ഇന്ത്യന്‍ കമ്പനികളുടെ വളര്‍ച്ചാ നിഗമനത്തില്‍ ഇടിവ്

ഇന്ത്യന്‍ കമ്പനികളുടെ വളര്‍ച്ചാ നിഗമനത്തില്‍ ഇടിവ്

ന്യൂഡെല്‍ഹി: സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ഇന്ത്യന്‍ കമ്പനികളുടെ പ്രകടനം അനലിസ്റ്റുകളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ല. ഇതോടെ നടപ്പു സാമ്പത്തിക വര്‍ഷത്തിലും വരുന്നസാമ്പത്തിക വര്‍ഷത്തിലും ഇന്ത്യന്‍ കമ്പനികള്‍ കൈവരിക്കാവുന്ന വളര്‍ച്ച സംബന്ധിച്ച തങ്ങളുടെ നിഗമനം അനലിസ്റ്റുകള്‍ വെട്ടിക്കുറച്ചു. മുന്‍ നിഗമനങ്ങളില്‍ 4-5 ശതമാനം വെട്ടിക്കുറയ്ക്കാലണ് വരുത്തിയിട്ടുള്ളത്. ടാറ്റാ മോട്ടോഴ്‌സ്, വേദാന്ത എന്നീ ബ്ലൂചിപ് കമ്പനികളുടെ വളര്‍ച്ച സംബന്ധിച്ച പ്രതീക്ഷയിലാണ് വലിയ തിരിച്ചടി ഉണ്ടായിട്ടുള്ളത്.

വളരേ ചുരുക്കം കമ്പനികള്‍ മാത്രമാണ് അനലിസ്റ്റുകളുടെ പ്രതീക്ഷയെ കവച്ചുവെക്കുന്ന പ്രകടനം കാഴ്ചവെച്ചത്. ഭൂരിഭാഗം കമ്പനികളുടെ പ്രകടനവും വിപണിയെ നിരാശപ്പെടുത്തുന്നതായിരുന്നു. മോശം ഡിമാന്‍ഡ് സാഹചര്യം മൂലം പ്രവര്‍ത്തന ചെലവുകളിലെ വര്‍ധനയ്ക്ക് അനുസൃതമായി ഉല്‍പ്പന്നങ്ങളുടെയോ സേവനങ്ങളുടെയോ വില വര്‍ധിപ്പാക്കാന്‍ കമ്പനികള്‍ക്ക് സാധിക്കുന്നില്ല. നിഫ്റ്റി 50 കമ്പനികളില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 6.9 ശതമാനം വളര്‍ച്ച മാത്രമാണ് പ്രകടമാക്കിയത്.

രണ്ട് വര്‍ഷത്തിനുള്ളില്‍ വരുമാന വളര്‍ച്ച തിരികെ പിടിക്കാനാകുമെന്നാണ് കരുതുന്നത്. കൂടുതലായുണ്ടാകുന്ന വളര്‍ച്ച ബാങ്ക്, ഫിനാന്‍സ് കമ്പനികളില്‍ നിന്നുമാകുമെന്നും വിലയിരുത്തപ്പെടുന്നു. നിഫ്റ്റി50 കമ്പനികളുടെ അറ്റാദായത്തില്‍ നടപ്പു സാമ്പത്തിക വര്‍ഷവും അടുത്ത സാമ്പത്തിക വര്‍ഷവും യഥാക്രമം 15 ശതമാനത്തിന്റെയും 26 ശതമാനത്തിന്റെയും വളര്‍ച്ച ഉണ്ടാകുമെന്ന് കരുതുന്നതായി കൊട്ടക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റിയിലെ അനലിസ്റ്റുകള്‍ രേഖപ്പെടുത്തുന്നു.

ബാങ്കുകളും ഫിനാന്‍സ് സ്ഥാപനങ്ങളും ഒഴികെയുള്ള 1851 കമ്പനികളെ പരിഗണിച്ചപ്പോള്‍ അവയുടെ അറ്റാദായം രണ്ടാം പാദത്തില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 5 ശതമാനം മാത്രമാണ് ഉയര്‍ന്നത്. അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിക്കുന്നതും ലാഭം കുറയുന്നതിന് കാരണമാകുന്നു.

അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധന, ഉയര്‍ന്ന പലിശ നിരക്ക്, കുറഞ്ഞ ജോലി സാധ്യതകള്‍, സ്വകാര്യ മൂലധനത്തിലെ ഇടിവ് എന്നിവയെല്ലാം നിലവില്‍ സമ്പദ് വ്യവസ്ഥയില്‍ തലവേദന സൃഷ്ടിക്കുന്നുണ്ട്. രണ്ട് സാമ്പത്തിക വര്‍ഷങ്ങളില്‍ ബാങ്കുകള്‍ താരതമ്യേന മികച്ച പ്രകടനം കാഴ്ച വെക്കും. ഓട്ടോമൊബീല്‍, സിമന്റ് മേഖലകളിലെ വളര്‍ച്ച മന്ദഗതിയിലായിരിക്കുമെന്നാണ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്.

Comments

comments

Categories: Business & Economy