക്‌സൈഡിന്റെ അളവ് അഥവാ കാര്‍ബണ്‍ ഫുട്ട്പ്രിന്റ്) സിഒ2 ഇക്വലന്റിന്റെ (ഒരു പൊതു യൂണിറ്റിലുള്ള ഹരിതഗൃഹ വാതകങ്ങളെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന പദം. കാര്‍ബണ്‍ ഡൈഓക്‌സൈഡ് ഇക്വലന്റ് എന്നാണ് ഇതിന്റെ പൂര്‍ണരൂപം) 800 ദശലക്ഷം ടണ്‍ വരെയാക്കി കുറയ്ക്കാന്‍ ഇതുവഴി സാധിക്കും. കൂടാതെ, യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എനര്‍ജിയുടെ സോളിഡ് സ്‌റ്റേറ്റ് ലൈറ്റിംഗുമായി (പരമ്പരാഗതമായ ഫ്‌ളൂറസന്റ് ലാമ്പുകള്‍ക്കും മറ്റും ബദലായി എല്‍ഇഡി ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ – എസ്എസ്എല്‍) ബന്ധപ്പെട്ട ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ പ്രകാരം നിലവിലെ എല്‍ഇഡി ഉപകരണങ്ങളുടെ പ്രകാശ കാര്യക്ഷമത 25 ശതമാനം വര്‍ധിപ്പിച്ച് മണിക്കൂറില്‍ 160 ലൂമെന്‍സ് (എല്‍പിഡബ്ല്യു) എന്നതില്‍ നിന്ന് 200 ലൂമെന്‍സിലേക്ക് എത്തിക്കും.

എല്‍ഇഡി ഉല്‍പ്പന്നങ്ങളുടെ കാര്യത്തില്‍ 260 പേറ്റന്റ് അപേക്ഷകള്‍ എന്ന വലിയ വ്യാവസായിക നേട്ടമാണ് ഇതുവരെ യുഎസ് ഊര്‍ജ ഡിപ്പാര്‍ട്ട്‌മെന്റ് കൈവരിച്ചിട്ടുള്ളത്. സാങ്കേതികവിദ്യ ശക്തമായി വളര്‍ന്നുകൊണ്ടിരിക്കുകയാണ്. തല്‍ഫലമായി, മറൈന്‍, ഹാര്‍ബര്‍, ഓര്‍ഗാനിക്, സ്മാര്‍ട്ട് ലൈറ്റിംഗ് എന്നിവ പോലുള്ള എല്‍ഇഡി ലൈറ്റിഗ് വിഭാഗങ്ങളില്‍ നിന്ന് നിരവധിയായ വിജയകഥകള്‍ പുറത്തേക്ക് വരുന്നുണ്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ സ്മാര്‍ട്ട്‌ലൈറ്റിംഗ് ഇരട്ടയക്ക വളര്‍ച്ച കൈവരിച്ചിരുന്നു. പൊതുഗതാഗത നീക്കത്തിനും സിഗ്നല്‍ സംയോജനങ്ങള്‍ക്കുമുള്ള സെന്‍സറുകള്‍ ഉള്‍പ്പടെയുള്ള ആപ്ലിക്കേഷനുകള്‍ ഇവയില്‍ സംയോജിപ്പിച്ചിട്ടുണ്ട്. സമാനമായി, എസ്എസ്എല്‍ സാങ്കേതികവിദ്യകളുടെ അടുത്ത തലമുറയായാണ് ഓര്‍ഗാനിക് എല്‍ഇഡിയെ പരിഗണിക്കുന്നത്. നിലവില്‍ ടെലിവിഷനുകള്‍ സ്മാര്‍ട്ട്‌ഫോണുകള്‍ എന്നിവയില്‍ ഈ സാങ്കേതിക വിദ്യ സമഞ്ജസിപ്പിച്ചിരിക്കുന്നത് കാണാം.

