മികച്ച ഇന്ധനക്ഷമത ലഭിക്കുന്ന ബൈക്കുകള്‍

മികച്ച ഇന്ധനക്ഷമത ലഭിക്കുന്ന ബൈക്കുകള്‍

ഓരോ മാസത്തെയും ഇന്ധനച്ചെലവുകള്‍ പിടിച്ചുനിര്‍ത്തുകയെന്നത് ഇന്നത്തെകാലത്ത് വളരെ ബുദ്ധിമുട്ടേറിയ സംഗതിയാണ്. ഒരു ലിറ്റര്‍ ഇന്ധനം നിറച്ചാല്‍ പരമാവധി കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയുന്ന മോട്ടോര്‍സൈക്കിളുണ്ടോ എന്ന് പലരും തിരക്കുന്നത് ഇത്തരം സന്ദര്‍ഭങ്ങളിലാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഇന്ധനക്ഷമത ലഭിക്കുന്ന ബൈക്കുകളെക്കുറിച്ചാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്. അതാത് വാഹന നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്ന ഇന്ധനക്ഷമതാ കണക്കുകളാണ് നല്‍കുന്നത്.

1. ഹീറോ സ്‌പ്ലെന്‍ഡര്‍ ഐ3എസ്

 

ഇന്ത്യയില്‍ ഏറ്റവുമധികം ഇന്ധനക്ഷമത ലഭിക്കുന്ന മോട്ടോര്‍സൈക്കിളാണ് ഹീറോ സ്‌പ്ലെന്‍ഡര്‍. ഇന്ധനക്ഷമതയുടെയും വിശ്വാസ്യതയുടെയും പര്യായമാണ് ഈ മോട്ടോര്‍സൈക്കിള്‍. ഒരു ലിറ്റര്‍ ഇന്ധനം നിറച്ചാല്‍ 102.5 കിലോമീറ്റര്‍ സഞ്ചരിക്കാമെന്ന് കമ്പനി അവകാശപ്പെടുന്നു. മൂന്നക്ക ഇന്ധനക്ഷമതാ കണക്ക് അവിശ്വസനീയമായി തോന്നാമെങ്കിലും 97.2 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് എന്‍ജിനും ഹീറോയുടെ ഐ3എസ് (ഐഡില്‍ സ്റ്റാര്‍ട്ട്-സ്‌റ്റോപ്പ് സിസ്റ്റം) സാങ്കേതികവിദ്യയും ചേരുമ്പോഴാണ് 102.5 കിലോമീറ്റര്‍ എന്ന കണക്കിലെത്തുന്നത്. മോട്ടോര്‍സൈക്കിള്‍ കുറച്ച് നേരത്തേക്ക് ഐഡില്‍ ആയിരുന്നാല്‍ എന്‍ജിന്‍ തനിയെ ഓഫ് ആകുന്നതാണ് ഈ സാങ്കേതികവിദ്യ. ക്ലച്ച് അമര്‍ത്തിയാല്‍ എന്‍ജിന്‍ റീസ്റ്റാര്‍ട്ട് ചെയ്യപ്പെടും. ഇന്ധനക്ഷമതയാര്‍ന്ന എന്‍ജിന്റെ കൂടെ ഐ3എസ് സാങ്കേതികവിദ്യയും ചേരുമ്പോള്‍ ഒന്നാം സ്ഥാനത്തേക്ക് ഹീറോ സ്‌പ്ലെന്‍ഡര്‍ അല്ലാതെ മറ്റൊരു ബൈക്ക് പരിഗണിക്കേണ്ട. സെല്‍ഫ് സ്റ്റാര്‍ട്ട്, ഡ്രം ബ്രേക്ക്, അലോയ് വീല്‍, ഐ3എസ് ഹീറോ സ്‌പ്ലെന്‍ഡറിന് 52,650 രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില.

അവകാശപ്പെടുന്ന ഇന്ധനക്ഷമത : 102.5 കിമീ/ലിറ്റര്‍

2. ബജാജ് പ്ലാറ്റിന 100 ഇഎസ്

 

