രണ്ടാം പാദത്തില്‍ സ്‌പൈസ്‌ജെറ്റിന് 389 കോടിയുടെ നഷ്ടം

രണ്ടാം പാദത്തില്‍ സ്‌പൈസ്‌ജെറ്റിന് 389 കോടിയുടെ നഷ്ടം

ന്യൂഡെല്‍ഹി: എണ്ണ വില വര്‍ധനവിനെ തുടര്‍ന്ന് നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ സെപ്റ്റംബര്‍ പാദത്തില്‍ ആഭ്യന്തര വിമാനക്കമ്പനിയായ സ്‌പൈസ്‌ജെറ്റിനും വിപണിയില്‍ കാലിടറിയെന്ന് റിപ്പോര്‍ട്ട്. 2019 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 389 കോടി രൂപയുടെ നഷ്ടമാണ് സ്‌പൈസ്‌ജെറ്റ് രേഖപ്പെടുത്തിയത്. കമ്പനിയുടെ പ്രവര്‍ത്തന ലാഭത്തിലും 32 കോടി രൂപയുടെ നഷ്ടമുണ്ടായി. മാനേജിംഗ് ഡയറക്റ്റര്‍ അജയ് സിംഗിന്റെ നേതൃത്വത്തില്‍ കമ്പനി മികച്ച രീതിയില്‍ തിരിച്ചു വരുന്നെന്ന പ്രതീതി നിലനില്‍ക്കുന്നതിനിടെയാണ് അപ്രതീക്ഷിത തിരിച്ചടി.

2015ലാണ് സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരുന്ന സ്‌പൈസ്‌ജെറ്റില്‍ കലാനിധി മാരന്റെ പേരിലുണ്ടായിരുന്ന മുഴുവന്‍ ഓഹരികളും സ്ഥാപകരില്‍ ഒരാള്‍ കൂടിയായ അജയ് സിംഗ് സ്വന്തമാക്കിയത്. കലാനിധിമാരന്റെ കമ്പനിയായ കെഎഎല്‍ എയര്‍വേയ്‌സിന് 53.48 ശതമാനം ഓഹരിപങ്കാളിത്തമാണ് സ്‌പൈസ്‌ജെറ്റിലുണ്ടായിരുന്നത്. അസംസ്‌കൃത എണ്ണ വില ഏറ്റവും കുറഞ്ഞു നിന്നിരുന്ന സമയത്ത് ബിസിനസ് സജീവമായി മുന്നോട്ടുകൊണ്ടുപോകാന്‍ സിംഗിന് സാധിച്ചു. 2015 ജനുവരിയില്‍ ബാരലിന് 47 ഡോളര്‍ എന്ന നിരക്കിലായിരുന്ന എണ്ണവില 2016 ജനുവരിയില്‍ ബാരലിന് 28 ഡോളറായി. സ്‌പൈസ്‌ജെറ്റിന്റെ നിയന്ത്രണം മാരന്റെ കൈവശമായിരുന്നപ്പോള്‍ എണ്ണവില ബാരലിന് 120 ഡോളര്‍ വരെയെത്തിയിരുന്നു. 2013 സെപ്റ്റംബര്‍ പാദത്തില്‍ 559 കോടി രൂപയുടെ ഏറ്റവും വലിയ നഷ്ടം കമ്പനി രേഖപ്പെടുത്തുകയും ചെയ്തു.

വിശാല സാമ്പത്തിക അടിസ്ഥാനഘടകങ്ങള്‍ ദുര്‍ബലമായതും രൂപയുടെ മൂല്യത്തകര്‍ച്ചയുമായിരുന്നു അന്നത്തെ നഷ്ടത്തിനുള്ള പ്രധാന കാരണം. ഇതില്‍ നിന്ന് വിപരീതമെന്നോണം ഈ വര്‍ഷം ജൂണില്‍ മൂല്യത്തകര്‍ച്ച തുടങ്ങുന്നതു വരെ തുടര്‍ച്ചയായ നാല് വര്‍ഷങ്ങളില്‍ രൂപ ഏറെ സുസ്ഥിരമായ അവസ്ഥയില്‍ ആയിരുന്നു. തന്റെ മാനേജ്‌മെന്റ് കഴിവ് ഉപയോഗിച്ച് ഇന്ത്യയിലെ എയര്‍ലൈന്‍ ബിസിനസില്‍ നിന്ന് ലാഭം കൊയ്യാനാണ് സിംഗ് ശ്രമിച്ചത്. അതിനൊപ്പം അനുകൂലമായ കറന്‍സി പരിതസ്ഥിതിയും ഇന്ധനവിലയും അദ്ദേഹത്തെ സഹായിച്ചു.

2018 ആകുമ്പോഴേക്കും ഇന്ധന വില ഇടിയുകയും രൂപയുടെ മൂല്യം എക്കാലത്തെയും കുറഞ്ഞ നിരക്കിലേക്ക് എത്തുകയും ചെയ്തത് സ്‌പൈസ്‌ജെറ്റിനെ വീണ്ടും നഷ്ടത്തിലേക്ക് തള്ളിവിടുകയാണ്. സെപ്റ്റംബര്‍ വരെയുള്ള മൂന്ന് മാസങ്ങളില്‍ മുന്‍വര്‍ഷത്തെ സമാനകാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ 2.5 ശതമാനം ഇടിവാണ് കമ്പനിയുടെ വരുമാനത്തിലുണ്ടായത്. രാജ്യത്ത് യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്ന സമയത്താണിത് എന്നതാണ് ഏറ്റവും പ്രധാനം. 2017ലെ സമാന കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ ജനുവരി-സെപ്റ്റംബര്‍ കാലയളവില്‍ 21 ശതമാനമാണ് യാത്രക്കാരുടെ എണ്ണം വര്‍ധിച്ചത്.

ഇന്‍ഡിഗോയാണ് സ്‌പൈസ്‌ജെറ്റിന്റെ പ്രധാന പ്രതിയോഗികളെന്ന് വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മുന്‍ വര്‍ഷത്തെ സമാനകാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ സ്‌പൈസ്‌ജെറ്റിന്റെ യാത്രക്കാരെ വഹിക്കാനുള്ള ശേഷി 6.3 ശതമാനം മാത്രമാണ് വര്‍ധിച്ചത്. എന്നാല്‍ ഇന്‍ഡിഗോയ്ക്ക് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 30 ശതമാനം വര്‍ധനയാണ് ഇക്കാര്യത്തില്‍ ഉണ്ടായത്. 2018 സെപ്റ്റംബര്‍ 30 വരെയുള്ള കണക്കുകള്‍ പ്രകാരം 3,990 കോടി രൂപയാണ് സ്‌പൈസ്‌ജെറ്റിന്റെ ബാധ്യത.

Comments

comments

Categories: Business & Economy
Tags: Spicejet