മസാലബോണ്ട് വഴി 4,000 കോടി രൂപ സമാഹരിക്കാനൊരുങ്ങി എന്‍എച്ച്എഐ

മസാലബോണ്ട് വഴി 4,000 കോടി രൂപ സമാഹരിക്കാനൊരുങ്ങി എന്‍എച്ച്എഐ

ന്യൂഡെല്‍ഹി: ഹൈവേകളുടെ നിര്‍മാണത്തിനായി നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ(എന്‍എച്ച്എഐ) മസാല ബോണ്ടുകള്‍ വഴി 4,000 കോടി രൂപ സ്വരൂപിക്കാന്‍ തയാറെടുക്കുന്നു. നടപ്പുസാമ്പത്തിക വര്‍ഷം ഹൈവേ നിര്‍മാണ ഫണ്ടിലേക്കായി മൊത്തം 62,000 കോടി രൂപയുടെ വായ്പാ മാര്‍ഗങ്ങളിലൂടെ കണ്ടെത്താനുള്ള പദ്ധതിയുടെ ഭാഗമായാണിത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം 3000 കോടി രൂപ മസാലബോണ്ടുകള്‍ വഴി അതോറിറ്റി സമാഹരിച്ചിരുന്നു. നിക്ഷേപം സ്വീകരിക്കാന്‍ വിദേശത്ത് ഇന്ത്യന്‍ കറന്‍സിയില്‍ ഇറക്കുന്ന കടപ്പത്രമാണ് മസാല ബോണ്ട്.

ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ(എല്‍ഐസി), നാഷണല്‍ സമോള്‍ സേവിംഗ് ഫണ്ട്(എന്‍എസ്എസ്എഫ്), സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്ബിഐ) എന്നിവയില്‍ നിന്നും ശരാശരി എട്ട് ശതമാനം കൂപ്പണ്‍ നിരക്കില്‍ 29,000 കോടി രൂപ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇതിനകം ദേശീയപാതാ നിര്‍മാണത്തിനായി സമാഹരിച്ചിട്ടുണ്ട്. മസാല ബോണ്ടുകള്‍ പുറപ്പെടുവിക്കുന്നത് സംബന്ധിച്ച് ഈ മാസം അവസാനത്തോടുകൂടി നടക്കുന്ന യോഗത്തില്‍ എന്‍എച്ച്എഐ ബോര്‍ഡിന്റെ അന്തിമ തീരുമാനമുണ്ടാകും. യുഎസിലെയും യുകെയിലെയും നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനായി റോഡ്‌ഷോ നടത്തുന്നതിനുള്ള ശ്രമങ്ങളും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

എന്‍എച്ച്എഐയുടെ കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ ആദ്യ മസാലബോണ്ടുകള്‍ക്ക് വന്‍ പ്രതികരണമാണ് വിദേശ നിക്ഷേപകരില്‍ നിന്നും ലഭിച്ചത്. പ്രാഥമിക ഘട്ടത്തില്‍ 1,500 കോടി രൂപയുടെ മസാലബോണ്ടിറക്കാനായിരുന്നു തീരുമാനം. എന്നാല്‍ അത് പിന്നീട് 3,000 കോടി രൂപയായി ഉയര്‍ത്തി. വാര്‍ഷികനേട്ടം 7.30 ശതമാനമായിരുന്നു. ഏഷ്യയിലെ നിക്ഷേപകര്‍ 60 ശതമാനം നിക്ഷേപം സംഭാവന ചെയ്തപ്പോള്‍ യൂറോപ്പില്‍ നിന്നും ബാക്കി 40 ശതമാനം നിക്ഷേപം ലഭിച്ചു. 61 ശതമാനം നിക്ഷേപം ഫണ്ട് മാനേജര്‍മാരില്‍ നിന്നോ ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്നോ ആയിരുന്നു. 39 ശതമാനം നിക്ഷേപം ബാങ്കുകളില്‍ നിന്നു വന്നു.

അന്താരാഷ്ട്ര തലത്തില്‍ രൂപയുടെ വിനിമയ മൂല്യം ഉയര്‍ത്തുന്നതിനും മസാലബോണ്ടുകള്‍ സഹായകമാകും. പൊതുസ്വകാര്യ പങ്കാളിത്തത്തില്‍ ഹൈബ്രിഡ് ആന്വിറ്റി മോഡലില്‍(എച്ച്എഎം) കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കാണ് ദേശീയ പാതാ അതോറിറ്റി ശ്രമിക്കുന്നത്.. എച്ച്എഎം മാതൃകയില്‍ 40 ശതമാനം പദ്ധതി ചെലവ് വഹിക്കുന്നത് സര്‍ക്കാരാണ്.

Comments

comments

Categories: Business & Economy, Slider