ജനപ്രിയ എന്‍ട്രി ലെവല്‍ കമ്യൂട്ടര്‍ മോട്ടോര്‍സൈക്കിളാണ് ബജാജ് പ്ലാറ്റിന 100 ഇഎസ്. ഈ സെഗ്‌മെന്റിലെ ബജാജിന്റെ ബെസ്റ്റ് സെല്ലിംഗ് മോഡല്‍ കൂടിയാണ് പ്ലാറ്റിന 100 ഇഎസ്. ബജാജ് സിടി 100 മോട്ടോര്‍സൈക്കിളില്‍നിന്ന് വ്യത്യസ്തമായി മികച്ച കമ്പസ്ചന്‍ നടത്തുന്ന ഡിടിഎസ്-ഐ ട്വിന്‍ സ്പാര്‍ക്ക് മോട്ടോറാണ് പ്ലാറ്റിന 100 ഇഎസ് ബൈക്കിന് കരുത്തേകുന്നത്. കൂടുതല്‍ മികച്ച രീതിയില്‍ ഇന്ധന ജ്വലനം നടത്താന്‍ ഈ മോട്ടോറിന് കഴിയും. കൂടാതെ, കംഫര്‍ടെക് എന്ന് വിളിക്കുന്ന മെച്ചപ്പെട്ട സസ്‌പെന്‍ഷന്‍ സംവിധാനം ബൈക്കില്‍ നല്‍കിയിരിക്കുന്നു. എതിരാളി ബൈക്കുകളിലേതിനേക്കാള്‍ കൂടുതല്‍ നീളത്തില്‍ ട്രാവല്‍ ചെയ്യുന്ന സസ്‌പെന്‍ഷനാണിത്. ഈ സസ്‌പെന്‍ഷന്‍ ബജാജ് പ്ലാറ്റിന 100 ഇഎസ് മോട്ടോര്‍സൈക്കിളിന്റെ റൈഡ് ക്വാളിറ്റി വര്‍ധിപ്പിക്കുന്നു. 102 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് എന്‍ജിനാണ് ബൈക്കിന് കരുത്തേകുന്നത്. ഡെല്‍ഹി എക്‌സ് ഷോറൂം വില 47,405 രൂപ.

അവകാശപ്പെടുന്ന ഇന്ധനക്ഷമത : 96.9 കിമീ/ലിറ്റര്‍

3. ടിവിഎസ് സ്‌പോര്‍ട്

ടിവിഎസ്സിന്റെ എന്‍ട്രി ലെവല്‍ കമ്യൂട്ടര്‍ മോട്ടോര്‍സൈക്കിളാണ് സ്‌പോര്‍ട്. 99.77 സിസി, സിംഗിള്‍ സിലിണ്ടര്‍, ഡ്യൂറാലൈഫ് എന്‍ജിന്‍ ടിവിഎസ് സ്‌പോര്‍ടിന് കരുത്തേകുന്നു. കംപോണന്റുകളുടെ ഫ്രിക്ഷന്‍ കുറയ്ക്കുന്നതുവഴി സ്‌ട്രെസ്സ് കുറയ്ക്കുകയും ഇന്ധനക്ഷമത വര്‍ധിപ്പിക്കുകയുമാണ് ചെയ്യുന്നത്. ക്രോമിയം ലോഹംകൊണ്ടുള്ള തിളങ്ങുന്ന അലങ്കാരങ്ങള്‍, ഇലക്ട്രിക് സ്റ്റാര്‍ട്ട്, അലോയ് വീലുകള്‍ തുടങ്ങിയവ ടിവിഎസ് സ്‌പോര്‍ടിന്റെ ആകര്‍ഷകത്വം വര്‍ധിപ്പിക്കുന്നു. കിക്ക് സ്റ്റാര്‍ട്ട് സ്‌പോക് വീല്‍, കിക്ക് സ്റ്റാര്‍ട്ട് അലോയ് വീല്‍, ഇലക്ട്രിക് സ്റ്റാര്‍ട്ട് അലോയ് വീല്‍ എന്നീ മൂന്ന് വേരിയന്റുകളില്‍ ലഭിക്കും. 40,088 രൂപയാണ് കിക്ക് സ്റ്റാര്‍ട്ട് സ്‌പോക് വീല്‍ എന്ന സ്റ്റാന്‍ഡേഡ് വേരിയന്റിന് ഡെല്‍ഹി എക്‌സ് ഷോറൂം വില.

അവകാശപ്പെടുന്ന ഇന്ധനക്ഷമത : 95 കിമീ/ലിറ്റര്‍

4. ഹീറോ സ്‌പ്ലെന്‍ഡര്‍

ഇന്ധനക്ഷമതയുടെ കാര്യത്തില്‍ ഹീറോ സ്‌പ്ലെന്‍ഡര്‍ ഐ3എസ് വേരിയന്റിന് താഴെയാണ് ഹീറോ സ്‌പ്ലെന്‍ഡര്‍ സ്റ്റാന്‍ഡേഡ് വേരിയന്റിന് സ്ഥാനം. 97.2 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് എന്‍ജിനാണ് ഹീറോ സ്‌പ്ലെന്‍ഡറിന് കരുത്തേകുന്നത്. ഉയര്‍ന്ന ഇന്ധനക്ഷമത ലഭിക്കുന്നതിന് മെച്ചപ്പെട്ട കംപോണന്റുകള്‍ നല്‍കിയിരിക്കുന്നു. 48,400 രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില.

