2019 കാവസാക്കി വേഴ്‌സിസ് 1000 ബുക്കിംഗ് ആരംഭിച്ചു

2019 കാവസാക്കി വേഴ്‌സിസ് 1000 ബുക്കിംഗ് ആരംഭിച്ചു

ന്യൂഡെല്‍ഹി : 2019 മോഡല്‍ കാവസാക്കി വേഴ്‌സിസ് 1000 മോട്ടോര്‍സൈക്കിളിന്റെ ബുക്കിംഗ് ഇന്ത്യയില്‍ ആരംഭിച്ചു. 1.50 ലക്ഷം രൂപ നല്‍കി ലിറ്റര്‍ ക്ലാസ് അഡ്വഞ്ചര്‍ ടൂറര്‍ ബുക്ക് ചെയ്യാം. ഡിസംബര്‍ 31 വരെ ബുക്കിംഗ് നടത്താം. എന്നാല്‍ ആദ്യ ബാച്ച് മോട്ടോര്‍സൈക്കിളുകളുടെ ബുക്കിംഗ് സ്വീകരിച്ചുകഴിഞ്ഞാല്‍ ഉടനടി നിര്‍ത്തിയേക്കാനും മതി. 2019 ഏപ്രില്‍ മാസത്തിനുശേഷമായിരിക്കും പുതിയ വേഴ്‌സിസ് 1000 ഡെലിവറി ചെയ്യുന്നത്.

ഈയിടെ സമാപിച്ച ഈ വര്‍ഷത്തെ മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോയിലാണ് പുതിയ വേഴ്‌സിസ് 1000 ആദ്യം പ്രദര്‍ശിപ്പിച്ചത്. പുതിയ മെയ്‌ക്കോവറിലാണ് 2019 മോഡല്‍ വേഴ്‌സിസ് 1000 വരുന്നത്. ഇലക്ട്രോണിക്‌സ് പാക്കേജ് വര്‍ധിപ്പിച്ചു. നിഞ്ച 400 ഉള്‍പ്പെടെയുള്ള പുതു തലമുറ കാവസാക്കി മോഡലുകളുടെ അതേ സ്‌റ്റൈലിംഗ് സൂചകങ്ങള്‍ 2019 കാവസാക്കി വേഴ്‌സിസ് 1000 മോട്ടോര്‍സൈക്കിളിന് ലഭിച്ചിരിക്കുന്നു.

1043 സിസി, ഇന്‍ലൈന്‍ 4 സിലിണ്ടര്‍ എന്‍ജിനാണ് 2019 കാവസാക്കി വേഴ്‌സിസ് 1000 മോട്ടോര്‍സൈക്കിളിന് കരുത്തേകുന്നത്. 6 സ്പീഡ് ട്രാന്‍സ്മിഷന്‍ സിസ്റ്റം എന്‍ജിനുമായി ചേര്‍ത്തുവെച്ചു. 120 ബിഎച്ച്പി കരുത്തും 102 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ് ഫ്യൂവല്‍ ഇന്‍ജെക്റ്റഡ് മോട്ടോര്‍. രണ്ട് റൈഡിംഗ് മോഡുകള്‍, 5 ആക്‌സിസ് ഐഎംയു (ഇനേര്‍ഷ്യല്‍ മെഷര്‍മെന്റ് യൂണിറ്റ്), കോര്‍ണറിംഗ് എബിഎസ്, 3 സ്‌റ്റേജ് ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം എന്നിവ ലഭിച്ചു.

മുന്നില്‍ 43 എംഎം യുഎസ്ഡി ഫോര്‍ക്കുകളും പിന്നില്‍ ഗ്യാസ് ചാര്‍ജ്ഡ് മോണോഷോക്കുമാണ് സസ്‌പെന്‍ഷന്‍ നിര്‍വ്വഹിക്കുന്നത്. മുന്‍ ചക്രത്തില്‍ 310 എംഎം ഇരട്ട ഡിസ്‌ക്കുകളും പിന്‍ ചക്രത്തില്‍ 250 എംഎം സിംഗിള്‍ ഡിസ്‌ക്കും ബ്രേക്കിംഗിന് സഹായിക്കും. ഏകദേശം 14 ലക്ഷം രൂപയായിരിക്കും എക്‌സ് ഷോറൂം വിലയെന്ന് പ്രതീക്ഷിക്കുന്നു. നിലവിലെ മോഡലിനേക്കാള്‍ അല്‍പ്പം കൂടുതല്‍. ഹോണ്ട ആഫ്രിക്ക ട്വിന്‍, ഡുകാറ്റി മള്‍ട്ടിസ്ട്രാഡ 950, ട്രയംഫ് ടൈഗര്‍ 800 തുടങ്ങിയ വമ്പന്‍മാരാണ് എതിരാളികള്‍.

Comments

comments

Categories: Arabia
Tags: Kawasaki

Related Articles