അമൃത വിശ്വ വിദ്യാപീഠവും ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ടും സഹകരിക്കും

അമൃത വിശ്വ വിദ്യാപീഠവും ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ടും സഹകരിക്കും

കൊച്ചി: അമൃത വിശ്വവിദ്യാ പീഠവും ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ജനറ്റിക്‌സ് ആന്‍ഡ് സൊസൈറ്റിയും ആന്റി ബയോട്ടിക്‌സ് റെസിസ്റ്റന്‍സ് (എഎംആര്‍) ചെറുക്കുന്നതിനായി സംയുക്ത ഗവേഷണത്തിന് ധാരണയിലെത്തി.അമൃത വിശ്വവിദ്യാപീഠത്തിന്റെ നിയന്ത്രണത്തിലുള്ള സ്‌കൂള്‍ ഓഫ് ബയോടെക്‌നോളജിയും യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ സാന്റിയാഗോയുടെ (യുസിഎസ്ഡി) കീഴിലുള്ള ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ജനറ്റിക് ആന്‍ഡ് സൊസൈറ്റിയും ചേര്‍ന്നാണ് ഗവേഷണം നടത്തുന്നത്. രോഗാണുക്കള്‍ക്ക് നിലവിലുള്ള മരുന്നുകളെ പ്രതിരോധിക്കാനുള്ള കഴിവ് ലഭിക്കുന്ന പ്രതിഭാസമമാണ് എഎംആര്‍.

എന്‍ഐആര്‍എഫ് റാങ്കിംഗില്‍ ഇന്ത്യയിലെ മികച്ച സര്‍വകലാശാലകളില്‍ എട്ടാം സ്ഥാനത്തുള്ള അമൃത വിശ്വവിദ്യാപീഠവും, ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ജനിറ്റിക്‌സ് ആന്‍ഡ് സൊസൈറ്റിയും ഏറെ പ്രശസ്തമായ നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ആണ് .അമൃത സ്‌കൂള്‍ ഓഫ് ബയോടെക്‌നോളജിയും യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ സാന്റിയാഗോയും മുന്‍പും സംയുക്തമായി പ്രവര്‍ത്തിച്ചിട്ടുണ്ട് .

ആഗോളതലത്തില്‍ എഎംആര്‍ ഭയപ്പെടുത്തുന്ന അളവില്‍ വര്‍ധിച്ച് കൊണ്ടിരിക്കുന്നതിനാല്‍ വളരെ പൊതുവായി കണ്ട് വരുന്ന രോഗങ്ങള്‍ പോലും ചികില്‍സിക്കുന്നത് ദുഷ്‌കരമായി മാറിയിരിക്കുന്നു. അതിനാല്‍ തന്നെ ഈ സാഹചര്യത്തെ നേരിടാനുള്ള മാര്‍ഗങ്ങള്‍ വളരെ ചുരുക്കമാണ്. അടുത്ത കാലത്തു നടന്ന ചില പഠനങ്ങളില്‍ രോഗാണുക്കള്‍ക്ക് മരുന്നുകള്‍ക്ക് എതിരെ പ്രതിരോധ ശേഷി നല്‍കുന്ന ചില ജീനുകള്‍ കണ്ടെത്തിയിരുന്നു.

അസാമാന്യമായ പ്രതിരോധശേഷിയുള്ള സ്യൂഡോമോണസ് എര്‍ഗിനോസ എന്ന രോഗാണുവിനെ ലോക ആരോഗ്യ സംഘടന നിര്‍ണായകമായക്രിട്ടിക്കല്‍ പ്രയോറിറ്റി വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ജനിറ്റിക്‌സ് ആന്‍ഡ് സൊസൈറ്റിയുമായി സഹകരിച്ച് നടത്തുന്ന ഈ സംരംഭത്തില്‍ രോഗാണുക്കള്‍ക്ക് മരുന്നുകളോടുള്ള പ്രതിരോധശേഷി നഷ്ടപ്പെടുത്താനുള്ള മാര്‍ഗങ്ങള്‍ വികസിപ്പിച്ചെടുക്കാനാണ് ശ്രമിക്കുന്നതെന്ന് അമൃത വിശ്വാപീഠത്തിലെ ബയോടെക്‌നോളജി പ്രൊഫസറും ഫാക്കല്‍റ്റി ഓഫ് സയന്‍സിന്റെ ഡീനും ആയ ഡോ. ബിപിന്‍ നായര്‍ പറഞ്ഞു.

ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍, കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ബയോടെക്‌നോളജി വകുപ്പ്, ബയോ ടെക്‌നോളജി ഇന്‍ഡസ്ട്രി റിസര്‍ച്ച് അസിസ്റ്റന്‍സ് കൗണ്‍സില്‍ (ബിഐആര്‍എസി )എന്നിവയും സാമ്പത്തികമായി പിന്തുണക്കുന്നതോടെ, ബാക്റ്റീരിയകളെ ഉപയോഗിച്ച് എംഡിആര്‍ രോഗാണുക്കളെ പ്രതിരോധിക്കുന്നതടക്കമുള്ള പുതിയ മാര്‍ഗങ്ങള്‍ ഗവേഷണത്തിന്റെ ഭാഗമാകും.

Comments

comments

Categories: Business & Economy
Tags: Tata