574 ദശലക്ഷം ഡോളര്‍ എഡിബി നല്‍കും; വായ്പാ കരാറുകളില്‍ ഒച്ചുവെച്ച് കേന്ദ്രം

574 ദശലക്ഷം ഡോളര്‍ എഡിബി നല്‍കും; വായ്പാ കരാറുകളില്‍ ഒച്ചുവെച്ച് കേന്ദ്രം

ന്യൂഡെല്‍ഹി: അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കായി ഏഷ്യന്‍ ഡെവലപ്പ്‌മെന്റ് ബാങ്കും (എഡിബി) കേന്ദ്ര സര്‍ക്കാരും 574 ദശലക്ഷം ഡോളറിന്റെ മൂന്ന് വായ്പാ കരാറുകളില്‍ ഒപ്പുവെച്ചു. വൈദ്യുതി പ്രസരണം, ജല വിതരണം എന്നിവയുള്‍പ്പടെയുള്ള വിവിധ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കായാണ് എഡിബി ഇന്ത്യക്ക് വായ്പ നല്‍കുക. 300 ദശലക്ഷം ഡോളര്‍, 169 ദശലക്ഷം ഡോളര്‍, 105 ദശലക്ഷം ഡോളര്‍ എന്നിങ്ങനെ മൂല്യം വരുന്ന മൂന്ന് വ്യത്യസ്ത കരാറുകളിലാണ് എഡിബിയും കേന്ദ്ര സര്‍ക്കാരും ഒപ്പുവെച്ചത്.

കരാര്‍ പ്രകാരം, ഇന്ത്യ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫിനാന്‍സ് കമ്പനിയുടെ (ഐഐഎഫ്‌സിഎല്‍) വായ്പാ വിതരണത്തെ പിന്തുണയ്ക്കാന്‍ 300 ദശലക്ഷം ഡോളര്‍ എഡിബി നല്‍കും. വായ്പയുടെ അവസാന ഘട്ട വിഹിതമായാണ് ഈ തുക നല്‍കുക. രാജ്യത്തേക്കുള്ള 2.4 ബില്യണ്‍ ഡോളര്‍ നിക്ഷേപങ്ങള്‍ക്ക് ഉല്‍പ്രേരകമായി ഈ വായ്പ വര്‍ത്തിക്കുമെന്നാണ് എഡിബി പ്രതീക്ഷിക്കുന്നത്.

ഐഐഎഫ്‌സിഎല്‍ മുഖാന്തിരം ചുരുങ്ങിയത് 13 ഉപ പദ്ധതികള്‍ക്കെങ്കിലും എഡിബി ഫണ്ട് ഉറപ്പു വരുത്തുമെന്ന് എഡിബി കണ്‍ട്രി ഡയറക്റ്റര്‍ ഫോര്‍ ഇന്ത്യ റസിഡന്റ് മിഷന്‍ കെനിച്ചി യോകോയാമ പറഞ്ഞു. റോഡുകളുടെ നിര്‍മാണം, പുനരുപയോഗിക്കാവുന്ന ഊര്‍ജ ഉല്‍പ്പാദനം തുടങ്ങി വിവിധ വിഭാഗത്തിലുള്ള പദ്ധതികള്‍ ഇതില്‍ ഉള്‍പ്പെടുമെന്ന് അദ്ദേഹം വ്യക്തമാക്കി.

പൊതു സ്വകാര്യ പങ്കാളിത്തത്തിലുള്ള പദ്ധതികള്‍ക്ക് ദീര്‍ഘകാലത്തേക്കുള്ള ധനസഹായത്തിന്റെ ലഭ്യത വര്‍ധിപ്പിക്കാനും ഐഐഎഫ്‌സിഎല്ലിന്റെ പ്രവര്‍ത്തനശേഷി മെച്ചപ്പെടുത്താനും ലഭ്യമായ അടിസ്ഥാന സൗകര്യ ധനസഹായ വായ്പകളുടെ ശ്രേണി വിപുലീകരിക്കാനും കരാര്‍ ഉപയോഗപ്പെടുമെന്ന് ധനകാര്യ മന്ത്രാലയത്തിലെ അഡീഷണല്‍ സെക്രട്ടറി സമീര്‍ കുമാര്‍ ഖരേ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഖരേയാണ് വായ്പാ കരാറുകളില്‍ ഒപ്പുവെച്ചത്. സര്‍ക്കാരിന്റെ അടിസ്ഥാനസൗകര്യ നിര്‍മ്മാണ ശ്രമങ്ങള്‍ക്ക് ഈ വായ്പ സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഖരേ പറഞ്ഞു.

