ലോകത്തെ ഏറ്റവും വലിയ സ്‌പോര്‍ട്‌സ് ഷോപ്പിംഗ് മാള്‍ നിര്‍മിക്കാന്‍ ദുബായ് സംരംഭം

ലോകത്തെ ഏറ്റവും വലിയ സ്‌പോര്‍ട്‌സ് ഷോപ്പിംഗ് മാള്‍ നിര്‍മിക്കാന്‍ ദുബായ് സംരംഭം

ദുബായ്: ലോകത്തെ ഏറ്റവും വലിയ സ്‌പോര്‍ട്‌സ് ഷോപ്പിംഗ് മാള്‍ വരുന്നതും ദുബായില്‍. എമിറേറ്റ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വിവ സിറ്റി എന്ന സംരംഭമാണ് വാണിജ്യാടിസ്ഥാനത്തിലുള്ള ലോകത്തെ ഏറ്റവും വലിയ സ്‌പോര്‍ട്‌സ് മാള്‍ നിര്‍മിക്കുന്നത്. സ്‌പോര്‍ട്‌സ് കേന്ദ്രങ്ങളെ ഇതുവരെ കാണാത്ത തലത്തിലേക്ക് എത്തിക്കുകയാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് വിവ സിറ്റി അധികൃതര്‍ പറഞ്ഞു.

ആഗോള റീട്ടെയ്ല്‍ മാമാങ്കമായ എക്‌സ്‌പോ 2020യോട് അനുബന്ധിച്ച് 2020ല്‍ തന്നെ ഷോപ്പിംഗ് മാള്‍ പ്രവര്‍ത്തനമാരംഭിക്കും. മൂന്ന് നിലകളാകും കായിക ഷോപ്പിംഗ് മാളിനുണ്ടാകുക. 12 ഫുട്‌ബോള്‍ പിച്ചുകള്‍ക്ക് തുല്യമുള്ളതാകും മൊത്തത്തിലുള്ള സ്ഥലം. വിവിധയിനം കായിക മല്‍സരങ്ങള്‍ നടത്താന്‍ സാധിക്കുന്ന തരത്തിലാണ് ഗ്രൗണ്ട് ഫ്‌ളോര്‍ ഒരുക്കുക.

ബാക്കി രണ്ട് ഫ്‌ളോറുകളില്‍ ഏറ്റവും പ്രമുഖമായ അന്താരാഷ്ട്ര സ്‌പോര്‍ട്‌സ് ബ്രാന്‍ഡുകളുടെ റീട്ടെയ്ല്‍ ഔട്ട്‌ലെറ്റുകളായിരിക്കും ഇടം പിടിക്കുക. മാത്രമല്ല പല തരം കായികമല്‍സരങ്ങള്‍ക്കുള്ള ഇടങ്ങളും ഇവിടുങ്ങളിലുണ്ടാകും. തീര്‍ന്നില്ല, റെസ്റ്ററന്റുകളുടെയും കഫെകളുടെയും വന്‍ശൃംഖലകളും മാളിലെത്തുന്നവരുടെ രുചിമുകുളങ്ങള്‍ക്ക് ആഘോഷമേകാനുണ്ടാകും.

അന്താരാഷ്ട്ര സ്‌പോര്‍ട്‌സ് മല്‍സരങ്ങള്‍ തല്‍സമയം കാണാന്‍ പാകത്തിലുള്ള വമ്പന്‍ സ്‌ക്രീനും മാളില്‍ സജ്ജീകരിക്കും. വലിയ എല്‍ഇഡി ഡിസ്‌പ്ലേ പാനലുകളോട് കൂടിയുള്ളതാകും അത്. സന്ദര്‍ശകര്‍ക്കുള്ള ആക്റ്റിവിറ്റീസിന്റെ കാര്യത്തിലായാലും ഡിസൈനിന്റെ കാര്യത്തിലായാലും വലിയ സര്‍പ്രൈസുകളാണ് ഈ മാള്‍ കരുതിവെച്ചിരിക്കുന്നത്. ഷോപ്പിംഗും വിനോദവും കായികവും കോര്‍ത്തിണക്കിയുള്ള അത്യപൂര്‍വ അനുഭവമാകും ഇത് സന്ദര്‍ശകര്‍ക്ക് സമ്മാനിക്കുക. ദുബായ് ഫിറ്റ്‌നെസ് ചലഞ്ചിനോട് അനുബന്ധിച്ചാകും പദ്ധതിയുടെ ലോഞ്ചിംഗ്. ദി സ്‌പോര്‍ട് സൊസൈറ്റിയെന്നാണ് പദ്ധതിക്ക് നല്‍കിയിരിക്കുന്ന പേര്.

ദുബായിലെ സ്‌പോര്‍ട്‌സ് റീട്ടെയ്ല്‍ രംഗത്ത് വലിയ വഴിത്തിരിവാകും മാളെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അന്താരാഷ്ട്ര സ്‌പോര്‍ട്‌സ് സമൂഹത്തെ ദുബായിലേക്ക് ആകര്‍ഷിക്കാന്‍ മാളിന് സാധിക്കുമെന്നാണ് ഈ സംരംഭത്തിന് പിന്നിലുള്ളവരുടെ പ്രതീക്ഷ.

Comments

comments

Categories: World
Tags: Dubai, Viva City