പിഎഫ്‌സി-ആര്‍ഇസി ലയനത്തില്‍ ഊര്‍ജ മന്ത്രാലയത്തിന് ആശങ്ക

പിഎഫ്‌സി-ആര്‍ഇസി ലയനത്തില്‍ ഊര്‍ജ മന്ത്രാലയത്തിന് ആശങ്ക

ന്യൂഡെല്‍ഹി: പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍(പിഎഫ്‌സി), റൂറല്‍ ഇലക്ട്രിഫിക്കേഷന്‍ കോര്‍പ്പറേഷന്‍(ആര്‍ഇസി) എന്നിവയുടെ ലയനത്തിലൂടെ 14,000 കോടി രൂപ സമാഹരിക്കുന്നതിന് കേന്ദ്ര ധനകാര്യ മന്ത്രാലയം മുന്നോട്ടുവെച്ച പദ്ധതിയില്‍ ഊര്‍ജ മന്ത്രാലയത്തിന് വിയോജിപ്പ്. ലയനം രണ്ട് കമ്പനികളെയും പ്രതിസന്ധിയിലാക്കുമെന്ന ആശങ്ക ഉയര്‍ത്തിയിരിക്കുകയാണ് കേന്ദ്ര ഊര്‍ജ മന്ത്രാലയം. കരാര്‍ കാര്യക്ഷമമായി നടപ്പിലാക്കിയില്ലെങ്കില്‍ ഇരുകമ്പനികളുടെയും പ്രവര്‍ത്തനത്തെയും അടിസ്ഥാനഘടനയെയും ബാധിക്കുമെന്നാണ് ഊര്‍ജ മന്ത്രാലയം കരുതുന്നത്.

കരാര്‍ നടപ്പാക്കിയതിനു ശേഷം ഭരണനിര്‍വഹണത്തിലും പ്രവര്‍ത്തനത്തിലും പ്രശ്‌നങ്ങളുണ്ടായേക്കാമെന്ന ആശങ്കയാണ് ഊര്‍ജ മന്ത്രാലയത്തിനുള്ളതെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറയുന്നു. എന്നാല്‍ ഏറക്കുറേ ഒരേ വിഭാഗത്തില്‍ രണ്ട് പൊതുമേഖലാ യൂണിറ്റുകള്‍ മത്സരം നടത്തുന്നതിനേക്കാള്‍ ഊര്‍ജമേഖലയ്ക്കായി ഒരു വലിയ ധനകാര്യ കമ്പനി സ്ഥാപിക്കാമെന്ന കാഴ്ചപ്പാടിലാണ് ധനകാര്യ മന്ത്രാലയം.

പിഎഫ്‌സി, ആര്‍ഇസി എന്നിവയുടെ ലയനത്തെക്കുറിച്ചും നടപടിക്രമങ്ങളിലെ തടസ്സങ്ങളെ സംബന്ധിച്ചും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. കരാറിന്റെ രൂപരേഖ ഇനിയും തീരുമാനിച്ചിട്ടില്ല. ആര്‍ഇസി പിഎഫ്‌സിയെ ഏറ്റെടുക്കുകയാണെങ്കില്‍ 3,000 കോടി രൂപയ്ക്കു മുകളില്‍ തുക സര്‍ക്കാരിന് സ്വന്തമാക്കാനാകും. പിഎഫ്‌സിയിലെ സര്‍ക്കാരിന്റെ ഉയര്‍ന്ന ഓഹരി പങ്കാളിത്തമാണ് ഇതിന് കാരണം. ആര്‍ഇസിയില്‍ 58ശതമാനവും പിഎഫ്‌സിയില്‍ 66 ശതമാനവുമാണ് സര്‍ക്കാരിന്റെ പങ്കാളിത്തം.

അതേസമയം, കരാറിന് ശേഷം കമ്പനിയുടെ മൊാത്തം മൂല്യം കുത്തനെ കുറഞ്ഞേക്കുമെന്ന് ഊര്‍ജ മന്ത്രാലയം ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. പിഎഫ്‌സിയുടെ മൂലധന പര്യാപ്തത അനുപാതം 17.7 ശതമാനമാണ് ആര്‍ഇസിയുടേത് 16.7 ശതമാനവും. ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് (എന്‍ബിഎഫ്‌സി) 15 ശതമാനം മൂലധന പര്യാപ്തതാ അനുപാതമാണ് റിസര്‍വ് ബാങ്ക് നിഷ്‌കര്‍ഷിച്ചിട്ടുള്ളത്.

ലയന സംരംഭത്തിലൂടെ കൂടുതല്‍ മൂലധന സമാഹരണം നടത്തുന്നതിനും ധനകാര്യ മന്ത്രാലയം ലക്ഷ്യമിടുന്നു. എന്നാല്‍ ഇത് സര്‍ക്കാരിന്റെ പങ്കാളിത്തം കുറയ്ക്കും. ഉയര്‍ന്ന പങ്കാളിത്തം സര്‍ക്കാരിനുള്ളതിനാല്‍ പിഎഫ്‌സിയിലൂടെ മൂലധന സമാഹരണം നടത്തുന്നതാണ് ഉചിതമെന്നാണ് ഊര്‍ജ മന്ത്രാലയത്തിന്റെ കാഴ്ചപ്പാട്.

അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള ഫണ്ടിംഗില്‍ നിന്നും ബാങ്കുകള്‍, എന്‍ബിഎഫ്‌സികള്‍ എന്നിവ പിന്‍മാറുന്ന സാഹചര്യത്തില്‍ ഓരോ മേഖലയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ധനകാര്യ സ്ഥാപനങ്ങള്‍ ആവശ്യമാണെന്നാണ് കരുതുന്നതെന്ന്  ഫീഡ്ബാക്ക് ഇന്‍ഫ്രാ ഗ്രൂപ്പ് ചെയര്‍മാന്‍ വിനായക് ചാറ്റര്‍ജി പറഞ്ഞു. ആര്‍ഇസി കാര്യനിര്‍വഹണ സംഘടനമായാണ്. തന്റെ കാഴ്ചപ്പാടില്‍ ഒരു ഫിനാന്‍സ് കമ്പനിയെയും കാര്യനിര്‍വഹണ സംഘടനയെയും ലയിപ്പിക്കുന്നത് ഉചിതമായിരിക്കുകയില്ലെന്നും അവ രണ്ടും രണ്ട് വിഭാഗങ്ങളായി പ്രവര്‍ത്തിക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Business & Economy
Tags: PFC, REC