നോട്ട് അസാധുവാക്കല്‍ രാഷ്ട്രീയ നീക്കമല്ല; ധാര്‍മികമായ നടപടി: അരുണ്‍ ജയ്റ്റ്‌ലി

നോട്ട് അസാധുവാക്കല്‍ രാഷ്ട്രീയ നീക്കമല്ല; ധാര്‍മികമായ നടപടി: അരുണ്‍ ജയ്റ്റ്‌ലി

ഭോപ്പാല്‍: നോട്ട് അസാധുവാക്കല്‍ രാഷ്ട്രീയ നീക്കമായിരുന്നില്ലെന്നും മറിച്ച് ഉന്നതമായ നൈതികത മുന്‍ നിര്‍ത്തിയുള്ള നടപടിയായിരുന്നെന്നും വിശദീകരിച്ച് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ബിജെപി പ്രകടനപത്രിക പുറത്തിറക്കുന്ന ചടങ്ങിലാണ് ജയ്റ്റ്‌ലിയുടെ പ്രതികരണം. മധ്യപ്രദേശില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയും പ്രധാനമന്ത്രി നരേന്ത്ര മോദിയും വാദപ്രതിവാദങ്ങള്‍ നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര ധനമന്ത്രി അഭിപ്രായ പ്രകടനം നടത്തിയത്. നോട്ട് അസാധുവാക്കിയതിനു ശേഷം രാജ്യത്തെ നികുതിദായകരുടെ എണ്ണവും നികുതി തുകയും കുത്തനെ ഉയര്‍ന്നെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

‘നോട്ട് അസാധുവാക്കല്‍ ഉന്നത നൈതികതയിലൂന്നിയ നീക്കമായിരുന്നു. രാജ്യത്ത് നിരവധി ആളുകള്‍ നികുതി അടക്കുന്നുണ്ടായിരുന്നില്ല എന്നത് പരസ്യമായ യാഥാര്‍ഥ്യമായിരുന്നു. കണക്കില്ലാത്ത പണം ബാങ്കില്‍ നിക്ഷേപിക്കാന്‍ അവരെ പ്രേരിപ്പിച്ചത് ധാര്‍മികവും യുക്തിപരവുമായിരുന്നു,’ അദ്ദേഹം പ്രതികരിച്ചു. ‘നോട്ട് അസാധുവാക്കലും ജിഎസ്ടിയും മുതല്‍ ജന്‍ധന്‍ എക്കൗണ്ടുകളും ഓണ്‍ലൈന്‍ ഇടപാടുകളുടെ പ്രോത്സാഹനം വരെ സര്‍ക്കാരെടുത്ത ഓരോ നടപടികളും സമ്പദ് വ്യവസ്ഥയെ ഔദ്യോഗികമാക്കാന്‍ സഹായിച്ചു. കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും മുമ്പത്തേതിനെക്കാള്‍ അധികം നികുതി വരുമാനം ലഭിക്കുന്നുണ്ടെന്നതാണ് ഇതിന്റെ ആത്യന്തിക ഗുണഫലം,’ ജയ്റ്റ്‌ലി വ്യക്തമാക്കി.

2014 ല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ 3.8 കോടി ആളുകളാണ് ആദായ നികുതി ദായകരമായി ഉണ്ടായിരുന്നത്. നാലു വര്‍ഷം കൊണ്ട് നികുതി ദായകരുടെ എണ്ണം 6.86 കോടിയിലേക്ക് ഉയര്‍ന്നു. സര്‍ക്കാര്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാകുമ്പേഴേക്കും ആദായ നികുതി ദായകരുടെ എണ്ണം ഇരട്ടിയാകുമെന്നും ധനമന്ത്രി വിശദീകരിച്ചു. നികുതിയെ ആശ്രയിച്ചു നില്‍ക്കുന്ന സര്‍ക്കാര്‍ ഖജനാവിനുണ്ടാകുന്ന നേട്ടം രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് ലഭിക്കുമെന്നും ജയ്റ്റ്‌ലി വ്യക്തമാക്കി.

നോട്ട് അസാധുവാക്കല്‍ രാജ്യത്തെ ഏറ്റവും വലിയ അഴിമതിയായിരുന്നുവെന്ന് കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു.
1000ത്തിന്റെയും 500ന്റെയും കറന്‍സികള്‍ അസാധുവാക്കിയ നടപടി ഉപയോഗിച്ച് നരേന്ദ്ര മോദി സംസ്ഥാനത്തെ സത്യസന്ധരായ സാധാരണക്കാരെ ഉപദ്രവിക്കുകയും പണക്കാരെ സംരക്ഷിക്കുകയും ചെയ്തുവെന്നും രാഹുല്‍ ആരോപിച്ചിരുന്നു.

സാധാരണ ജനങ്ങള്‍ക്ക് നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ ഇല്ലെന്നും പ്രശ്‌നം മുഴുവന്‍ ‘ഒരു കുടുംബത്തിനാണെന്നും’ ഛത്തീസ്ഗഢിലെ അംബികാപൂരില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി തിരിച്ചടിച്ചു. നോട്ട് നിരോധനത്തിനു ശേഷം വീണ്ടെടുത്ത പണം പൊതു കാര്യങ്ങള്‍ നിര്‍വഹിക്കാനും ക്ഷേമ പദ്ധതികള്‍ക്ക് ഫണ്ട് കണ്ടെത്താനുമായി ഉപയോഗിക്കുകയാണെന്ന് തന്റെ സര്‍ക്കാരെന്നും മോദി കൂട്ടിച്ചേര്‍ത്തു.

Comments

comments

Tags: Arun Jaitley