ധനക്കമ്മി ലക്ഷ്യത്തില്‍ ഉറച്ചു നില്‍ക്കണം: അരവിന്ദ് പനഗരിയ

ധനക്കമ്മി ലക്ഷ്യത്തില്‍ ഉറച്ചു നില്‍ക്കണം: അരവിന്ദ് പനഗരിയ

ന്യൂഡെല്‍ഹി: 201819 സാമ്പത്തിക ലക്ഷ്യത്തില്‍ ധനക്കമ്മി പിടിച്ചു നിര്‍ത്തുന്നതിന് മുന്നോട്ടുവെച്ചിട്ടുള്ള ലക്ഷ്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഉറച്ചു നില്‍ക്കണമെന്ന് നിതി ആയോഗ് മുന്‍ വൈസ് ചെയര്‍മാന്‍ അരവിന്ദ് പനഗരിയ. കഴിഞ്ഞു നാലു വര്‍ഷം സര്‍ക്കാര്‍ കൈക്കൊണ്ട പരിഷ്‌കരണ നടപടികളുടെ തുടര്‍ച്ചയുണ്ടാകണമെന്നും പനഗരിയ ആവശ്യപ്പെട്ടു.

നിലവിലെ സര്‍ക്കാര്‍ പരിഷ്‌കരണങ്ങള്‍ നടപ്പാക്കുന്നതില്‍ വലിയ പുരോഗതി നേടിയിട്ടുണ്ട്. നടപ്പാക്കുന്നതില്‍ ഘടനാപരമായി ഏറെ ബുദ്ധിമുട്ടുണ്ടായിരുന്ന പരിഷ്‌കരണങ്ങളാണ് ചരക്കു സേവന നികുതിയും ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്‌റപ്റ്റസി കോഡും (പാപ്പരത്ത നിയമം). മുന്‍ സര്‍ക്കാര്‍ ഇവയുടെ അവതരണത്തില്‍ പ്രയാസം നേരിട്ടിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ധനക്കമ്മിയുടെ ലക്ഷ്യങ്ങള്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് മാറ്റി സ്ഥാപിക്കരുത്. സാമ്പത്തിക ഏകീകരണമാണ് സര്‍ക്കാരിന്റെ മികച്ച നേട്ടമെന്നും ബൃഹത് സാമ്പത്തിക ഘടകങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ കാര്യമായ പങ്കുവഹിച്ചുവെന്നും പനഗരിയ ചൂണ്ടിക്കാട്ടി. നടപ്പു സാമ്പത്തിക വര്‍ഷം 3.3 ശതമാനത്തില്‍ ധനക്കമ്മി പിടിച്ചുനിര്‍ത്തുക എന്നതാണ് സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം. പൊതു തെരഞ്ഞെടുപ്പ് ആസന്നമായിരിക്കേ ഇതില്‍ അയവുവരുത്താനുള്ള സാധ്യതയുടെ കൂടി പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ നിര്‍ദേശം.

നിലവിലെ സാഹചര്യത്തില്‍ ഉന്നത വിദ്യാഭ്യാസ കമ്മിഷന്‍ ബില്‍ പോലെ പാര്‍ലമെന്റിന്റെ അനുമതി ആവശ്യമുള്ള പരിഷ്‌കരണ നടപടികള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് തെരഞ്ഞെടുപ്പ് വരെ കാക്കേണ്ടിവരും. എന്നാല്‍ ചട്ടങ്ങളിലെയും നിയന്ത്രണ മാനദണ്ഡങ്ങളിലെയും മാറ്റങ്ങളിലൂടെ നടപ്പാക്കാവുന്ന പരിഷ്‌കരണ നടപടികള്‍ മുന്നോട്ടുകൊണ്ടു പോകാനാകുമെന്ന് അരവിന്ദ് പനഗരിയ പറഞ്ഞു. സിവില്‍ സര്‍വീസിലെ ലാറ്ററല്‍ എന്‍ട്രി, പൊതുമേഖലാ കമ്പനികളുടെ സ്വകാര്യവല്‍ക്കരണം, നഷ്ടത്തിലായ പൊതുമേഖലാ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നത് തുടങ്ങിയവയാണ് മുന്നോട്ടുകൊണ്ടുപോകുന്നതിന് പനഗരിയ ചൂണ്ടിക്കാണിക്കുന്നത്.

കറണ്ട് എക്കൗണ്ട് കമ്മി നിയന്ത്രിക്കുന്നതിനായി ചില ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി താരിഫ് ഉയര്‍ത്താനുള്ള നീക്കത്തെ അദ്ദേഹം തള്ളിപ്പറഞ്ഞു. റവന്യു, വാണിജ്യ മന്ത്രാലയങ്ങളിലെ പല ബ്യൂറോക്രാറ്റുകള്‍ക്കും തുറന്ന വ്യാപാരത്തിന്റെ പാധാന്യം അറിയില്ലെന്നും, അഥവാ അറിയാമെങ്കിലും അവര്‍ രാഷ്ട്രീയ നേതൃത്വത്തെ ഇക്കാര്യം ബോധ്യപ്പെടുത്തുന്നില്ലെന്നും പനഗരിയ പറഞ്ഞു. കഴിഞ്ഞ ആഴ്ച ജെറ്റ് ഇന്ധനവും എയര്‍ കണ്ടിഷ്ണറും ഉള്‍പ്പടെ 19 ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു.

Comments

comments

Categories: Current Affairs, Slider