ഇന്നൊവേഷന്‍ സെന്റര്‍:കേരള സര്‍ക്കാര്‍ എയര്‍ബസ് ഗ്രൂപ്പുമായി ധാരണാപത്രം ഒപ്പുവെച്ചു

ഇന്നൊവേഷന്‍ സെന്റര്‍:കേരള സര്‍ക്കാര്‍ എയര്‍ബസ് ഗ്രൂപ്പുമായി ധാരണാപത്രം ഒപ്പുവെച്ചു

തിരുവനന്തപുരം: സ്റ്റാര്‍ട്ടപ്പ് പ്രോല്‍സാഹനം ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ ഫ്രഞ്ച് കമ്പനിയായ എയര്‍ബസ് ഗ്രൂപ്പുമായി ചേര്‍ന്ന് സംസ്ഥാനത്ത് ഇന്നൊവേഷന്‍ സെന്റര്‍ ആരംഭിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ സജി ഗോപിനാഥും എയര്‍ബസ് ഗ്രൂപ്പിന്റെ ഭാഗമായ എയറോസ്‌പേസ് ആക്‌സിലേറേറ്ററായ എയര്‍ബസ് ബിസ്‌ലാബിന്റെ ഇന്ത്യന്‍ മേധാവി സിദ്ധാര്‍ഥ് ബാലചന്ദ്രനും പദ്ധതി സംബന്ധിച്ച ധാരണാപത്രം ഒപ്പുവെച്ചു.

തലസ്ഥാന നഗരിയില്‍ യാഥാര്‍ത്ഥ്യമാകുന്ന നിര്‍ദിഷ്ട ഇന്നൊവേഷന്‍ സെന്റര്‍ സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കുന്നതിനായുള്ള എല്ലാ പദ്ധതികളുടെയും ആസൂത്രണത്തിനും നടപ്പിലാക്കലിനും നേതൃത്വം വഹിക്കുന്ന നോഡല്‍ ഏജന്‍സിയായിട്ടാകും പ്രവര്‍ത്തിക്കുക. കരാറിനു കീഴില്‍ എയര്‍ബസ് കേരളത്തിലെ വിവിധ മേഖലകളിലെ എയറോസ്‌പേസ് ടെക്‌നോളജികള്‍ ഉപയോഗിക്കാന്‍ കഴിയുന്ന അവസരങ്ങള്‍ കണ്ടെത്തുകയും ഈ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന് തങ്ങളുടെ ജീവനക്കാരുടെ സംഘത്തിന്റെ സേവനം ലഭ്യമാക്കുകയും സംസ്ഥാനത്തൈ സ്റ്റാര്‍ട്ടപ്പുകളെ സഹായം നല്‍കുകയും ചെയ്യും.

എയര്‍ബസ് ബിസ്‌ലാബ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പിന്തുണയും മെന്ററിംഗും നല്‍കുകയും എയറോസ്‌പേസ്, പ്രതിരോധം മേഖലകളില്‍ നിന്നുള്ള വിദഗ്ധരെ ഉള്‍പ്പടുത്തി സ്ഥിരമായി വര്‍ക്‌ഷോപ്പുകളും ചര്‍ച്ചകളും സംഘടിപ്പിക്കുകയും ചെയ്യും. നിലവില്‍ ബെംഗളൂരുവില്‍ എയര്‍ബസ് ബിസ്‌ലാബ് പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ സ്റ്റാര്‍ട്ടപ്പുകളും എയര്‍ബസിലെ ഇന്നൊവേഷന്‍ പ്രോല്‍സാഹിപ്പിക്കുന്ന ഉദ്യോഗസ്ഥരും ഇന്നൊവേഷന്‍ ആശയങ്ങളെ വേഗത്തില്‍ മൂല്യവത്തായ ബിസിസ് സംരംഭങ്ങളാക്കി മാറ്റാന്‍ സഹായിക്കുന്നുണ്ട്.

എയര്‍ബസ് ബിസ്‌ലാബുമായുള്ള പങ്കാളിത്തം സംസ്ഥാനത്തെ വ്യവസായ മേഖലയില്‍ ഇന്നൊവേഷന്‍ കൊണ്ടുവരാന്‍ സഹായിക്കുമെന്ന് വിശ്വാസമുണ്ടെന്നും കേരളത്തിലെ യുവജനങ്ങളുടെ നൈപുണ്യ വികസനത്തിനും തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനും സെന്റര്‍ സഹായിക്കുമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ചീഫ് സെക്രട്ടറി ടോം ജോസ്, ഐടി സെക്രട്ടറി എം ശിവകുമാര്‍, ജര്‍മന്‍ കോണ്‍സുല്‍ ജനറല്‍ മാര്‍ഗിറ്റ് ഹെല്‍വിഗ്‌ബോയിറ്റെ, മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടവ് എം സി ദത്തന്‍, ഐസിടി അക്കാഡമി സിഇഒ സന്തോഷ് കുറുപ്പ്, കേരള ഐടി പാര്‍ക്കസ് സിഇഒ ഋഷികേശ് നായര്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

Comments

comments

Categories: Current Affairs, Slider