ഒയോ പോകുന്നത് മികച്ച ട്രാക്കില്‍

ഒയോ പോകുന്നത് മികച്ച ട്രാക്കില്‍

ഇന്ത്യയിലെ ഏറ്റവും പുതിയ യുണികോണ്‍ സ്റ്റാര്‍ട്ടപ്പായ ഒയോ ആദിത്യ ഘോഷിനെ സിഇഒ ആയി നിയമിച്ചതിലൂടെ മികച്ച മാതൃകയാണ് സ്വീകരിച്ചിരിക്കുന്നത്. സ്ഥാപകന്‍ തന്നെ സ്റ്റാര്‍ട്ടപ്പിന്റെ സര്‍വതും എന്ന ഭാവം ഉപേക്ഷിച്ച് ഉദാരമായ സമീപനമാണ് സ്റ്റാര്‍ട്ടപ്പുകള്‍ സ്വീകരിക്കേണ്ടതെന്ന സന്ദേശം നല്‍കുന്നു അത്

അതിവേഗ വളര്‍ച്ചയാണ് നൂതനാത്മക ബിസിനസ് മോഡല്‍ എന്ന നിലയില്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് ലോകത്ത് അവതരിച്ച ഒയോ റൂംസ് രേഖപ്പെടുത്തുന്നത്. ഇന്ത്യയിലെ ഏറ്റവും പുതിയ യുണികോണ്‍ (അതിവേഗത്തില്‍ ഒരു ബില്ല്യണ്‍ ഡോളര്‍ മൂല്യം കൈവരിക്കുന്ന നവസംരംഭങ്ങള്‍) സ്റ്റാര്‍ട്ടപ്പാണ് ഒയോ റൂംസ്. ബജറ്റ് ഹോട്ടല്‍ രംഗത്ത് ഇന്നൊവേറ്റിവ് മാതൃകയുമായെത്തിയ ഒയോ റൂംസ് എന്ന ആപ്ലിക്കേഷന്‍ ഇന്ന് ഏത് കാറ്റഗറിയിലുള്ള ഹോട്ടലുകളും വിശ്വാസ്യതയോടെ ബുക്ക് ചെയ്യാനുള്ള ഇന്ത്യയിലെ മികച്ച പ്ലാറ്റ്‌ഫോമായി മാറിക്കഴിഞ്ഞു. ഇന്ത്യന്‍ അതിര്‍ത്തി കടന്ന് ചൈനയിലും യുഎഇയിലും നേപ്പാളിലുമെല്ലാം ഒയോ വികസനത്തിന്റെ പുതിയ വഴിത്താരകള്‍ വെട്ടിത്തുറക്കുകയാണ്. റിതേഷ് അഗര്‍വാള്‍ എന്ന 20കാരനായ സംരംഭകന്‍ ഒയോ റൂംസിലൂടെ സ്റ്റാര്‍ട്ടപ്പ് ലോകത്തെ പുതിയ പോസ്റ്റര്‍ബോയ് ആകുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ ദിവസം കൈക്കൊണ്ട വ്യത്യസ്തമായ തീരുമാനത്തിലൂടെ റിതേഷ് തന്റെ ബിസിനസ് ശൈലിയിലെ വ്യത്യസ്തത കൂടുതല്‍ വ്യക്തമാക്കിയിരിക്കുകയാണ്, അതിന് പ്രായം ഒരു മാനദണ്ഡമേയല്ല എന്ന സന്ദേശവും നല്‍കുന്നു.

ഇന്‍ഡിഗോ എയര്‍ലൈന്‍സ് എന്ന ബജറ്റ് ഏവിയേഷന്‍ സംരംഭത്തിന്റെ പ്രസിഡന്റായിരുന്ന ആദിത്യ ഘോഷിനെ ഒയോ റൂംസിന്റെ സിഇഒ (ഇന്ത്യ, നേപ്പാള്‍ വിപണികള്‍) ആയി നിയമിച്ചായിരുന്നു റിതേഷ് ബിസിനസ് ലോകത്തെ അമ്പരപ്പിച്ചത്.

