ഹൈവേ നിര്‍മാണത്തില്‍ 18% ശതമാനം വളര്‍ച്ച

ഹൈവേ നിര്‍മാണത്തില്‍ 18% ശതമാനം വളര്‍ച്ച

ന്യൂഡെല്‍ഹി: ഹൈവേ വികസനത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് കേന്ദ്ര സര്‍ക്കാര്‍. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ഏഴ് മാസങ്ങളില്‍ ഹൈവേ നിര്‍മാണത്തില്‍ മുന്‍ വര്‍ഷത്തെ സമാനകാലയളവിനെ അപേക്ഷിച്ച് 18 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. കഴിഞ്ഞ ഏതാനും മാസങ്ങളില്‍ മണ്‍സൂണ്‍ കാരണം പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടെങ്കില്‍ പോലും മികച്ച മുന്നേറ്റമാണ് റോഡ് നിര്‍മാണത്തിലുണ്ടായിരിക്കുന്നത്. ഏപ്രില്‍ മുതല്‍ ഒക്‌റ്റോബര്‍ വരെയുള്ള കാലയളവില്‍ പ്രതിദിനം 23 കിലോമീറ്ററാണ് നിര്‍മാണ നിരക്ക്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ സമാന കാലയളവില്‍ ഇത് പ്രതിദിനം 26.9 കിലോമീറ്റര്‍ ആയിരുന്നു.

2019 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ഏഴ് മാസങ്ങളില്‍ ഹൈവേ നിര്‍മാണം മെച്ചപ്പെടുത്തിയതില്‍ എല്ലാ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും ഉത്തരവാദിത്തമുണ്ട്. ഏപ്രില്‍-ഒക്‌റ്റോബര്‍ കാലയളവില്‍ 3,107 കിലോമീറ്റര്‍ ഹൈവേയാണ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് ഹൈവേ മന്ത്രാലയം നിര്‍മിച്ചത്. മുന്‍വര്‍ഷത്തെ സമാനകാലയളവില്‍ 2,623 കിലോമീറ്റര്‍ ഹൈവേ ആയിരുന്നു നിര്‍മിച്ചിരുന്നത്. നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയും (എന്‍എച്ച്എഐ) മുന്‍ വര്‍ഷത്തെ 1,375 കിലോമീറ്ററില്‍ നിന്ന് 1,579 കിലോമീറ്ററായി നിര്‍മാണ പ്രകടനം മെച്ചപ്പെടുത്തി. നാഷണല്‍ ഹൈവേസ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്പ്‌മെന്റ് കോര്‍പറേഷന്റെയും (എന്‍എച്ച്‌ഐഡിസിഎല്‍) ഹൈവേ നിര്‍മാണം 87 കിലോമീറ്ററില്‍ നിന്ന് 144 കിലോമീറ്ററായി ഇക്കാലയളവില്‍ മെച്ചപ്പെട്ടിട്ടുണ്ട്.

എന്‍ജിനീയറിംഗ്, പ്രൊക്വയര്‍മെന്റ്, കണ്‍സ്ട്രക്ഷന്‍ (ഇപിസി) മാതൃകയിലാണ് ഹൈവേ മന്ത്രാലയം പദ്ധതികള്‍ പ്രധാനമായും നടപ്പിലാക്കുന്നത്. ഇതുപ്രകാരം പദ്ധതി ചെലവ് മുഴുവന്‍ സര്‍ക്കാര്‍ വഹിക്കേണ്ടതായി വരും. പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയുടെ മെച്ചപ്പെട്ട പതിപ്പായ ഹൈബ്രിഡ് ആന്വിറ്റി മാതൃകയിലാണ് (എച്ച്എഎം) എന്‍എച്ച്എഐ നിലവില്‍ പദ്ധതികളുടെ നിര്‍മ്മാണം നടത്തുന്നതില്‍. 40 ശതമാനം പദ്ധതി ചെലവായിരിക്കും ഇതില്‍ സര്‍ക്കാരിന് വഹിക്കേണ്ടി വരിക.

