ആര്‍ബിഐക്കും കേന്ദ്രത്തിനുമിടയില്‍ മഞ്ഞുരുക്കം

ആര്‍ബിഐക്കും കേന്ദ്രത്തിനുമിടയില്‍ മഞ്ഞുരുക്കം

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്കും കേന്ദ്ര സര്‍ക്കാരും തമ്മിലെ അഭിപ്രായ ഭിന്നതയ്ക്ക് വിരമമായതായി സൂചന.

ഒന്‍പത് മണിക്കൂര്‍ നീണ്ട മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് പ്രധാന തര്‍ക്ക വിഷയങ്ങളില്‍ സര്‍ക്കാരും ആര്‍.ബി.ഐയും സമവായത്തിലേക്ക് എത്തിയത്. കരുതല്‍ ധന വിനിയോഗം ഉള്‍പ്പെടെ തര്‍ക്ക വിഷയങ്ങളില്‍ അന്തിമ തീരുമാനമെടുക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കാന്‍ ഇന്നലെ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു.

റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധന ശേഖരം അധികമാണെന്നും സര്‍ക്കാരിലേക്ക് കൂടുതല്‍ വിഹിതം വേണമെന്നുമായിരുന്നു സര്‍ക്കാരിന്റെ പ്രധാന ആവശ്യം. അതോടെ, ഒരു വിദഗ്ധ സമിതിയുടെ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കരുതല്‍ ധന ശേഖരത്തിന്റെ പരിധി പുനര്‍നിര്‍വചിക്കാമെന്ന് ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു.

വായ്പ തട്ടിപ്പുകള്‍ വ്യാപകമായ പശ്ചാത്തലത്തില്‍ പൊതുമേഖലാ ബാങ്കുകളുടെ പ്രവര്‍ത്തനത്തില്‍ ആര്‍.ബി.ഐ നിര്‍ദേശിച്ച തിരുത്തല്‍ നടപടികള്‍ പുനഃപരിശോധിക്കാന്‍ റിസര്‍വ് ബാങ്ക് സന്നദ്ധത അറിയിച്ചു. കൂടാതെ, പൊതുമേഖലാ ബാങ്കുകളുടെ വായ്പ ചട്ടങ്ങള്‍ ലഘൂകരിക്കുന്ന കാര്യത്തിലും പ്രത്യേക സമിതിയുടെ അഭിപ്രായം തേടും.

ചെറുകിടഇടത്തരം വ്യവസായ സ്ഥാപനങ്ങളുടെ നിലവിലെ വായ്പകള്‍ പുനഃക്രമീകരിക്കും. 25 കോടി വരെ ബാധ്യതയുള്ള സ്ഥാപനങ്ങള്‍ക്ക് വായ്പാ തിരിച്ചടവില്‍ ചില ഇളവുകള്‍ നല്‍കാനും ധാരണയായി

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ആര്‍.ബി.ഐ കേന്ദ്ര സര്‍ക്കാരിന് നല്‍കിയത് 2.5 ലക്ഷം കോടി രൂപയാണ്. അതായത് ആര്‍.ബി.ഐ വരുമാനത്തിന്റെ 75 ശതമാനവും സര്‍ക്കാരിന് നല്‍കിയതായി സിഎജി അറിയിക്കുകയുണ്ടായി.

ആര്‍ബിഐയുടെ വരുമാനം, ചെലവ്, മിച്ചംവരുന്ന തുക എന്നിവ പരിശോധിച്ചശേഷമാണ് സിഎജി ഈ വെളിപ്പെടുത്തല്‍ നടത്തിയത്.

ഇതുപ്രകാരം 201314 സാമ്പത്തികവര്‍ഷം മുതല്‍ 201718വരെയുള്ള ആര്‍ബിഐയുടെ വരുമാനം 3.3 ലക്ഷം കോടി രൂപയാണ്. ഇതില്‍ 2.48 ലക്ഷം കോടി രൂപയാണ് കേന്ദ്ര സര്‍ക്കാരിന് കൈമാറിയത്. 2015-16 സാമ്പത്തിക വര്‍ഷത്തിലാണ് ഏറ്റവും കൂടുതല്‍ തുക സര്‍ക്കാരിന് നല്‍കിയത്. വരുമാനത്തിന്റെ 83% തുകയാണ് സര്‍ക്കാരിന് കൈമാറിയത്.

ഡിസംബര്‍ 14ന് അടുത്ത ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേരും.

Comments

comments

Categories: Business & Economy, Slider
Tags: RBI