20കളിലുള്ള യുവ സംരംഭകന്‍ 43കാരനായ ആദിത്യ ഘോഷിനെ തന്റെ കമ്പനിയുടെ സിഇഒ ആക്കിയത് കൃത്യമായ ആസൂത്രണത്തിന്റെയും ബിസിനസ് തന്ത്രങ്ങളുടെയും അടിസ്ഥാനത്തില്‍ തന്നെയാണ്. ടാറ്റ സണ്‍സ് പോലുള്ള വമ്പന്‍ കമ്പനിയില്‍ നിന്നുള്ള ഓഫര്‍ വേണ്ടെന്നുവെച്ച് ആദിത്യ ഘോഷ് ഒയോക്കൊപ്പം ചേര്‍ന്നത് റിതേഷ് അഗര്‍വാളിന്റെ നൂതനാത്മകമായ ബിസിനസ് സങ്കല്‍പ്പത്തിലുള്ള വിശ്വാസം കാരണമാണെന്നതും വ്യക്തം. ഇന്‍ഡിഗോയെ ഇന്ത്യയിലെ ഏറ്റവും ലാഭക്ഷമതയുള്ള വിമാന കമ്പനിയാക്കി മാറ്റുന്നതില്‍ വലിയ പങ്കാണ് ആദിത്യ ഘോഷ് വഹിച്ചത്. ഒരു പതിറ്റാണ്ടോളം ഇന്‍ഡിഗോയുടെ തലപ്പത്തിരുന്നു ഘോഷ്, അതില്‍ തുടര്‍ച്ചയായ ഒമ്പത് വര്‍ഷങ്ങളില്‍ കമ്പനി ലാഭത്തിലായിരുന്നു. ഇന്‍ഡിഗോയുടെ അന്താരാഷ്ട്ര വികസനത്തിനും നേതൃത്വം നല്‍കിയത് ഘോഷാണ്. കമ്പനിയുടെ വരുമാനത്തിലേക്ക് ഇപ്പോള്‍ 20 ശതമാനം സംഭാവന ചെയ്യുന്നത് ഈ വിഭാഗമാണെന്നതും ശ്രദ്ധേയമാണ്.

ഒരു സ്റ്റാര്‍ട്ടപ്പിന്റെ വളര്‍ച്ചയുടെ ആദ്യ ഘട്ടം കഴിഞ്ഞാല്‍ പിന്നെ കഴിവുളള പ്രൊഫഷണലുകളെ നേതൃനിരയിലേക്ക് കൊണ്ടുവരണമെന്ന പാഠമാണ് റിതേഷ് അഗര്‍വാള്‍ പുതിയ നീക്കത്തിലൂടെ പകരുന്നത്. സ്റ്റാര്‍ട്ടപ്പിന്റെ പ്രാരംഭദശ കഴിഞ്ഞാല്‍ സംരംഭകത്വ മനോഭാവമുള്ള പ്രൊഫഷണലുകളെ ആകര്‍ഷിക്കാന്‍ സ്ഥാപകര്‍ക്ക് സാധിക്കണം. ഒരു സ്റ്റാര്‍ട്ടപ്പ്, കോര്‍പ്പറേറ്റ് കമ്പനിയായി മാറുന്നതിന് മുമ്പ് തന്നെ സിഇഒ പദവിയിലേക്ക് പുറത്തുനിന്നുള്ള ഒരു പ്രൊഫഷണലിനെ കൊണ്ടുവരികയെന്നത് ഇന്ത്യ പോലൊരു വിപണിയില്‍ അത്ര പരിചിതമല്ലാത്ത ട്രെന്‍ഡാണ്. എന്നാല്‍ ഇത്തരത്തിലുള്ളൊരു ഉദാരവും ബുദ്ധിപരവുമായ സമീപനത്തോടെ റിതേഷ് തന്റെ സംരംഭകത്വനയം വ്യക്തമാക്കിയിരിക്കുകയാണ്. വളര്‍ന്നുവരുന്ന സംരംഭകര്‍ക്ക് മികച്ച പാഠവും കേസ് സ്റ്റഡിയുമാണ് ഒയോ റൂംസ്.

Comments

comments

Categories: Editorial, Slider
Tags: OYO