പ്രതിദിനം 45 കിലോമീറ്റര്‍ റോഡ് എന്ന തോതില്‍ നടപ്പു സാമ്പത്തിക വര്‍ഷം 16,418 കിലോമീറ്റര്‍ ഹൈവേ നിര്‍മ്മിക്കുക എന്ന ലക്ഷ്യം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി മുന്നോട്ട് വെച്ചിട്ടുണ്ട്. സംസ്ഥാന പൊതുമരാമത്ത് വകുപ്പ് (പിഡബ്യുഡി) വഴിയാണ് ഹൈവേ മന്ത്രാലയം ദേശീയപാതകള്‍ നിര്‍മിക്കുന്നത്. 9,698 കിലോമീറ്റര്‍ റോഡാണ് നടപ്പു സാമ്പത്തിക വര്‍ഷം ഇവരോട് നിര്‍മിക്കാന്‍ നിര്‍ദേശിച്ചത്. എന്‍എച്ച്എഐയോട് 6,000 കിലോമീറ്ററും എന്‍എച്ച്‌ഐഡിസിഎല്ലിനോട് 720 കിലോമീറ്ററും ദേശീയപാത നിര്‍മ്മിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 2017-18 കാലയളവില്‍ 9,829 കിലോമീറ്റര്‍ എന്ന റെക്കോര്‍ഡ് നാഷണല്‍ ഹൈവേ നിര്‍മാണമാണ് പൂര്‍ത്തിയാക്കിയത്. 2016- 17 കാലയളവില്‍ 8,231 കിലോമീറ്ററും 2015-16ല്‍ 6,061 കിലോമീറ്ററും 2014-15ല്‍ 4,410 കിലോമീറ്ററും ദേശീയപാത നിര്‍മിച്ചു.

യുപിഎ ഭരണകാലത്ത് പ്രതിദിനം 11.67 കിലോമീറ്റര്‍ മാത്രമായിരുന്നു ദേശീയപാത നിര്‍മാണം. നരേന്ദ്ര മോദി സര്‍ക്കാരിനു കീഴില്‍ 2014-15 സാമ്പത്തിക വര്‍ഷം പ്രതിദിനം 12 കിലോമീറ്ററായും 2015-16ല്‍ 16.6 കിലോമീറ്ററായും 2015-16ല്‍ 22.5 കിലോമീറ്ററായും ഒടുവില്‍ 2017-18 വര്‍ഷം പ്രതിദിനം 26.9 കിലോമീറ്ററായും ഇത് വര്‍ധിച്ചു. എന്നാല്‍ പദ്ധതികള്‍ അനുവദിക്കുന്ന കാര്യത്തില്‍ ഈ മുന്നേറ്റം പ്രകടമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 20,000 കിലോമീറ്റര്‍ ദേശീയ പാതാ നിര്‍മാണ പദ്ധതികള്‍ അനുവദിച്ചു നല്‍കുമെന്നായിരുന്നു ഗതാഗത മന്ത്രാലയത്തിന്റെ ലക്ഷ്യം. ഇതില്‍ ഹൈവേ മന്ത്രാലയത്തോട് 8,652 കിലോമീറ്റര്‍, എന്‍എച്ച്എഐയോട് 7,397 കിലോമീറ്റര്‍, എന്‍എച്ച്‌ഐഡിസിഎല്ലിനോട് 1,006 കിലോമീറ്റര്‍ എന്നിങ്ങനെ പദ്ധതി അനുവദിക്കാനാണ് നിര്‍ദേശം.

ഒക്‌റ്റോബര്‍ അവസാനം വരെ ഹൈവേ മന്ത്രാലയം 1,519 കിലോമീറ്ററിലും എന്‍എച്ച്എഐ 372 കിലോമീറ്ററിലും എന്‍എച്ച്‌ഐഡിസിഎല്‍ 51 കിലോമീറ്ററിലുമുള്ള പദ്ധതികളാണ് അനുവദിച്ചിട്ടുള്ളത്. നിര്‍മാണത്തിനുള്ള ഫണ്ട് ലഭ്യതയല്ല, ഭൂമിയേറ്റെടുക്കലാണ് നിലവില്‍ പ്രധാന തടസമായി പരിഗണിക്കപ്പെടുന്നത്.

Comments

comments

Categories: Business & Economy, Slider
Tags: Highways