ഇലക്ട്രോണിക് ഗൃഹോപകരണങ്ങള്‍ക്ക് 10% വരെ വില കൂടും

ഇലക്ട്രോണിക് ഗൃഹോപകരണങ്ങള്‍ക്ക് 10% വരെ വില കൂടും

ന്യൂഡെല്‍ഹി: രൂപയുടെ മൂല്യത്തിലെ വ്യതിയാനങ്ങളും ഇറക്കുമതി ചെയ്യുന്ന റഫ്രിജറേറ്ററുകളുടെയും വാഷിംഗ് മെഷീനുകളുടെയും തീരുവ ഉയര്‍ത്തിയ നടപടിയും മൂലം ഈ വാരത്തിന്റെ തുടക്കത്തില്‍ തന്നെ ഗൃഹോപകരണങ്ങള്‍ക്കും ടെലിവിഷന്‍ സെറ്റുകള്‍ക്കും മൂന്ന് മുതല്‍ പത്ത് ശതമാനം വര വില വര്‍ധിച്ചേക്കാമെന്ന് സൂചന. കഴിഞ്ഞ മാസം ആദ്യം തന്നെ കമ്പനികള്‍ വില വര്‍ധനവ് ആസൂത്രണം ചെയ്തിരുന്നെങ്കിലും വിപണിയിലെ സീസണ്‍ വില്‍പ്പന പരിഗണിച്ച് മാറ്റിവെക്കുകയായിരുന്നുവെന്ന് വിപണിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

എല്‍ജി, സാംസംഗ്, സോണി എന്നീ മൂന്ന് മുന്‍നിര ബ്രാന്‍ഡുകള്‍ റീട്ടെയ്ല്‍ വിഭാഗങ്ങള്‍ക്ക് നല്‍കി വരുന്ന പത്ത് ശതമാനത്തിന് മുകളിലുള്ള വില്‍പ്പന പിന്തുണയും സബ്‌സിഡിയും ഇതിനകം തന്നെ പിന്‍വലിച്ച് കഴിഞ്ഞു. ബോഷ്, സെയ്‌മെന്‍സ്, ഹയര്‍, ഷഓമി, ബിപിഎല്‍ എന്നീ ബ്രാന്‍ഡുകളും വിലവര്‍ധിപ്പിച്ചിട്ടുണ്ട്. ഇതോടെ ഉപഭോക്താക്കള്‍ക്ക് ഡിസ്‌കൗണ്ട് ആനുകൂല്യങ്ങളൊന്നും ലഭിക്കില്ലെന്നുറപ്പായി.

‘സെപ്റ്റംബര്‍ മാസത്തില്‍ ചില ബ്രാന്‍ഡുകള്‍ക്ക് പ്രഖ്യാപിച്ച വില വര്‍ധനവ് ഇപ്പോള്‍ പ്രാബല്യത്തില്‍ വരുത്താന്‍ പോകുകയാണ്. ഉല്‍സവകാലങ്ങളില്‍ യാതൊരു തരത്തിലുള്ള വിലവര്‍ധനവും ബ്രാന്‍ഡുകള്‍ ആഗ്രഹിച്ചിരുന്നില്ല. വന്‍തോതിലുള്ള ഓണ്‍ലൈന്‍ ഓഫറുകളെ നേരിടാന്‍ ചില്ലറ റീട്ടെയ്ല്‍ സ്‌റ്റോര്‍ ഉടമകള്‍ക്കും ചില ആനുകൂല്യങ്ങള്‍ നല്‍കിയിരുന്നു,’ ഗോദ്‌റെജ് അപ്ലയന്‍സസിന്റെ മേധാവിയും വ്യവസായ സംഘടനയായ സിഇഎഎംഎയുടെ പ്രസിഡന്റുമായ കമല്‍ നന്ദി പറഞ്ഞു. മാര്‍ജിന്‍ വില വര്‍ധിച്ചുകൊണ്ടിരിക്കുമ്പോള്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്കുറവ് സാധ്യമുള്ള കാര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉല്‍സവ കാലത്ത് വില മാറ്റമില്ലാതെ തുടര്‍ന്നെങ്കിലും ഈ വാരാന്ത്യത്തില്‍ അഞ്ച് മുതല്‍ എട്ട് ശതമാനം വരെ വില വര്‍ധിപ്പിച്ചാണ് ഉല്‍പ്പന്നങ്ങള്‍ വിറ്റഴിച്ചതെന്ന് ഹയര്‍ ഇന്ത്യയുടെ പ്രസിഡന്റ് എറിക് ബ്രിഗാന്‍സ പറഞ്ഞു. എന്നാല്‍ എല്‍ജിയും സാംസംഗും സോണിയും ഇക്കാര്യത്തില്‍ പ്രതികരണങ്ങള്‍ നടത്തിയിട്ടില്ല.

ദീപാവലി സമയത്ത് വലിയ ബ്രാന്‍ഡുകള്‍ സാധാരണയായി വില്‍പ്പന പിന്തുണ വാഗ്ദാനം ചെയ്യാറുണ്ടെങ്കിലും വിലവര്‍ധനവിനെ നേരിടാന്‍ ഇത്തവണത്തെ പോലെ 10 ശതമാനത്തോളം കിഴിവ് മുന്‍പ് നല്‍കിയിട്ടില്ലെന്ന് വിപണി വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. പ്രീമിയം വിഭാഗത്തില്‍ മാത്രമാണ് മുന്‍പ് ഇത്തരം പരമാവധി പിന്തുണ നല്‍കിയിരുന്നത്. അതേസമയം ബ്രാന്‍ഡുകള്‍ സാമ്പത്തിക പിന്തുണ പിന്‍വലിക്കുന്നത് വരും മാസങ്ങളിലെ വില്‍പ്പനയെ ദോഷകരമായി ബാധിക്കുമോയെന്ന ആശങ്കയിലാണ് റീട്ടെയ്ല്‍ വ്യാപാരികള്‍.

Comments

comments

Categories: Business & Economy