ദുബായ്: വെറും രണ്ട് മാസത്തിനിടെ രണ്ടാം തവണയും പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന് യുഎഇ സന്ദര്‍ശിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്ന പാക്കിസ്ഥാന് യുഎഇ പിന്തുണ നല്‍കിയേക്കും. അന്താരാഷ്ട്ര നാണ്യ നിധിയുടെ സാമ്പത്തിക പാക്കേജിനെ അമിതമായി ആശ്രയിക്കുന്നത് ഒഴിവാക്കാനുള്ള നീക്കം കൂടിയാണ് പാക്കിസ്ഥാന് നടത്തുന്നത്. അബുദാബി കിരീടാവകാശി ഷേഖ് മുഹമ്മദ് ബിന്‍ സയിദുമായി പ്രസിഡന്‍ഷ്യല്‍ പാലസില്‍ വെച്ച് ഇമ്രാന് ഖാന് ചര്‍ച്ച നടത്തി.
ധനകാര്യമന്ത്രി അസദ് ഉമര്‍, വിദേശാകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി, ചീഫ് ഓഫ് ആര്‍മി സ്റ്റാഫ് ജന. ഖമര്‍ ജാവേദ് ബജ്വ എന്നിവരും ഇമ്രാന് ഖാനൊപ്പമുണ്ടായിരുന്നു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമുമായും ഇമ്രാന് ഖാന് ചര്‍ച്ച നടത്തി.
സെപ്റ്റംബര്‍ 19നായിരുന്നു പ്രധാനമന്ത്രിയെന്ന നിലയിലുള്ള ഇമ്രാന് ഖാന്റെ ആ്ദ്യ യുഎഇ സന്ദര്‍ശനം. സാമ്പത്തിക, വ്യാപാര, നിക്ഷേപ ബന്ധങ്ങള്‍ ശക്തിപ്പെടുത്താന്‍ അന്ന് ഇരുരാജ്യങ്ങളും തീരുമാനിച്ചിരുന്നു. പാക്കിസ്ഥാനിലേക്ക് പ്രധാനമായും എണ്ണ ഇറക്കുമതി ചെയ്യുന്നത് യുഎഇയില്‍ നിന്നാണ്. നേരത്തെ സൗദി അറേബ്യയിലേക്കും സാമ്പത്തിക സഹായം ലക്ഷ്യമിട്ട് പാക്കിസ്ഥാന് പ്രധാനമന്ത്രി സന്ദര്‍ശനം നടത്തിയിരുന്നു. ഇതേ ലക്ഷ്യവുമായി ചൈനയിലേക്ക് ഇമ്രാന് നടത്തിയ സന്ദര്‍ശനം വേണ്ടത്ര വിജയം കണ്ടില്ലെന്ന വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.
വായ്പാ സംവിധാനത്തിനു വേണ്ടി അന്താരാഷ്ട്ര നാണ്യനിധിയുമായി പാക്കിസ്ഥാന് ചര്‍ച്ച നടത്തി വരികയാണ്. ഇക്കാര്യത്തില്‍ ഇന്ന് തീരുമാനമായേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഈ സാമ്പത്തിക വര്‍ഷത്തേക്ക് മാത്രം 12 ബില്ല്യണ്‍ ഡോളറിന്റെ കമ്മിയാണ് പാക്കിസ്ഥാന് നേരിടുന്നത്. ഇത് ഏത് വിധേനെയും പരിഹരിക്കുകയെന്നതാണ് ഇമ്രാന് ഖാന്റെ പ്രധാന അജണ്ട. സൗദി അറേബ്യ, യുഎഇ, ചൈന, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് മികച്ച സഹായമാണ് പാക്കിസ്ഥാന് പ്രതീക്ഷിക്കുന്നത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ എത്ര തുകയുടെ സഹായം ചൈന പാക്കിസ്ഥാന് നല്‍കുമെന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല.