ബാക്ക് ഓഫിസ് സേവനങ്ങള്‍ക്ക് 18 % ജിഎസ്ടി നല്‍കണം

ബാക്ക് ഓഫിസ് സേവനങ്ങള്‍ക്ക് 18 % ജിഎസ്ടി നല്‍കണം

മുംബൈ: ബഹുരാഷ്ട്ര കമ്പനികള്‍ക്ക് സേവനങ്ങള്‍ നല്‍കുന്ന ഇന്ത്യയിലെ ബാക്ക് ഓഫിസുകള്‍ക്ക് 18 ശതമാനം ജിഎസ്ടി നികുതി ബാധകമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇവരെ കയറ്റുമതിക്കാരായി കണക്കാക്കാനാകില്ലെന്നും സേവനങ്ങള്‍ നല്‍കുന്ന ഇടനിലക്കാരായി മാത്രമേ കണക്കാക്കാനാകൂവെന്നുമാണ് നികുതി അധികൃതര്‍ വ്യക്തമാക്കുന്നത്.

വിദേശ ബഹുരാഷ്ട്ര കമ്പനികളുടെ നിയന്ത്രണത്തിലുള്ള ഇന്ത്യയിലെ ബാക്ക് ഓഫിസുകള്‍ക്ക് മാത്രമല്ല വിദേശ കമ്പനികള്‍ക്ക് സേവനം പ്രദാനം ചെയ്യുന്ന ഇന്ത്യന്‍ കമ്പനികള്‍ക്കും 18 ശതമാനം നികുതി ബാധകമാണ്. ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയില്‍ മിക്കവാറും എല്ലാ സാഹചര്യങ്ങളിലും നികുതിയില്‍ ആനുകൂല്യം ലഭ്യമാക്കുന്നുണ്ട്. എന്നാല്‍ ബാക്ക് ഓഫീസ് സേവനങ്ങളെ ഇടനിലക്കാരായാണ് കണക്കാക്കുന്നതെന്ന് തോറിറ്റി ഓഫ് അഡ്വാന്‍സ്ഡ് റൂളിങ് പുറത്തിറക്കിയ പ്രസ്താവന വ്യക്തമാക്കുന്നു.

അക്കൗണ്ടിഗ്, ലീഗല്‍ ആവശ്യങ്ങള്‍ക്കായി പല ബഹുരാഷ്ട്ര കമ്പനികളും ബാക്ക് ഓഫീസ് കമ്പനികളെയാണ് ആശ്രയിക്കുന്നത്. 18 ശതമാനം നികുതി ഏര്‍പ്പെടുത്തിയതോടെ ഈ മേഖല മത്സരക്ഷമത നഷ്ടമാകുകയാണെന്ന് ഇവൈ ഇന്ത്യയിലെ അഭിഷേക് ജെയ്ന്‍ പറയുന്നു. സേവന നികുതിവ്യവസ്ഥയില്‍ തന്നെ ഈ റൂളിംഗ് പ്രത്യാഘാതമുണ്ടാക്കുമെന്നും വ്യാവസായിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. പുതിയ ചട്ടം ജിഎസ്ടി നിയമത്തിന് എതിരാണെന്നും ചില സേവന കയറ്റുമതിക്കാരായ പല കമ്പനികളും ചൂണ്ടിക്കാണിക്കുന്നു.

വാങ്ങലും വില്‍പ്പനയും സുഗമമാക്കുന്നതിനുള്ള ഇടനിലക്കാരനെന്ന നിലയില്‍ മാത്രം ഈ സേവനങ്ങളെ കണക്കാക്കുന്നത് ഉചിതമല്ലെന്ന് പിഡബ്യുസി പരോക്ഷ നികുതി വകുപ്പ് മേധാവി പ്രകൃതി ജയിന്‍ പറഞ്ഞു. ഇത് ഇന്ത്യന്‍ കമ്പനികളെ കാര്യമായി ബാധിക്കുമെന്നും പ്രതിവര്‍ഷം 50 ബില്ല്യണ്‍ ഡോളറിന്റെ വലുപ്പമുള്ള ഔട്ട്‌സോഴ്‌സിംഗ് വിപണിക്ക് തിരിച്ചടിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Business & Economy
Tags: GST