പരന്ന ഭൂമിയും കറങ്ങുന്ന സൂര്യനും

പരന്ന ഭൂമിയും കറങ്ങുന്ന സൂര്യനും

പ്രാപഞ്ചിക സത്യങ്ങള്‍ തേടിയുള്ള മനുഷ്യ സംസ്‌കൃതിയുടെ യാത്ര തുടരുകയാണ്. പരമമായ സത്യത്തിലേക്കുള്ള പൊരുള്‍ ശാസ്ത്രത്തിനോ മതങ്ങള്‍ക്കോ ഇന്നും കണ്ടെത്താനായിട്ടില്ല. അനുദിനം തിരുത്തലുകള്‍ക്ക് വശംവദമാവുകയാണ് സ്ഥാപിത സത്യങ്ങള്‍. ഏറ്റവുമൊടുവിലായി സൂര്യനെ ഭൂമി ഭ്രമണം ചെയ്യുന്നെന്ന കണ്ടെത്തലും ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. ഇരു പിണ്ഡങ്ങളും ഒരു പൊതു ബിന്ദുവിനെ കേന്ദ്രീകരിച്ച് പരസ്പരം ഭ്രമണം ചെയ്യുകയാണെന്ന വാദമാണ് ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ജ്യോതിശാസ്ത്ര ഗവേഷകനായ ജോനാഥന്‍ ഡിവോര്‍ ഉന്നയിക്കുന്നത്. കഥയെന്തെന്നറിയാത്ത അറിവില്ലാപ്പൈതലുകളുടെ യാത്ര തുടരുകയാണ്…

പി ഡി ശങ്കരനാരായണന്‍

‘സ്വസ്തി, ഹേ സൂര്യ! തേ സ്വസ്തി!
മറ്റുള്ളവര്‍ക്കായ് സ്വയം കത്തിയെരിയുന്ന
സുസ്‌നേഹമൂര്‍ത്തിയാം സൂര്യ!
വറ്റാത്ത നിറവാര്‍ന്ന നിന്‍ തപ്ത ദീപ്തമാം
അക്ഷയപാത്രത്തില്‍ നിന്നുറന്നൊഴുകുന്നൊ
രിത്തിരിച്ചുടുപാല്‍ വെളിച്ചം കുടിച്ചിവിടെ
ഇച്ചെറിയവട്ടത്തിലിക്കൊച്ചു ഭൂമിയില്‍
ജീവന്റെയുന്മത്ത നൃത്തം!’

(ഒ എന്‍ വി കുറുപ്പ്, ‘സൂര്യഗീതം’)

ഇരതേടുകയും ഇണചേരുകയും ചെയ്യുന്നതിനപ്പുറം മനുഷ്യന്റെ പ്രവര്‍ത്തിയും ചിന്തയും പുതിയ മാനങ്ങള്‍ തേടിയത്, പന്ത്രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൃഷിയുടെ ആദ്യ വിത്ത് വിതയ്ക്കപ്പെട്ട, പശ്ചിമേഷ്യയിലെ മണല്‍പ്പരപ്പുകള്‍ക്കിടയിലെ പച്ചത്തുരുത്തായ മെസൊപൊട്ടേമിയയിലായിരുന്നു. യൂഫ്രട്ടീസ്, ടൈഗ്രിസ് നദികള്‍ക്കിടയിലെ ചന്ദ്രക്കലാകൃതിയിലുള്ള മണ്ണിടത്തില്‍ കുരുക്കള്‍ മുളയ്ക്കുകയും ചെടികള്‍ തളിര്‍ക്കുകയും മൃഗങ്ങള്‍ ഇണങ്ങുകയും ചെയ്ത് മനുഷ്യനൊപ്പം ജീവിക്കാന്‍ തുടങ്ങി. മുളച്ച വിത്തില്‍ വിളഞ്ഞത് ധാന്യം മാത്രമല്ല ധ്യാനവും കൂടിയായിരുന്നു. ലോകസത്യങ്ങള്‍ തേടിയുള്ള ധ്യാനം. അതിനിടയില്‍ അവന്‍ ചക്രങ്ങള്‍ ഉരുട്ടാനും അക്ഷരങ്ങള്‍ എഴുതാനും വെള്ളം വഴിതിരിച്ച് വിടാനും പഠിച്ചു. കാഴ്ചകളെ എണ്ണിയെടുത്തപ്പോള്‍ അറുപത് വരെയുള്ള സംഖ്യകള്‍ അവന്റെ വരുതിയില്‍ വന്നു. ആ അറുപത് വച്ച് അവന്‍ സമയത്തെ അളന്നു, അറുപതിനെ ആറിരട്ടിയാക്കി അവന്‍ വൃത്തങ്ങള്‍ വരച്ചു.

