സര്‍ക്കാര്‍ ചെലവിടലില്‍ കാലതാമസം; ഇന്ത്യന്‍ ഐടി കമ്പനികളുടെ വരുമാനം കുറയുന്നു

സര്‍ക്കാര്‍ ചെലവിടലില്‍ കാലതാമസം; ഇന്ത്യന്‍ ഐടി കമ്പനികളുടെ വരുമാനം കുറയുന്നു

ബെംഗലൂരു: ആഭ്യന്തര ഉപഭോക്താക്കളില്‍ നിന്ന് ഇന്ത്യന്‍ ഐടി സേവന കമ്പനികള്‍ക്ക് ലഭിക്കുന്ന വരുമാനം കഴിഞ്ഞ നാല് പാദങ്ങളിലായി ഇടിവ് രേഖപ്പെടുത്തുകയാണ്. സാങ്കേതിക മേഖലയില്‍ ഏറ്റവും കൂടുതല്‍ ചെലവഴിക്കുന്ന സര്‍ക്കാരില്‍ നിന്നു ലഭിക്കുന്ന ബിസിനസിലെ അസ്ഥിരതയാണ് ഐടി കമ്പനികളുടെ വരുമാനത്തെ പ്രതിസന്ധിയിലാക്കുന്നത്.

സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ രാജ്യത്തെ ഏറ്റവും വലിയ ഐടി സേവന ദാതാക്കളായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസി(ടിസിഎസ്)ന്റെ വരുമാന വളര്‍ച്ച 5.6 ശതമാനമായി താഴ്ന്നു. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ 6.3 ശതമാനമായിരുന്നു വരുമാന വളര്‍ച്ച. ടിസിഎസിന്റെ എതിരാളിയായ ഇന്‍ഫോസിസിന്റെ ഇന്ത്യയിലെ ബിസിനസ്സില്‍ നിന്നുള്ള വരുമാനത്തിലെ വളര്‍ച്ച 2.5 ശതമാനമായി കുറഞ്ഞു. ഒരു വര്‍ഷം മുന്‍പിത് 3 ശതമാനമായിരുന്നു.

സര്‍ക്കാരില്‍ നിന്നുള്ള കരാറുകളില്‍ കേന്ദ്രീകരിക്കുന്നതും മറ്റ് സംരംഭങ്ങളെ ലക്ഷ്യം വെക്കുന്നതുമായി വിപ്രോ തങ്ങളുടെ ഇന്ത്യയിലെ ബിസിനസിനെ രണ്ട് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. സര്‍ക്കാരില്‍ നിന്നുള്ള കരാറുകള്‍ ഏറ്റെടുക്കുന്നതില്‍ നിന്നും ഇന്ത്യന്‍ കമ്പനികളെ ചില പദ്ധതി നിര്‍വഹണ പ്രശ്‌നങ്ങളും മറ്റ് വെല്ലുവിളികളും പിന്തിരിപ്പിക്കുന്നുവെന്ന് നാഷണല്‍ അസോസിയേഷന്‍ ഓഫ് സോഫ്റ്റ്‌വെയര്‍ ആന്‍ഡ് സര്‍വീസസ് കമ്പനീസ്(നാസ്‌കോം) പറയുന്നു. മുന്‍നിരയിലുള്ള മൂന്ന് കമ്പനികളുടെയും വരുമാനത്തില്‍ മാന്ദ്യം അനുഭവനപ്പെടുകയാണ്.

സര്‍ക്കാര്‍ പദ്ധതികളില്‍ എവിടെ നിക്ഷേപിക്കണമെന്നതില്‍ കമ്പനികള്‍ ജാഗ്രത പുലര്‍ത്തുന്നതായി നാസ്‌കോം സീനിയര്‍ വൈസ് പ്രസിഡന്റ് സംഗീത ഗുപ്ത പറഞ്ഞു. രാജ്യത്തെ ഐടി മേഖലയുടെ വളര്‍ച്ചയ്ക്ക് സഹായകമാകുന്ന രീതിയില്‍ സ്വകാര്യ നിക്ഷേപം ഉണ്ടാകുമെന്ന കാര്യത്തില്‍ നാസ്‌കോം ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ് ഡിജിറ്റല്‍ പരിവര്‍ത്തനത്തിന്റെ ഭാഗമായി പുതിയ സാങ്കേതികവിദ്യകള്‍ സ്വീകരിക്കുന്നതിന് ഇന്ത്യന്‍ കമ്പനികള്‍ തീവ്രമായി പരിശ്രമിക്കുന്നു എന്നതാണ് രണ്ടാമത്തെ വലിയ മാറ്റമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സാങ്കേതിക ഗവേഷക സ്ഥാപനമായ ഗാര്‍ട്ണര്‍ നല്‍കുന്ന കണക്ക് പ്രകാരം ഇന്ത്യയിലെ ഐടി മേഖലയിലെ ചെലവ് ഈ വര്‍ഷം 4.5 ശതമാനം വര്‍ധിച്ച് 83.59 ബില്യണ്‍ ഡോളറിലെത്തി. കമ്യൂണിക്കേഷന്‍ സേവനങ്ങള്‍, ഡിവൈസുകള്‍, ഡാറ്റ സെന്റര്‍ സംവിധാനം, ഐടി സേവനങ്ങള്‍ എന്നിവയിലെ ചെലവിടല്‍ കുറഞ്ഞിട്ടുണ്ട്. 2019 ല്‍ മൊത്തം ഐടി ചെലവിടല്‍ 6.7 ശതമാനം വര്‍ധിച്ച് 89.23 ബില്യണ്‍ ഡോളറാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഗാര്‍ട്ണര്‍ കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Business & Economy
Tags: IT companies