അവകാശപ്പെടുന്ന ഇന്ധനക്ഷമത : 93.2 കിമീ/ലിറ്റര്‍

5. ബജാജ് സിടി100

ബജാജ് ഓട്ടോയുടെ സിടി100 എന്ന എന്‍ട്രി ലെവല്‍ മോഡലാണ് അവരുടെ ഏറ്റവും ഉയര്‍ന്ന ഇന്ധനക്ഷമത സമ്മാനിക്കുന്ന മോട്ടോര്‍സൈക്കിള്‍. വില, ഉയര്‍ന്ന ഇന്ധനക്ഷമത എന്നീ കാര്യങ്ങളില്‍ ബജാജ് നിരയില്‍ ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച മോട്ടോര്‍സൈക്കിളാണ് ബജാജ് സിടി100. എന്നാല്‍ മോട്ടോര്‍സൈക്കിളില്‍ സ്റ്റാര്‍ട്ട്-സ്‌റ്റോപ്പ് സിസ്റ്റം നല്‍കിയിട്ടില്ല. ബി, കെഎസ് അലോയ്, ഇഎസ് അലോയ് എന്നീ മൂന്ന് വേരിയന്റുകളില്‍ സിടി100 ലഭിക്കും. 32,000 രൂപയാണ് സ്റ്റാന്‍ഡേഡ് ബി വേരിയന്റിന് ഡെല്‍ഹി എക്‌സ് ഷോറൂം വില.

അവകാശപ്പെടുന്ന ഇന്ധനക്ഷമത : 89.5 കിമീ/ലിറ്റര്‍

6. ഹീറോ എച്ച്എഫ് ഡീലക്‌സ്

സ്‌പ്ലെന്‍ഡര്‍ മോട്ടോര്‍സൈക്കിളുകളുടെ അതേ അണ്ടര്‍പിന്നിംഗ്‌സാണ് ഹീറോ എച്ച്എഫ് ഡോണ്‍, എച്ച്എഫ് ഡീലക്‌സ് എന്നീ എന്‍ട്രി ലെവല്‍ 100 സിസി മോട്ടോര്‍സൈക്കിളുകള്‍ ഉപയോഗിക്കുന്നത്. അതേ 97.2 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് എന്‍ജിന്‍ ഹീറോ എച്ച്എഫ് ഡീലക്‌സില്‍ നല്‍കിയിരിക്കുന്നു. 8 ബിഎച്ച്പിയാണ് പുറപ്പെടുവിക്കുന്ന കരുത്ത്. ലോ റോളിംഗ് റെസിസ്റ്റന്‍സ് ടയറുകള്‍ നല്‍കിയതിനാല്‍ ഹീറോ എച്ച്എഫ് ഡീലക്‌സ് ഇക്കോ മേല്‍പ്പറഞ്ഞ ഏകദേശം അതേ ഇന്ധനക്ഷമത സമ്മാനിക്കും. സ്‌പ്ലെന്‍ഡര്‍ സീരീസില്‍നിന്ന് ഐ3എസ് സ്റ്റാര്‍ട്ട്-സ്റ്റോപ്പ് സാങ്കേതികവിദ്യയും ലഭിച്ചിട്ടുണ്ട്. ഇതും മെച്ചപ്പെട്ട ഇന്ധനക്ഷമത ഉറപ്പാക്കും. നാല് വേരിയന്റുകളില്‍ ലഭിക്കുന്ന ഹീറോ എച്ച്എഫ് ഡീലക്‌സിന്റെ കിക്ക് സ്റ്റാര്‍ട്ട്, ഡ്രം ബ്രേക്ക്, സ്‌പോക്ക് വീല്‍ എന്ന സ്റ്റാന്‍ഡേഡ് വേരിയന്റിന് 43,000 രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില.