ഭൂമിയില്‍ നിന്ന് പതിയെ അവന്റെ ചിന്ത ആകാശങ്ങളോളം സഞ്ചരിച്ചു. മായാപ്രപഞ്ചമാം മണ്‍തരിയിലമരുന്ന മായയെത്തിരയുന്ന യാത്ര. പ്രപഞ്ചസത്യങ്ങള്‍ തേടി സഞ്ചരിച്ച മനുഷ്യമനസ്സ് ആദ്യം നക്ഷത്രങ്ങളെ അടയാളപ്പെടുത്തി. ഒരു മാസത്തിന് മൂന്ന് നക്ഷത്രങ്ങള്‍. മൊത്തം മുപ്പത്തിയാറ്. പരന്ന ഭൂമിയ്ക്ക് മുകളില്‍ രാവുകളില്‍ പ്രത്യക്ഷപ്പെടുന്ന വെളിച്ചങ്ങളെ അവന്‍ പേരുചൊല്ലി വിളിച്ചു. ചന്ദ്രന്‍ സമയക്രമങ്ങള്‍ നിര്‍ണ്ണയിച്ചു. അപ്പോഴേയ്ക്കും വര്‍ഷങ്ങള്‍ പതിനായിരത്തോളം കടന്ന് പോയി.

