ഉപഭോക്തൃ ഇലക്ട്രോണിക് ഉല്‍പ്പന്ന മേഖലയില്‍ വളര്‍ച്ചാ മുരടിപ്പ്

ഉപഭോക്തൃ ഇലക്ട്രോണിക് ഉല്‍പ്പന്ന മേഖലയില്‍ വളര്‍ച്ചാ മുരടിപ്പ്

ന്യൂഡെല്‍ഹി: വാഷിംഗ് വെഷീനുകള്‍ ഒഴിച്ചുള്ള, രാജ്യത്തെ ഉപഭോക്തൃ ഇലക്ട്രോണിക് ഉല്‍പ്പന്ന മേഖല നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ സാക്ഷ്യം വഹിച്ചത് മോശം വളര്‍ച്ചയ്‌ക്കെന്ന് കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് അപ്ലയന്‍സസ് മാനുഫാക്ചറേഴ്‌സ് അസോസിയേഷന്റെ (സിയാമ) വിലയിരുത്തല്‍. രൂപയുടെ മൂല്യം കുറഞ്ഞതുകാരണമുണ്ടായ വര്‍ധിച്ച ഉല്‍പ്പാദന ചെലവ് മേഖലയുടെ വളര്‍ച്ചയെ ബാധിച്ചെന്ന് സിയാമ വ്യക്തമാക്കി. ടെലിവിഷന്‍, എയര്‍കണ്ടീഷണര്‍ തുടങ്ങിയ ഏതാനും വിഭാഗങ്ങളില്‍ വില്‍പ്പന വളര്‍ച്ച തീരെ ഇല്ലായിരുന്നുവെന്നും റഫ്രിജറേറ്റര്‍ വില്‍പ്പന മോശമായിരുന്നെന്നും സിയാമയുടെ പ്രസിഡന്റ് മനീഷ് ശര്‍മ പറഞ്ഞു.

ഒക്‌റ്റോബറിലെ ഉല്‍സവകാല വില്‍പ്പന മാത്രമാണ് മേഖലയ്ക്ക് ആശ്വാസം പകരുന്നത്. മികച്ച ഇരട്ടയക്ക വളര്‍ച്ച ഈ കാലയളവില്‍ നേടാനായി. 2018 സെപ്റ്റംബര്‍ വരെ വാഷിംഗ് മെഷീനുകളൊഴിച്ച് ബാക്കിയുള്ള വിഭാഗങ്ങളില്‍ വളര്‍ച്ചയില്ലാത്ത അവസ്ഥയോ മോശം വളര്‍ച്ചയോ ആണ് ഉണ്ടായിരുന്നതെന്ന് ശര്‍മ വ്യക്തമാക്കി. ഒക്‌റ്റോബറിലെ (ദീപാവലി കാലയളവിലെ) വില്‍പ്പന കൂടി കൂട്ടിച്ചേര്‍ക്കുകയാണെങ്കില്‍ ഇത് മെച്ചപ്പെട്ടതാകുമെന്നും വര്‍ഷാദ്യം മുതല്‍ ഒക്‌റ്റോബര്‍ വരെ മൂന്ന് മുതല്‍ നാല് ശതമാനം വരെയായിരുന്നു വളര്‍ച്ചാ നിരക്കെന്നും അദ്ദേഹം പറഞ്ഞു.

”ജിഎസ്ടി, നോട്ട് അസാധുവാക്കല്‍ തുടങ്ങിയ പരിഷ്‌കരണങ്ങളുടെ പ്രത്യാഘാതങ്ങള്‍ക്ക് ശേഷം ഇരട്ടയക്ക വളര്‍ച്ചയാണ് ഈ വര്‍ഷം മേഖല പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഉല്‍പ്പാദന ചെലവ് വര്‍ധിപ്പിച്ച രൂപയുടെ മൂല്യത്തകര്‍ച്ച ഈ വളര്‍ച്ചയെ ബാധിച്ചു. ഉല്‍പ്പാദന ചെലവിലുണ്ടായ വര്‍ധനവ് ഉപഭോക്താക്കളിലേക്കും എത്തിയിട്ടുണ്ട്, മൂന്ന് ശതമാനം മാത്രമാണ് വര്‍ഷാദ്യം മുതല്‍ ഇതുവരെയുള്ള വളര്‍ച്ച” പാനസോണിക് ഇന്ത്യയുടെ സിഇഒയും പ്രസിഡന്റും കൂടിയായ ശര്‍മ വിശദീകരിച്ചു.

നടപ്പു സാമ്പത്തിക വര്‍ഷം മേഖലയില്‍ ഏഴ് ശതമാനത്തോളം വളര്‍ച്ചയുണ്ടാകുമെന്നാണ് ശര്‍മ കണക്കുകൂട്ടുന്നത്. ഉല്‍സവകാല വില്‍പ്പനയ്ക്ക് ശേഷം വളര്‍ച്ചാഗതി അനുകൂലമാണെന്ന് അദ്ദേഹം പറഞ്ഞു. ”ഈ വര്‍ഷം അനുകൂലമായാണ് അവസാനിക്കുക എന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഒറ്റയക്ക വളര്‍ച്ചയായിരിക്കും പ്രകടമാകുക. നേരത്തെ പ്രതീക്ഷിച്ചതുമായി താരതമ്യം ചെയ്യുമ്പോള്‍ കുറവായിരിക്കുമിത്. ആറ് മുതല്‍ ഏഴ് ശതമാനത്തോളമായിരിക്കും വളര്‍ച്ച,” ശര്‍മ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയില്‍ ഉല്‍പ്പാദനം വര്‍ധിച്ചിട്ടുണ്ടെങ്കിലും ഘടകഭാഗങ്ങളുടെ 65 ശതമാനവും ഇപ്പോഴും ഇറക്കുമതി ചെയ്യുകയാണെന്ന് വിപണി വിദഗ്ധര്‍ പറഞ്ഞു. മേഖലയിലെ നയപരമായ പരിതസ്ഥിതി അനുകൂലമാണെന്നും മധ്യകാലയളവില്‍ ജിഎസ്ടി പോലുള്ള നടപടികള്‍ ഫലം കാണിക്കാന്‍ തുടങ്ങിയെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

ജിഎസ്ടി നിരക്ക് നിലവിലെ 18 ശതമാനത്തില്‍ നിന്നും 12 ശതമാനമാക്കി കുറയ്ക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് സിയാമയുടെ നിര്‍ദ്ദിഷ്ട പ്രസിഡന്റ് കമല്‍ നന്ദി പറഞ്ഞു. ജിഎസ്ടി കുറഞ്ഞാല്‍ മികച്ച വളര്‍ച്ച മേഖലയില്‍ കാണാനാകുമെന്നും വാഷിംഗ് മെഷീനുകള്‍ക്ക് ജിഎസ്ടി കുറച്ചപ്പോള്‍ ഇത് സംഭവിച്ചുവെന്നും അദ്ദേഹം പറഞ്ഞു. 2018നെ സംബന്ധിച്ച് മേഖല ശുഭാപ്തിവിശ്വാസമുളവാക്കുന്നതല്ലെന്ന് ഹെയര്‍ ഇന്ത്യ പ്രസിഡന്റ് എറിക് ബ്രിഗാന്‍സയും അഭിപ്രായപ്പെട്ടു. വില വര്‍ധിക്കുകയാണെന്നും ജിഎസ്ടി നിരക്ക് കുറയുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Comments

comments

Categories: Business & Economy