കൂടുതല്‍ സ്വകാര്യ നിക്ഷേപങ്ങളിലൂടെ അടിസ്ഥാനസൗകര്യ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിലുള്ള ഭാരത സര്‍ക്കാരിന്റെ ശ്രമങ്ങളെ പദ്ധതികള്‍ പിന്തുണയ്ക്കുമെന്ന് എഡിബി വ്യക്തമാക്കി. ബാങ്ക് അധിഷ്ഠിത അടിസ്ഥാനസൗകര്യ ധനസഹായങ്ങള്‍ നേരിടുന്ന തടസങ്ങള്‍ക്കുള്ള പ്രതിവിധി എന്ന നിലയിലും ജിഡിപി വളര്‍ച്ചയില്‍ അനുകൂല പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നതിനാലും പദ്ധതി ഏറെ പ്രസക്തമാണെന്നും എഡിബി കൂട്ടിച്ചേര്‍ത്തു.

കരാര്‍ പ്രകാരം 169 ദശലക്ഷം ഡോളറിന്റെ വായ്പയാണ് ആദ്യ ഗഡുവായി ലഭിക്കുക. തമിഴ്‌നാട്ടിലെ ചുരുങ്ങിയത് 10 നഗരങ്ങളിലെങ്കിലും കാലാവസ്ഥാ മാറ്റങ്ങള്‍ ബാധിക്കാത്ത ജല വിതരണം, അഴുക്കുചാല്‍, ജലനിര്‍ഗ്ഗമന അടിസ്ഥാനസൗകര്യങ്ങള്‍ എന്നിവ വികസിപ്പിക്കാന്‍ ഈ വായ്പാ തുക ഉപയോഗിക്കും. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ കാലംതെറ്റിയതും ക്രമമല്ലാതെയുമുള്ള മഴയും രൂക്ഷമായ വരള്‍ച്ചയും നാശം വിതച്ച തമിഴ്‌നാട് കടുത്ത ജലദൗര്‍ലഭ്യവും മറ്റ് പ്രശ്‌നങ്ങളമുമാണ് അഭിമുഖീകരിക്കുന്നത്. നവീനവും കാലാവസ്ഥാ വ്യതിയാനത്തിന് അനുസൃതവുമായ നിക്ഷേപവും ആഴത്തിലുള്ള വ്യവസ്ഥാപിത പിന്തുണയും വഴി ഈ സങ്കീര്‍ണമായ വെല്ലുവിളികളെ അഭിസംബോധന ചെയ്യാന്‍ എഡിബിയുടെ പിന്തുണ സഹായിക്കുമെന്ന് ഖരേ ചൂണ്ടിക്കാട്ടി.

മൂന്നാംഘട്ട വായ്പാ വിഹിതമായാണ് 105 ദശലക്ഷം ഡോളര്‍ അനുവദിക്കുക. 2011 സെപ്റ്റംബറില്‍ എഡിബി അംഗീകാരം നല്‍കിയ ഹിമാചല്‍ പ്രദേശ് ക്ലീന്‍ എനര്‍ജി ട്രാന്‍സ്മിഷന്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രോഗ്രാമിനായുള്ള 350 ദശലക്ഷം ഡോളറിന്റെ പദ്ധതിക്കായുള്ള മൂന്നാംഘട്ട വായ്പാ വിഹിതമായിരിക്കും ഇത്. സംസ്ഥാനത്തെ ജല വൈദ്യുത നിലയങ്ങളില്‍ നിന്ന് ലഭ്യമാകുന്ന പുനുപയോഗ ഊര്‍ജം സംസ്ഥാനത്തിനകത്തും പുറത്തുമായി എത്തിക്കാനുള്ള പ്രസരണ ശൃംഖല വികസിപ്പിക്കാനും വിപുലീകരിക്കാനും ലക്ഷ്യം വെച്ചാണ് തുക ചെലവിടുക.

Comments

comments