സമാനമായി സിന്ധുതീരത്തിലും മനുഷ്യന്റെ മാനസികവ്യാപാരങ്ങള്‍ ഉത്തരോന്മുഖമായി നീങ്ങിയിരുന്നു. ലൗകിക ജീവിതവും ആത്മീയ ജീവിതവും ചിട്ടപ്പെടുത്താനുള്ള തത്വചിന്തകള്‍ വേദങ്ങളായി സ്ഥായീരൂപം നേടി. ആകാശത്തേക്കുയര്‍ന്ന കണ്ണുകള്‍ അവിടെ കണ്ട പ്രകാശബിന്ദുക്കളെ ഇരുപത്തിയേഴ് കൂട്ടങ്ങളാക്കി തിരിച്ചു. സൂര്യന്റെയും ചന്ദ്രന്റെയും യാത്രാഗതികള്‍ സിന്ധുനദിക്കരയില്‍ ഇരുന്ന് വീക്ഷിച്ച് അവന്‍ അളന്ന് മുറിച്ചു. വേദങ്ങള്‍ക്കൊപ്പം വേദാംഗ ജ്യോതിഷവും ജനിച്ചു. വേദത്തിന്റെ അംഗം അല്ലെങ്കില്‍ ഭാഗം ആയതാണ് വേദാംഗം. ഹോമകുണ്ഡം പോല്‍ ജ്വലിക്കുന്ന മനസ്സിന്ന് സാന്ത്വനം പകരുന്ന ചില അന്വേഷണങ്ങള്‍. ജ്യോതി എന്ന സംസ്‌കൃതവാക്കിന് അര്‍ത്ഥം വെളിച്ചം എന്നാണല്ലോ. വെളിച്ചത്തിന്റെ ഉറവിടങ്ങള്‍ തേടിയുള്ള അന്വേഷണം ജ്യോതിഷം. പരന്ന് കിടക്കുന്ന ഭൂമി, അതിന് താഴെ പാതാളം; മുകളില്‍ ആകാശം. പ്രപഞ്ചത്തിന് മൂന്ന് അടുക്ക്. നടുവിലെ സുരക്ഷിതമായ അടുക്കില്‍ നമ്മള്‍ താമസിക്കുന്നു. ഊര്‍ജത്തിന്റെ ഉറവിടമായ സൂര്യനെ ഭജിക്കുക. ഓം ഭൂര്‍ഭുവസ്വ: തത്സവിതുര്‍വരേണ്യം ഭര്‍ഗ്ഗോ ദേവസ്യ ധീമഹി ധിയോയോനഃ പ്രചോദയാത് (യാതൊരാള്‍ ഞങ്ങളുടെ പ്രകാശത്തെയും ഊര്‍ജ്ജത്തെയും ബുദ്ധിയെയും പ്രചോദനം ചെയ്യുന്നുവോ ആ ദേവനായ സവിതാവിന്റെ വരേണ്യമായ ഭര്‍ഗ്ഗസ്സിനെ ഞങ്ങള്‍ ധ്യാനിക്കുന്നു. അര്‍ത്ഥമറിയാതെ ‘യോ’യും ‘നഃ’ ചേര്‍ത്തുപറയുന്നവര്‍ ഉണ്ട്. അര്‍ത്ഥം അസാരം മാറിപ്പോവും. ‘ന’ എന്ന അക്ഷരം ഒരു വാക്കില്‍ ആദ്യം വരുമ്പോഴും ആദ്യമല്ലാതെ വരുമ്പോഴും ഉച്ചാരണവ്യത്യാസമുണ്ട്. ആദ്യം വരുന്ന ‘ന’ ആണ് ഇവിടെ ശരിയായ ഉച്ചാരണം). പ്രകാശം തരികയും എന്നാല്‍ സര്‍വ്വവും ഭസ്മമാക്കുന്ന കാട്ടുതീ പടര്‍ത്തുകയും ചെയ്യുന്ന അഗ്‌നി ദേവനെ ഭജിക്കുക. ദാഹം അകറ്റുകയും പ്രളയം വരുത്തുകയും ചെയ്യുന്ന ജലദേവനെ ഭജിക്കുക. താങ്ങിനിര്‍ത്തുന്ന ഭൂമിയെ ഭജിക്കുക. അനന്തമജ്ഞാതമായ ആകാശത്തെ ഭജിക്കുക. അഗ്‌നിരിതി ഭസ്മ വായൂരിതി ഭസ്മ ജലമിതി ഭസ്മ സ്ഥലമിതി ഭസ്മ വ്യോമേതി ഭസ്മ സര്‍വ്വംഹവഇദം ഭസ്മ മന ഏതാനിചക്ഷുംഷിഭസ്മാനി.

യവനലോകത്തും സമാനമായി തത്വചിന്തയും ശാസ്ത്രത്വരയും പുഷ്ടി പ്രാപിക്കുന്നുണ്ടായിരുന്നു. സഞ്ചാര സൗകര്യമോ സംവേദന സൗകര്യമോ ഒട്ടുംതന്നെഇല്ലാതിരുന്ന അക്കാലത്ത് എങ്ങിനെയാണ് മനുഷ്യന്റെ ചിന്തകള്‍ ഒരുപോലെയായത് എന്നത് ഒരു പ്രഹേളികയായി തുടരുന്നു. ഒരിടത്തും ആരും തന്നെ പരന്ന് കിടക്കുന്ന ഭൂമിയ്ക്ക് മറ്റൊരു ആകൃതിയുണ്ടാവുമോ എന്ന് മാറിയൊന്ന് ചിന്തിച്ചിരുന്നില്ല. ഗ്രീസിലെ പൈതഗോറസിന് എങ്കിലും അതിലൊരു സംശയം തോന്നി. ക്രിസ്തുവിന് മുന്‍പ് അഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന അദ്ദേഹം ഭൂമി ഉരുണ്ടതാണെന്ന് ഒരു സന്ദേഹം മാത്രമാണ് പ്രകടിപ്പിച്ചത്. പ്രത്യേകിച്ച് തെളിവൊന്നും അദ്ദേഹം കണ്ടെത്തിയില്ല. ഒരു നൂറ്റാണ്ടിലധികം കഴിഞ്ഞ് അരിസ്റ്റോട്ടില്‍ പക്ഷേ ഇത് സ്ഥിരീകരിച്ചു. ഭൂമി ഉരുണ്ടതാണെന്ന് അദ്ദേഹം കൃത്യമായ കാര്യകാരണങ്ങളോടെ സ്ഥാപിച്ചു.