ഇന്ത്യയില്‍ ആകെ വൈദ്യുതി ഉപയോഗത്തിന്റെ 18 ശതമാനം വരെയാണ് ലൈറ്റിംഗില്‍ നിന്ന് ഉള്ളത്. എല്‍ഇഡിയില്‍ നിന്ന് ലാഭിക്കുന്നതിനൊപ്പം സ്മാര്‍ട്ട് മീറ്ററിംഗ്, സ്മാര്‍ട്ട് ഡിസൈനിംഗ്, കണക്റ്റഡ് ലൈറ്റിംഗ് എന്നിവ കൂടി പ്രയോജനപ്പെടുത്തുന്നതു വഴി ആകെ ഉപഭോഗത്തിന്റെ ഒന്‍പത് മുതല്‍ 11 ശതമാനം വരെ ലാഭിക്കാന്‍ സാധിക്കും. ലൈറ്റിംഗ് മേഖലയെ സംരക്ഷിക്കുന്ന ക്രമീകരണവും നിയന്ത്രണ സംവിധാനങ്ങളുമുള്ള ഒരു നയ ചട്ടക്കൂട് സര്‍ക്കാര്‍ അടിയന്തിരമായി രൂപീകരിക്കേണ്ടതുണ്ട്.

എല്‍ഇഡികളുടെ രൂപകല്‍പ്പനയുമായും നിര്‍മാണവുമായും ബന്ധപ്പെട്ട് പ്രത്യേക നിലവാരം സൃഷ്ടിക്കാന്‍ ബിഐഎസിന് സാധിക്കും. ആഭ്യന്തര, വിദേശ പ്രതിയോഗികള്‍ക്കിടയില്‍ തുല്യത സൃഷ്ടിക്കാന്‍ ഈ നീക്കം സഹായിക്കും. അമേരിക്കയില്‍ നടത്തി വരുന്ന ശ്രമങ്ങള്‍ക്ക് സമാനമായി, എസ്എസ്എല്ലുമായി ബന്ധപ്പെട്ട് ദേശീയ തലത്തില്‍ ഗവേഷണ പരിപാടികള്‍ ആവിഷ്‌കരിക്കണം. വളര്‍ന്നുവരുന്ന ലൈറ്റിംഗ് സാങ്കേതികവിദ്യകളുടെ പ്രവര്‍ത്തന ഫലങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ ഇതുവഴി കൂടുതല്‍ ശ്രദ്ധിക്കാന്‍ സാധിക്കും. ആഗോള, ആഭ്യന്തര ആവശ്യകത നിറവേറ്റാന്‍, തദ്ദേശീയ ഉല്‍പ്പാദന ശേഷി ശക്തിപ്പെടുത്തുന്നതിനും ഇതുവഴി സാധിക്കും.

ആഭ്യന്തര ഉല്‍പ്പാദനത്തെ പിന്തുണയ്ക്കാന്‍ മൂലധനത്തിലും ഉല്‍പ്പാദനത്തിലും സബ്‌സിഡികള്‍ പോലുള്ള ഇളവുകള്‍ സര്‍ക്കാരിന് നല്‍കാവുന്നതാണ്. വിജയകരമായ എല്‍ഇഡി സാങ്കേതികവിദ്യകളുടെ ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യന്‍ അക്കാഡമിക് സ്ഥാപനങ്ങള്‍ക്കും ഗവേഷണ ലബോറട്ടറികള്‍ക്കും സഹകരിക്കാവുന്നതുമാണ്. പുനരുപയോഗ ഊര്‍ജത്തിനായും ഊര്‍ജ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനുള്ള കൂട്ടു പ്രവര്‍ത്തനവും നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന കാര്‍ബണ്‍ ലഘൂകരണ ശ്രമങ്ങളെ വര്‍ധിപ്പിക്കുകയും നമ്മുടെ ദേശീയ ഊര്‍ജ സുരക്ഷ മെച്ചപ്പെടുത്തുകയും ചെയ്യും.

 

വിഷ്ണു മിശ്ര

(സെന്റര്‍ ഫോര്‍ സ്റ്റഡി ഓഫ് സയന്‍സ്, ടെക്‌നോളജി ആന്‍ഡ് പോളിസിയിലെ റിസര്‍ച്ച് എന്‍ജിനീയറാണ് ലേഖകന്‍)

കടപ്പാട്: ഐഎഎന്‍എസ്

Comments

comments

Categories: Editorial, Slider
Tags: LED