കാര്‍ലോസ് ഘോസനെ അറസ്റ്റ് ചെയ്തു

കാര്‍ലോസ് ഘോസനെ അറസ്റ്റ് ചെയ്തു

ടോക്കിയോ : നിസാന്‍ മോട്ടോര്‍ കമ്പനി ചെയര്‍മാന്‍ കാര്‍ലോസ് ഘോസനെ ടോക്കിയോയില്‍ അറസ്റ്റ് ചെയ്തു. ധനകാര്യ രേഖകള്‍ (ഫിനാന്‍ഷ്യല്‍ ഇന്‍സ്ട്രുമെന്റ്‌സ്) സംബന്ധിച്ച ജപ്പാനിലെ നിയമം ലംഘിച്ചെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ധനകാര്യ ഫയലിംഗ് നടത്തുന്നതില്‍ കാര്‍ലോസ് ഘോസന്‍ കൃത്രിമം കാണിച്ചതായും സംശയിക്കുന്നു.

വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് കാര്‍ലോസ് ഘോസന്‍ കമ്പനിയുടെ പണം ഉപയോഗിച്ചതായും വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന് നല്‍കിയ ഔദ്യോഗിക പ്രസ്താവനയില്‍ നിസാന്‍ വ്യക്തമാക്കി. കാര്‍ലോസ് ഘോസന്റെയും റെപ്രസന്റേറ്റീവ് ഡയറക്റ്റര്‍ ഗ്രെഗ് കെല്ലിയുടെയും പ്രവര്‍ത്തനങ്ങള്‍ മാസങ്ങളായി അന്വേഷിച്ചുവരികയായിരുന്നുവെന്ന് നിസാന്‍ മോട്ടോര്‍ കമ്പനി അറിയിച്ചു. ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് ഘോസനെ അടിയന്തരമായി നീക്കാന്‍ നിസാന്‍ ബോര്‍ഡ് തീരുമാനിക്കുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

നിസാന്‍, റെനോ, മിറ്റ്‌സുബിഷി എന്നീ വാഹന നിര്‍മ്മാതാക്കളുടെ സഖ്യം രൂപീകരിച്ചതിന് നേതൃത്വം നല്‍കിയത് കാര്‍ലോസ് ഘോസനാണ്. ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോയുടെ പ്രതികരണം പുറത്തുവന്നിട്ടില്ല. ആഗോള വാഹന വ്യവസായത്തിലെ ഏറ്റവും ശക്തനായ ഉദ്യോഗസ്ഥരില്‍ ഒരാളാണ് കാര്‍ലോസ് ഘോസന്‍. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ റെനോ-നിസാന്‍-മിറ്റ്‌സുബിഷി സഖ്യം ഗംഭീര വളര്‍ച്ചയാണ് പ്രകടമാക്കിയത്. 2022 ന് മുമ്പ് റെനോ സിഇഒ സ്ഥാനം ഒഴിയുമെന്ന് അദ്ദേഹം നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Comments

comments

Categories: World
Tags: Carlos Ghosn

Related Articles