സൂര്യന്‍ അപ്പോഴും ഭൂമിക്ക് ചുറ്റും വലം വെക്കുകയാണ്; ജിയോസെന്‍ട്രിസം. പതിനാറാം നൂറ്റാണ്ടിലെ നവോത്ഥാനകാല ഗണിതശാസ്ത്രകാരനും കത്തോലിക്കാ പുരോഹിതനും ജ്യോതിശാസ്ത്രജ്ഞനുമായ നിക്കോളസ് കോപ്പര്‍നിക്കസ് സംഗതി പൊളിച്ചടുക്കി. സൂര്യന്‍ അങ്ങനെ നിന്ന നില്‍പ്പാണ്. ഭൂമിയാണ് സൂര്യന് ചുറ്റും ഓടിക്കൊണ്ടിരിക്കുന്നത്. ഹീലിയോസെന്‍ട്രിസം (സൂര്യനാണ് സൗരയൂഥത്തിന്റെ കേന്ദ്രബിന്ദു എന്ന വാദം) എന്ന് പിന്നീട് അറിയപ്പെട്ട തത്വം യവന ലോകത്താണ് പിറന്നുവീണത്. എന്നാല്‍ പ്രൊട്ടസ്റ്റന്റ് വിശ്വാസികള്‍ വെറുതെയിരുന്നില്ല. ‘സൂര്യനെ പിടിച്ചുനിര്‍ത്താനും ഭൂമിയെ ഉരുട്ടിനീക്കാനും ശ്രമിക്കുന്ന ആ സര്‍മാറ്റിക്കുകാരനെപ്പോലെ (കോപ്പര്‍നിക്കസ് പോളണ്ടുകാരനാണ്. പോളണ്ടുകാരെ ദേശീയമായി അധിക്ഷേപിക്കാന്‍ ഉപയോഗിക്കുന്ന വാക്കാണ് സര്‍മാറ്റിക്കുകാരന്‍ എന്നത്. സ്ലാവികി രാജ്യങ്ങള്‍ കൈയേറിത്താമസിക്കുന്ന ഇറാന്‍ വംശജര്‍ ആണിവര്‍ എന്ന് വ്യംഗ്യം. അവര്‍ പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത് എന്നാണ് പ്രൊട്ടസ്റ്റന്റുകാര്‍ പറയുന്നത്) അസംബന്ധങ്ങള്‍ പറയുന്നത് ശരിയും മഹത്തരവുമെന്ന് കരുതുന്ന ചിലരുണ്ട്. ഇത്തരം ചിന്താഗതിക്കാരെ സര്‍ക്കാര്‍ വേണ്ടപോലെ കൈകാര്യം ചെയ്യണം,’ അവര്‍ ആവശ്യപ്പെട്ടു.

പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇറ്റാലിയന്‍ എഞ്ചിനീയറും ഭൗതികശാസ്ത്രജ്ഞനും ജ്യോതിശാസ്ത്രകാരനുമായ ഗലീലിയോ ഗലീലി, കോപ്പര്‍നിക്കസിന്റെ തത്വങ്ങള്‍ക്ക് കൃത്യമായ തെളിവുകളും നിര്‍വ്വചനങ്ങളുംനല്‍കി. പക്ഷേ കോപ്പര്‍നിക്കസിന് നേരിടേണ്ടി വന്നതില്‍ വളരെ കൂടുതല്‍ എതിര്‍പ്പുകളാണ് ഗലീലിയോ നേരിട്ടത്. 1615 ല്‍ റോമിലെ പുരോഹിതരുടെ വിചാരണസഭയായ റോമന്‍ ഇന്‍ക്വിസിഷന്‍, ഹീലിയോസെന്‍ട്രിസം വെറും വിഡ്ഢിത്തമെന്നതിലുപരി വേദപുസ്തകത്തിന് വിരുദ്ധമാണെന്ന് കൂടി വിധിച്ചു. ഗലീലിയോ തന്റെ വാദങ്ങള്‍ ഒരിക്കല്‍ കൂടി ദൃഢമെന്ന് പ്രഖ്യാപിക്കുവാന്‍ 1632 ല്‍ ഒരു പുസ്തകം കൂടി പ്രസിദ്ധീകരിച്ചു. പോപ്പ് അര്‍ബന്‍ എട്ടാമനും ജെസ്യൂട്ട് പാതിരിമാരും അദ്ദേഹത്തിന് പൂര്‍ണ്ണമായും എതിരായി. വീണ്ടും റോമന്‍ ഇന്‍ക്വിസിഷന്‍ വിചാരണ. ഒടുവില്‍ ഗലീലിയോയെ ‘വിശ്വാസങ്ങള്‍ക്ക് എതിരായി പ്രവര്‍ത്തിച്ചു’ എന്ന് വിധിച്ച് ജീവിതാവസാനം വരെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചു. വിശ്വാസം, അതാണല്ലോ, എല്ലാം.

