പ്രതിഭാ റാങ്കിംഗില്‍ ഇന്ത്യക്ക് 53ാം സ്ഥാനം

പ്രതിഭാ റാങ്കിംഗില്‍ ഇന്ത്യക്ക് 53ാം സ്ഥാനം

ന്യൂഡെല്‍ഹി: ഐഎംഡി ബിസിനസ് സ്‌കൂള്‍ സ്വിറ്റ്‌സര്‍ലാന്‍ഡ് തയാറാക്കിയ വാര്‍ഷിക സര്‍വേ റിപ്പോര്‍ട്ട് പ്രകാരമുള്ള ടാലന്റ് റാങ്കിംഗില്‍ ഇന്ത്യയുടെ സ്ഥാനത്തില്‍ ഇടിവ്. രണ്ടു സ്ഥാനങ്ങള്‍ പിന്നിലേക്കു പോയ ഇന്ത്യ ഇത്തവണ 53ാം സ്ഥാനമാണ് കരസ്ഥമാക്കിയിരിക്കുന്നത്. സ്വിറ്റ്‌സര്‍ലാന്‍ഡാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ഏഷ്യന്‍ രാജ്യങ്ങളില്‍ സിംഗപ്പൂരാണ് പ്രതിഭാ റാങ്കിംഗില്‍ മുന്നില്‍ നില്‍ക്കുന്നത്. ആഗോള തലത്തില്‍ 13ാം സ്ഥാനമാണ് സിംഗപ്പൂരിനുള്ളത്.

പ്രതിഭകളെ വികസിപ്പിച്ചെടുക്കല്‍, ആകര്‍ഷിക്കല്‍, നിലനിര്‍ത്തല്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് 63 രാജ്യങ്ങളുടെ പട്ടിക തയാറാക്കിയിട്ടുള്ളത്. ചൈന 39ാം സ്ഥാനത്താണ് പട്ടികയിലുള്ളത്. വിദേശ പ്രതിഭകളെ തങ്ങളുടെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതില്‍ ചൈനയ്ക്കുള്ള അപര്യാപ്തതയും വിദ്യാഭ്യാസത്തിലെ പൊതു ചെലവിടല്‍ മറ്റ് വികസിത സമ്പദ് വ്യവസ്ഥകളിലെ ശരാശരിയേക്കാള്‍ താഴ്ന്നതാണ് എന്നതും ചൈനയുടെ കുറഞ്ഞ റാങ്കിംഗിന് കാരണമായി.

തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ് പ്രതിഭാ റാങ്കിംഗില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് ഒന്നാം സ്ഥാനത്തെത്തുന്നത്. ഡെന്‍മാര്‍ക്ക്, നോര്‍വേ, ഓസ്ട്രിയ, നെതര്‍ലന്‍ഡ്‌സ് എന്നിവയാണ് ആദ്യ അഞ്ചില്‍ ഉള്‍പ്പെട്ട മറ്റ് രാജ്യങ്ങള്‍. കാനഡ മാത്രമാണ് ആദ്യ പത്തില്‍ ഇടം പിടിച്ച യൂറോപ്പ് ഇതര രാജ്യം. 6000ഓളം എക്‌സിക്യൂട്ടിവുകളില്‍ നിന്ന് വിവരം സ്വീകരിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയിട്ടുള്ളത്.

പട്ടികയില്‍ ആദ്യ പത്തില്‍ എത്തിയ രാജ്യങ്ങള്‍ പൊതു വിദ്യാഭ്യാസത്തിലും ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്ന പദ്ധതികളിലും മികച്ച നിക്ഷേപം നടത്തുന്നവരാണ്. ഇത് വിദേശങ്ങളില്‍ നിന്നുള്ള മികച്ച പ്രൊഫഷണലുകളെയും അങ്ങോട്ട് ആകര്‍ഷിക്കുന്നുണ്ട്. ദക്ഷിണേന്ത്യയിലെ സമ്പദ് വ്യവസ്ഥകള്‍ ആഗോള തലത്തില്‍ ശ്രദ്ധേയരായ പ്രതിഭകളെ ആകര്‍ഷിക്കുന്നതില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നു എങ്കിലും രാജ്യത്തിനകത്തെ പ്രതിഭകളെ വളര്‍ത്തിയെടുക്കുന്നതില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട് വിലയിരുത്തുന്നു.

Comments

comments

Categories: Current Affairs, Slider