ജാംനഗര്‍ റിഫൈനറി വിപുലീകരിക്കാന്‍ മുകേഷ് അംബാനി

ജാംനഗര്‍ റിഫൈനറി വിപുലീകരിക്കാന്‍ മുകേഷ് അംബാനി

ന്യൂഡല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് തങ്ങളുടെ റിഫൈനിംഗ് ശേഷി പകുതിയോളം വര്‍ധിപ്പിക്കുന്നതിന് പദ്ധതിയിടുന്നു. നിര്‍ദിഷ്ട ജാംനഗര്‍ റിഫൈനറിയില്‍ വിപുലീകരണം നടപ്പാക്കാനാണ് ആര്‍ ഐ എല്‍ ആസൂത്രണം ചെയ്യുന്നത്. ലോകത്തെ ഏറ്റവും വലിയ റിഫൈനറി കോംപ്ലക്‌സായ ജാംനഗര്‍ റിഫൈനറിയില്‍ ഒരു വര്‍ഷം 30 മില്ല്യണ്‍ ടണ്‍ ക്രൂഡ് ഓയില്‍ സംസ്‌കരിക്കാനുള്ള ശേഷിയാണുള്ളത്.

ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉപഭോഗ രാജ്യമായ ഇന്ത്യയിലെ വിപണിയില്‍ തന്റെ മുന്‍തൂക്കം നിലനിര്‍ത്താനാണ് അംബാനിയുടെ ശ്രമം. സൗദി അരാംകോ, അബുദാബി നാഷണല്‍ ഓയില്‍ കോര്‍പ്പറേഷന്‍(അഡ്‌നോക്ക്), റഷ്യയിലെ റോസ്‌നെഫ്റ്റ് പിജെഎന്‍സി എന്നിവ ഇന്ത്യന്‍ വിപണിയിലെ സാധ്യതകള്‍ മനസിലാക്കി നിക്ഷേപങ്ങള്‍ നടത്തുന്നതിന്റെ കൂടി പശ്ചാത്തലത്തിലാണ് ആര്‍ഐഎലിന്റെ ഈ നീക്കം.

ടോട്ടല്‍ എസ്എ, റോയല്‍ ഡച്ച് ഷെല്‍ എന്നീ കമ്പനികളും ഇന്ത്യയിലെ റീട്ടെയ്ല്‍ എണ്ണ വില്‍പ്പന വിപുലമാക്കാന്‍ ഒരുങ്ങുകയാണ്. 2040 ആകുമ്പോഴേക്കും ഇന്ത്യയുടെ ഇന്ധന ഉപയോഗം ഇരട്ടിയിലധികം വര്‍ധിക്കുമെന്നാണ് അന്താരാഷ്ട്ര ഊര്‍ജ്ജ ഏജന്‍സിയുടെ കണ്ടെത്തല്‍. ഇതിനോടകം തന്നെ ആഗോള റിഫൈനറി ലൈസന്‍സികളുമായി റിലയന്‍സ് ചര്‍ച്ചയാരംഭിച്ചതായാണ് വിവരം. 10 ബില്ല്യണ്‍ ഡോളറാണ് വിപുലീകരണ പ്രവര്‍ത്തനങ്ങളുടെ ചെലവായി കണക്കാക്കുന്നത്.

സൗദി അരാംകോയും അഡ്‌നോകും ചേര്‍ന്ന് 60 മില്ല്യണ്‍ ടണ്‍ ശേഷിയുള്ള റിഫൈനറി കോംപ്ലക്‌സ് ഇന്ത്യയുടെ പശ്ചിമ തീരത്ത് നിര്‍മിക്കുന്നതിന് ധാരണയായിട്ടുണ്ട്. റോസ്‌നെഫ്റ്റും പങ്കാളികളുമായി ചേര്‍ന്ന് ഇന്ത്യയിലെ രണ്ടാമത്തെ വലിയ സ്വകാര്യ എണ്ണ പ്രോസസിംഗ് കമ്പനിയെ ഏറ്റെടുത്തു. ഇന്ത്യയിലെയും മിഡില്‍ ഈസ്റ്റിലെയും വര്‍ദ്ധിച്ചു വരുന്ന ഇന്ധന ഉപഭോഗം 2030 ആകുമ്പോഴേക്കും യൂറോപ്യന്‍ യൂണിയനെ കടത്തിവെട്ടുമെന്ന് അന്താരാഷ്ട്ര ഊര്‍ജ്ജ ഏജന്‍സി വിലയിരുത്തുന്നു.

Comments

comments