അവകാശപ്പെടുന്ന ഇന്ധനക്ഷമത : 83 കിമീ/ലിറ്റര്‍

7. യമഹ സലൂട്ടോ ആര്‍എക്‌സ്

പെര്‍ഫോമന്‍സ് മോഡലുകളുകളുടെ പേരിലാണ് യമഹ അറിയപ്പെടുന്നതെങ്കിലും 110 സിസി കമ്യൂട്ടര്‍ മോട്ടോര്‍സൈക്കിള്‍ സെഗ്‌മെന്റിലും പ്രാതിനിധ്യമുണ്ട്. സലൂട്ടോ ആര്‍എക്‌സ് മോട്ടോര്‍സൈക്കിളാണ് ആ പ്രതിനിധി. ഏറ്റവും താങ്ങാവുന്ന വിലയില്‍ ലഭിക്കുന്ന യമഹ ബൈക്കാണ് സലൂട്ടോ ആര്‍എക്‌സ്. സലൂട്ടോ 125 ബൈക്കിലെ എന്‍ജിന്റെ ബോര്‍ കുറഞ്ഞ വേര്‍ഷനാണ് സലൂട്ടോ ആര്‍എക്‌സ് ഉപയോഗിക്കുന്ന 110 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് എന്‍ജിന്‍. മികച്ച ഇന്ധനക്ഷമത ലഭിക്കുന്നതിന് എന്‍ജിന്‍ മെച്ചപ്പെടുത്തിയിരിക്കുന്നു. 110 സിസി സെഗ്‌മെന്റില്‍ ഏറ്റവുമധികം ഇന്ധനക്ഷമത ലഭിക്കുന്ന ബൈക്കുകളിലൊന്നാണ് യമഹ സലൂട്ടോ ആര്‍എക്‌സ്. സ്റ്റാന്‍ഡേഡ്, ഡാര്‍ക്‌നൈറ്റ് എന്നീ രണ്ട് വേരിയന്റുകളില്‍ ലഭിക്കും. സ്റ്റാന്‍ഡേഡ് വേരിയന്റിന് 47,721 രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറും വില.

അവകാശപ്പെടുന്ന ഇന്ധനക്ഷമത : 82 കിമീ/ലിറ്റര്‍

8. ബജാജ് ഡിസ്‌കവര്‍ 110

ഈ വര്‍ഷമാദ്യമാണ് പുതിയ ഡിസ്‌കവര്‍ പുറത്തിറക്കി 110 സിസി സെഗ്‌മെന്റില്‍ ബജാജ് ഓട്ടോ തിരിച്ചെത്തിയത്. പുതിയ ലോംഗ് സ്‌ട്രോക്ക് എന്‍ജിനാണ് ബൈക്കില്‍ നല്‍കിയിരിക്കുന്നത്. കുറഞ്ഞ റെവലൂഷനുകളില്‍ കൂടുതല്‍ കരുത്ത് ലഭിക്കുന്നതിനും ഇന്ധനക്ഷമത വര്‍ധിപ്പിക്കുന്നതിനും പവര്‍ ബാന്‍ഡ് മെച്ചപ്പെടുത്തിയിരിക്കുന്നു. 52,326 രൂപയാണ് ബജാജ് ഡിസ്‌കവര്‍ 110 മോട്ടോര്‍സൈക്കിളിന്റെ ഡെല്‍ഹി എക്‌സ് ഷോറൂം വില.

അവകാശപ്പെടുന്ന ഇന്ധനക്ഷമത : 76.3 കിമീ/ലിറ്റര്‍

9. ടിവിഎസ് വിക്ടര്‍

ഓള്‍-ന്യൂ 110 സിസി മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കിയാണ് 2016 ല്‍ ടിവിഎസ് മോട്ടോര്‍ കമ്പനി വിക്ടര്‍ നെയിംപ്ലേറ്റ് കുത്തിപ്പൊക്കിയത്. പല സെഗ്‌മെന്റ് ഫസ്റ്റ് ഫീച്ചറുകളും നല്‍കിയാണ് ബൈക്ക് വിപണിയിലെത്തിച്ചത്. 109.7 സിസി, സിംഗിള്‍ സിലിണ്ടര്‍, 3 വാല്‍വ് എന്‍ജിന്‍ പുതിയ ടിവിഎസ് വിക്ടര്‍ ഉപയോഗിക്കുന്നു. 9.6 ബിഎച്ച്പി കരുത്തും 9.4 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. വാണിംഗ് ലാംപുകള്‍, ഡിസ്‌ക് ബ്രേക്ക്, ട്യൂബ്‌ലെസ് ടയറുകള്‍ എന്നിവ ഫീച്ചറുകളാണ്. ഡ്രം, ഡിസ്‌ക്, പ്രീമിയം എന്നീ മൂന്ന് വേരിയന്റുകളില്‍ ടിവിഎസ് വിക്ടര്‍ ലഭിക്കും. 53,295 രൂപയാണ് സ്റ്റാന്‍ഡേഡ് ഡ്രം വേരിയന്റിന് ഡെല്‍ഹി എക്‌സ് ഷോറൂം വില.

അവകാശപ്പെടുന്ന ഇന്ധനക്ഷമത : 72 കിമീ/ലിറ്റര്‍

Comments

comments

Categories: Auto
Tags: bikes