സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ സമത്വത്തിനെതിരായ മഹാവ്യാധി: അന്റോണിയോ ഗട്ടേഴ്‌സ്

സ്ത്രീകള്‍ക്കെതിരായ  അതിക്രമങ്ങള്‍ സമത്വത്തിനെതിരായ മഹാവ്യാധി: അന്റോണിയോ ഗട്ടേഴ്‌സ്

ന്യൂയോര്‍ക്ക്: സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഭയം, അതിക്രമം, അരക്ഷിതാവസ്ഥ എന്നിവ കൂടാതെ സ്വതന്ത്രമായി ജീവിക്കാന്‍ സാധിക്കാത്ത പക്ഷം ലോകത്തിന് നീതി പുലര്‍ത്തുന്നുവെന്ന് അഭിമാനിക്കാന്‍ സാധിക്കില്ലെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗട്ടേഴ്‌സ്. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന പീഡനങ്ങളും അതിക്രമങ്ങളും ലോകത്തെ മുഴുവന്‍ ബാധിച്ചിരിക്കുന്ന മഹാവ്യാധിയാണെന്നും ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ തടയുന്നതിനായുള്ള അന്താരാഷ്ട്ര ദിനത്തോടനുബന്ധിച്ച് നടന്ന പ്രത്യേക പരിപാടിയില്‍ അദ്ദേഹം വ്യക്തമാക്കി. എല്ലാവര്‍ഷവും നവംബര്‍ 25 നാണ് ഈ ദിനം ആചരിക്കുന്നത്. സ്ത്രീകള്‍ക്ക് തുല്യതയും അന്തസ്സും തിരിച്ചറിയുന്നതില്‍ മനുഷ്യ കുലം പരാജയപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളും പീഡനങ്ങളും ലോകത്തിലെ എല്ലാ സമൂഹങ്ങള്‍ക്കും നാണക്കേടാണ്. സമഗ്രവും നിഷ്പക്ഷവുമായ സുസ്ഥിര വികസനത്തെ തടയിടുന്ന പ്രധാന കാരണങ്ങളിലൊന്ന് സ്ത്രീകള്‍ക്കുനേരെ നടക്കുന്ന അതിക്രമങ്ങളാണ്. ഇത് അടിസ്ഥാന മനുഷ്യാവകാശ പ്രശ്‌നങ്ങളിലൊന്നാണ്. ജനസംഖ്യയുടെ പകുതി വരുന്ന സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഭയം, അക്രമം, അരക്ഷിതാവസ്ഥ എന്നിവ കൂടാതെ ജീവിക്കാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെങ്ങനെ നാം നീതിയുള്ളതും തുല്യവുമായ അവസരങ്ങളൊരുക്കുന്നുവെന്ന് പറയാനാകുമെന്ന് ഗട്ടേഴ്‌സ് ചോദിക്കുന്നു.

ഈ വര്‍ഷത്തെ പ്രമേയം ‘ഓറഞ്ച് ദ വേള്‍ഡ്: ഹിയര്‍ മീ ടൂ’ എതാണ്. അതിക്രമങ്ങളെ അതിജീവിച്ചവരുടെയും സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്നവരുടെയും പ്രതികരണങ്ങളും സന്ദേശങ്ങളും അഭിപ്രായങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനും ലഭ്യമാക്കുന്നതിനുമാണ് ഈ ഹാഷ്ടാഗ് ഉപയോഗിച്ചിരിക്കുന്നത്. പീഡനത്തിനിരയായവരില്‍ പലരും മാധ്യമ തലക്കെട്ടുകള്‍, സോഷ്യല്‍മീഡിയ, ചര്‍ച്ചകള്‍ എന്നിവയില്‍ നിന്നും അപ്രത്യക്ഷരാകുന്നവരാണ്.

സ്ത്രീകളുടെ ഉപജീവന മാര്‍ഗങ്ങളിലും ജീവിതത്തിലും ഉണ്ടാകുന്ന മാറ്റങ്ങള്‍ ചെറിയൊരു പ്രതീക്ഷ നല്‍കുന്നുണ്ടെന്ന് ആഗോളതലത്തില്‍ സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനം ലക്ഷ്യമാക്കി രൂപീകരിച്ച യുഎന്നിന്റെ യുഎന്‍ വുമണ്‍ എന്ന സംഘടനയുടെ എക്‌സിക്യുട്ടീവ് ഡയറക്റ്റര്‍ ഫംസിലെ മലംബോ എന്‍കൂക്ക പറഞ്ഞു. സ്ത്രീകള്‍ക്ക് തുല്യ അവസരം ഉറപ്പാക്കല്‍, ലിംഗ സമത്വം ഉറപ്പാക്കല്‍, അവകാശങ്ങല്‍ നേടിയെടുക്കല്‍ എന്നിവയാണ് ഈ സംഘടനയുടെ പ്രധാന ലക്ഷ്യങ്ങള്‍.

Comments

comments

Categories: Slider, World