ഗ്രാന്‍ഡ് ഐ10, എക്‌സെന്റ് പരിഷ്‌കരിച്ചു

ഗ്രാന്‍ഡ് ഐ10, എക്‌സെന്റ് പരിഷ്‌കരിച്ചു

ന്യൂഡെല്‍ഹി : കൂടുതല്‍ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ10, എക്‌സെന്റ് മോഡലുകള്‍ പരിഷ്‌കരിച്ചു. അതാത് സെഗ്‌മെന്റുകളില്‍ നിലവിലേതിനേക്കാള്‍ മികച്ച മല്‍സരം കാഴ്ച്ചവെയ്ക്കുകയാണ് ലക്ഷ്യം. ഇരു കാറുകളുടെയും അകവും പുറവും പരിഷ്‌കരിച്ചു. പുതിയ ഗ്രാന്‍ഡ് ഐ10 അടുത്ത വര്‍ഷവും പുതിയ എക്‌സെന്റ് 2020 ലും വിപണിയിലെത്തും. അതിനുമുമ്പാണ് ഇരു കാറുകളും ഇപ്പോള്‍ പരിഷ്‌കാരങ്ങള്‍ ഏറ്റുവാങ്ങിയത്. ഗ്രാന്‍ഡ് ഐ10 മോഡലിന്റെ മിഡ് സ്‌പെക് വേരിയന്റുകളും എക്‌സെന്റ് മോഡലിന്റെ ഉയര്‍ന്ന വേരിയന്റുകളുമാണ് പരിഷ്‌കരിച്ചത്.

ഗ്രാന്‍ഡ് ഐ10 മാഗ്‌ന വേരിയന്റില്‍ റൂഫ് റെയിലുകള്‍, മൗള്‍ഡിംഗ്, കാബിനില്‍ ഹ്യുണ്ടായ് ഐബ്ലൂ ആപ്പ് സഹിതം 7 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ നല്‍കി. എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, റിയര്‍ സ്‌പോയ്‌ലര്‍, ഐബ്ലൂ ആപ്പ്, റിയര്‍ എസി വെന്റുകള്‍ എന്നിവയാണ് ഉയര്‍ന്ന സ്‌പോര്‍ട്‌സ് വേരിയന്റിന് ലഭിച്ചത്. ബൂട്ട് മൗണ്ടഡ് സ്‌പോയ്‌ലര്‍, 7 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ സിസ്റ്റത്തിന് ഐബ്ലൂ ആപ്പ്, വയര്‍ലെസ് ചാര്‍ജിംഗ് എന്നിവയാണ് ഹ്യുണ്ടായ് എക്‌സെന്റ് എസ്എക്‌സ്, എസ്എക്‌സ്(ഒ) വേരിയന്റുകളില്‍ വരുത്തിയ മാറ്റങ്ങള്‍.

മാത്രമല്ല, നിലവില്‍ വിറ്റുകൊണ്ടിരിക്കുന്ന രണ്ട് മോഡലുകള്‍ക്കും 90,000 രൂപ വരെയുള്ള ഇളവുകള്‍ പ്രഖ്യാപിച്ചു. ഗ്രാന്‍ഡ് ഐ10 പെട്രോള്‍ വേര്‍ഷന് 65,000 രൂപ വരെ ഇളവുകളും ഡീസല്‍ വേര്‍ഷന് പ്രത്യേക ഓഫറുകളും പ്രഖ്യാപിച്ചു. ഹ്യുണ്ടായ് എക്‌സെന്റിനാണ് 90,000 രൂപ വരെ ഇളവുകള്‍ നല്‍കുന്നത്.

രണ്ട് കാറുകള്‍ക്കും ഒരേ പെട്രോള്‍, ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനുകളാണ് നല്‍കിയിരിക്കുന്നത്. 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 82 ബിഎച്ച്പി കരുത്തും 115 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 5 സ്പീഡ് മാന്വല്‍, 4 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് എന്നിവയാണ് ഓപ്ഷനുകള്‍. 1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ മോട്ടോര്‍ 74 ബിഎച്ച്പി കരുത്തും 190 എന്‍എം പരമാവധി ടോര്‍ക്കും പുറപ്പെടുവിക്കും. 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് എന്‍ജിനുമായി ചേര്‍ത്തു.

Comments

comments

Categories: Auto