ഐപിഒ നടത്തി സര്‍ക്കാര്‍ വരുമാനം കൂട്ടാന്‍ ബഹ്‌റൈന്‍

ഐപിഒ നടത്തി സര്‍ക്കാര്‍ വരുമാനം കൂട്ടാന്‍ ബഹ്‌റൈന്‍

മനാമ: സര്‍ക്കാര്‍ വരുമാനം കൂട്ടുന്നതിന്റെ ഭാഗമായി മൂന്ന് ലോജിസ്റ്റിക്‌സ് അനുബന്ധ കമ്പനികളുടെ പ്രഥമ ഓഹരി വില്‍പ്പന(ഐപിഒ) നടത്താന്‍ ബഹ്‌റൈന്‍. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഐപിഒ നടത്താനാണ് ബഹ്‌റൈന്‍ സര്‍ക്കാരിന്റെ പദ്ധതി. രാജ്യത്തിന്റെ ട്രാന്‍സ്‌പോര്‍ട്ടേഷന്‍, ടെലി കമ്യൂണിക്കേഷന്‍സ് വകുപ്പ് മന്ത്രി കമാല്‍ ദിന്‍ അഹമ്മദാണ് ഇക്കാര്യം അറിയിച്ചത്.

ബഹ്‌റൈന്‍ എയര്‍പോര്‍ട്ട് സര്‍വീസസിന്റെ 20 ശതമാനം ഓഹരികളായിരിക്കും വില്‍ക്കുക. ബഹ്‌റൈന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ബഹ്‌റൈന്‍ ഡ്യൂട്ടി ഫ്രീ, 1.1 ബില്ല്യണ്‍ ഡോളറിന്റെ പുതിയ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ എന്നീ മൂന്ന് സംരംഭങ്ങളെ നിയന്ത്രിക്കുന്ന കമ്പനിയാണ് ബഹ്‌റൈന്‍ എയര്‍പോര്‍ട്ട് സര്‍വീസസ്.

ഈ കമ്പനികളിലെ പ്രധാന ഓഹരിയുടമയെന്ന നിലയ്ക്ക് പുതിയ പദ്ധതിയുമായി സഹകരിക്കാന്‍ മറ്റ് ഓഹരിയുടമകളും തയാറാകുമെന്ന് പ്രതീക്ഷിക്കുകയാണ്. 20 ശതമാനമാണ് ബഹ്‌റൈന്‍ ഓഹരിവിപണികളില്‍ ലിസ്റ്റ് ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യകരമായ മല്‍സരവും സുതാര്യതയും പ്രോല്‍സാഹിപ്പിക്കുന്നതാണ് പ്രഥമ ഓഹരി വില്‍പ്പനയെന്നും കമാല്‍ ദിന്‍ അഹമ്മദ് പറഞ്ഞു.

കുവൈറ്റ്, സൗദി അറേബ്യ, യുഎഇ എന്നിവടങ്ങളില്‍ നിന്നും 10 ബില്ല്യണ്‍ ഡോളറിന്റെ സാമ്പത്തിക സഹായം സ്വീകരിച്ച ശേഷം വലിയ പദ്ധതികളാണ് ജിസിസി മേഖലയിലെ ഏറ്റവും ചെറിയ സമ്പദ് വ്യവസ്ഥയായ ബഹ്‌റൈന്‍ ആസൂത്രണം ചെയ്യുന്നത്.

2022 ആകുമ്പോഴേക്കും ബജറ്റ് കമ്മി ഒഴിവാക്കുന്നതിനുള്ള ശ്രമങ്ങളാണ് ബഹ്‌റൈന്‍ നടത്തുന്നത്. ഇതിനായി 33 പേജുകളുളള വമ്പന്‍ സാമ്പത്തിക പദ്ധതിയും ആസൂത്രണം ചെയ്തിട്ടുണ്ട്. അടുത്ത വര്‍ഷം മുതല്‍ അഞ്ച് ശതമാനം മൂല്യ വര്‍ധിത നികുതി ഏര്‍പ്പെടുത്താനും രാജ്യം തീരുമാനിച്ചിട്ടുണ്ട്.

Comments

comments

Categories: World
Tags: Bahrain