കര്‍ണാടക ഇന്നൊവേഷന്‍ അതോറിറ്റി രൂപീകരിക്കുന്നു

കര്‍ണാടക ഇന്നൊവേഷന്‍ അതോറിറ്റി രൂപീകരിക്കുന്നു

ബെംഗളൂരു: മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്നൊവേഷന്‍ അതോറിറ്റി രൂപീകരിക്കാന്‍ പദ്ധതിയിട്ട് കര്‍ണാടക. ഗ്രെ മേഖലയില്‍ (നിയമങ്ങളില്‍ വ്യക്തതയില്ലാത്ത മേഖല) പ്രവര്‍ത്തിക്കുന്ന ഉപഭോക്തൃ സൗഹൃദ ടെക്‌നോളജി ബിസിനസുകളെ സഹായിക്കുകയാണ് സംരംഭത്തിന്റെ ലക്ഷ്യമെന്ന് സംസ്ഥാന സാമൂഹ്യ ക്ഷേമ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ പറഞ്ഞു. വീവര്‍ക്കില്‍ സംരംഭകരുമായി ആശയവിനിമയം നടത്തുകയായിരുന്നു അദ്ദേഹം.

ഇന്നത്തെ ഭൂരിപക്ഷം ഇന്നൊവേഷനുകളും സര്‍ക്കാര്‍ നയങ്ങള്‍ക്കനുസരിച്ചല്ല യാഥാര്‍ത്ഥ്യമാകുന്നത്. സാങ്കേതികവിദ്യ അതിവേഗം മാറികൊണ്ടിരിക്കുകയാണ് നയങ്ങള്‍ അവയ്‌ക്കൊപ്പമെത്താന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുകയുമാണ്. ഇത്തരത്തിലൊരു പരിസ്ഥിതിയില്‍ നിയന്ത്രണങ്ങളില്ലാത്ത മേഖലയില്‍ ഉല്‍ഭവിക്കുന്ന ജനസൗഹൃദ ബിസിനസുകളെ നിരോധിക്കുന്നതിന് പകരം ഇന്നൊവേഷന്‍ അതോറിറ്റിയിലൂടെ ഈ മേഖലയില്‍ അതിവേഗത്തില്‍ നയസംവിധാനം കൊണ്ടുവരാനാകും. ബിസിനസ് വളര്‍ച്ചയ്ക്കും സാമ്പത്തിക പുരോഗതിക്കും മുന്‍ഗണന നല്‍കികൊണ്ടുള്ള നയ രൂപീകരണമാണ് ആവശ്യം. ഉദാഹരണമായി ബെംഗളൂരുവിലെ റെസ്റ്റൊറന്റുകളില്‍ ബിറ്റ്‌കോയ്ന്‍ വിനിമയം നടക്കുന്നുണ്ട്. ഈ രംഗത്ത് ആവശ്യമായ നിയമ നിയന്ത്രണങ്ങളില്ലെന്ന കാരണത്താല്‍ ഈ സാങ്കേതികവിദ്യകളെ നിരോധിക്കുന്നതിന് മുമ്പ് സര്‍ക്കാരുമായി സംവദിക്കേണ്ടത് ആവശ്യമാണ്. – അദ്ദേഹ കൂട്ടിച്ചേര്‍ത്തു.

ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന ഇ-കൊമേഴ്‌സ് മേഖലയില്‍ നയം കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്ന് വ്യക്താക്കിയ മന്ത്രി സര്‍ക്കാരിന് പത്ത് ശതമാനം ഉല്‍പ്പന്നങ്ങളും സേവനങ്ങളും സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് വാങ്ങുന്ന ഒരു സ്റ്റാര്‍ട്ടപ്പ് കോട്ട ഉള്‍പ്പെടുന്ന നയം ഉണ്ടായിരിക്കുന്നത് നല്ലതാണെന്ന് അഭിപ്രായപ്പെട്ടു.

ഉല്‍പ്പന്ന ഇന്നൊവേഷനില്‍ കൈവരിക്കുന്ന നേട്ടം ടെക്‌നോളജി ഇന്നൊവേഷനില്‍ കൈവരിക്കാനാകുന്നില്ലെന്നും ടെക് ഇന്നൊവേഷന്‍ മാത്രമാണ് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്യുകയുള്ളൂവെന്ന് പരിപാടിയില്‍ പങ്കെടുത്ത സംരംഭകന്‍ നാഗാനന്ദ് ദോര്‍സ്വാമി പറഞ്ഞു. ഗ്രാമീണ മേഖലയില്‍ കായികമേഖലയില്‍ അടിസ്ഥാനസൗകര്യങ്ങളൊരുക്കാന്‍ കൂടുതല്‍ നിക്ഷേപം നടത്തുന്നതിനുതകുന്ന നയം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട കായിക സ്റ്റാര്‍ട്ടപ്പ് സ്ഥാപകനായ ശേഖര്‍ രാജന്‍ വന്‍കിട സ്ഥാപനങ്ങള്‍ ക്രിക്കറ്റിനെ മാത്രമാണ് പ്രോല്‍സാഹിക്കുന്നതെന്നും മറ്റ് കായിക ഇനങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നില്ലെന്നും ചൂണ്ടിക്കാണിച്ചു. എല്ലാ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ക്കും സ്വന്തമായി മികച്ച ടെക് വിദഗ്ധരടങ്ങിയ ടെക്‌നോളജി സെല്‍ ഉണ്ടായിരിക്കണമെന്ന് കണ്‍സള്‍ട്ടന്റ് മിട്ടൂര്‍ ജഗദീഷ് നിര്‍ദേശിച്ചു.

രണ്ടു കോടി രൂപയുടെ മൂലധനം കാണിക്കണമെന്ന് റിസര്‍വ് ബാങ്ക് ലൈസന്‍സ് മാനദണ്ഡം ഫിന്‍ടെക് സ്ഥാപനങ്ങള്‍ക്ക് വലിയ വെല്ലുവിളിയാണെന്ന് ഫിന്‍ടെക് സംരംഭകയായ കഞ്ചന്‍ ദേശായ് ചൂണ്ടിക്കാട്ടി. ലൈസന്‍സ് നേടുന്നതിനായുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്ന സമയത്ത് ഉദ്യോഗസ്ഥര്‍ കൈകൂലി ആവശ്യപ്പെടുന്നത് സംബന്ധിച്ച പ്രശ്‌നം ഉന്നയിച്ച അവര്‍ സ്റ്റാര്‍ട്ടപ്പുകളും സര്‍ക്കാര്‍ അതോറിറ്റികളും തമ്മിലുള്ള അകലം കുറയ്ക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ബയോടെക് സ്റ്റാര്‍ട്ടപ്പുകളെ സംബന്ധിച്ച് ബൗദ്ധിക സ്വത്തവകാശം വളരെ പ്രധാനമാണെന്നും പാറ്റന്റ് വേഗത്തില്‍ നേടാന്‍ സൗകര്യമൊരുക്കണമെന്നും ഈ മേഖലയിലെ സംരംഭകനായ നവീന്‍ കുല്‍കര്‍ണി പറഞ്ഞു. ബയോടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവരുടെ ഗവേഷണവികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഉപകരണങ്ങള്‍ ഇറക്കുമതി തീരുവ ഇല്ലാതെ ഇറക്കുമതി ചെയ്യാന്‍ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Comments

comments