കാലം ഇന്ന് ഒരുപാട് മുന്നോട്ട് പോയി. സൗരയൂഥ സിദ്ധാന്തം തന്നെ ഇന്ന് മാറ്റിയെഴുതപ്പെടുകയാണ്. ഇതുവരെ സൂര്യന്‍ ഒരു കേന്ദ്രബിന്ദുവില്‍ കറങ്ങുമ്പോള്‍ അതേ കേന്ദ്രബിന്ദുവിനെ ആസ്പദമാക്കി ഭൂമി സൂര്യന് ചുറ്റും കറങ്ങുന്നു എന്നതായിരുന്നു വിശ്വാസം. ഈ വിശ്വാസം കുറച്ച് കാലമായി ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കയാണ്. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ജ്യോതിശാസ്ത്ര ഗവേഷകനായ ജോനാഥന്‍ ഡിവോര്‍ തികച്ചും വ്യത്യസ്തമായ ഒരു വാദം ഉന്നയിക്കുന്നു. പരസ്പരം വലം വയ്ക്കുന്ന രണ്ട് ഗോളങ്ങളുടെ മൊത്തം പിണ്ഡത്തിന് ഒരു കേന്ദ്രബിന്ദു (യമൃ്യരലിേൃല) ഉണ്ട്. അത്തരം ഒരു കേന്ദ്രബിന്ദുവിനെ ആസ്പദമാക്കിയാണ് സൂര്യനും ഭൂമിയും വലം വെച്ചുകൊണ്ടിരിക്കുന്നത്. സൂര്യന്റെ പിണ്ഡം ഭൂമിയുടേതിനേക്കാള്‍ വളരെ അധികമായതുകൊണ്ട്, ഈ കേന്ദ്രബിന്ദു സൂര്യനകത്ത് പെട്ടുപോയതാണ്. അല്ലാതെ അത് സൂര്യന്റെ മധ്യബിന്ദു അല്ല എന്നാണ് ജോനാഥന്‍ സമര്‍ത്ഥിക്കുന്നത്. അപ്പോള്‍ ഭൂമി സൂര്യനെ ചുറ്റുന്നു എന്ന് പറയുന്നത്, ഒരു ആപേക്ഷികമായ അവസ്ഥയാണ്, അഥവാ യാദൃച്ഛികമായി അങ്ങിനെ തോന്നുന്നതാണ്. യാഥാര്‍ത്ഥത്തില്‍ ഭൂമിയ്ക്ക് ചുറ്റേണ്ട കേന്ദ്രബിന്ദു സന്ദര്‍ഭവശാല്‍ സൂര്യന്റെ ഉള്ളില്‍ ആയിപ്പോയതാണ്. സൗരയൂഥത്തിലെ വിവിധ ഗ്രഹങ്ങളുടെപിണ്ഡത്തിന്റെ കേന്ദ്രബിന്ദുവും സൂര്യനും തമ്മില്‍ വളരെ സങ്കീര്‍ണ്ണമായ ബന്ധമാണ് ഉള്ളത്. ഉദാഹരണത്തിന് വ്യാഴത്തിന്റെ കേന്ദ്രബിന്ദു പലപ്പോഴും സൂര്യഗ്രഹത്തിന്റെ പുറത്ത് ആവുന്നുണ്ട്. ഇത് ഭൂമിക്കും ബാധകമാണ്. എന്നാല്‍ സൂര്യഗ്രഹത്തെ അപേക്ഷിച്ച് ഭൂമിക്ക് വലിപ്പക്കുറവും പിണ്ഡക്കുറവും ഉള്ളതിനാല്‍, ബിന്ദുവിന്റെ സ്ഥാനം ഭൗതികമായി സൂര്യനകത്ത് നിലകൊള്ളുന്നു എന്ന് മാത്രം. അതായത്, ഒന്നുകൂടി വിശദീകരിച്ചാല്‍, സൂര്യനെ അടിസ്ഥാനഘടകമായി എടുത്താല്‍ ഭൂമി സൂര്യനെ ചുറ്റുന്നു. ഭൂമിയെ അടിസ്ഥാനമായി എടുത്താല്‍ സൂര്യന്‍ ഭൂമിയെ ചുറ്റുന്നു. സത്യത്തില്‍ അങ്ങോട്ടോ ഇങ്ങോട്ടോ വലത്ത് വെക്കുന്നില്ല. ഇത് തന്നെയാണ് ഭൂമിയും ചന്ദ്രനും തമ്മിലും നവഗ്രഹങ്ങളും സൂര്യനും തമ്മിലുള്ള ബന്ധവും. എല്ലാം സ്വതന്ത്രമായാണ് നീങ്ങുന്നത്. അവയുടെ പാതകളെ നോക്കുമ്പോള്‍ ഒന്ന് ഒന്നിനെ ചുറ്റുന്നു എന്നത്, നമ്മുടെ തോന്നലിന്റെ പ്രശ്‌നമാണ്.

സൂര്യനും ഭൂമിയും പരസ്പരം ഇഴചേര്‍ന്ന രണ്ട് ഗ്രഹങ്ങളായി നാം മനസിലാക്കുന്നു. അങ്ങിനെ രണ്ടിനും ഒരു കേന്ദ്രബിന്ദു ആണെന്ന അദ്വൈത വേദാന്ത ചിന്തതന്‍ വഴിയിലൂടെ നമ്മുടെ ആദ്യന്തമില്ലാത്ത യാത്ര തുടരുമ്പോള്‍, പെട്ടെന്ന് ഇപ്പോള്‍, ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടുള്ളൊരിണ്ടലുകള്‍ പോക്കുവാന്‍ ശാസ്ത്രലോകം വീണ്ടും യാത്രകള്‍ പോവുകയാണ്. ഒരറിവില്ലാപ്പൈതലിന്‍ യാത്ര.

Comments

comments

Categories: Editorial, Slider
Tags: Editorial