ചെയര്‍മാന്‍ സ്ഥാനത്തു നിന്നും രാജിവെക്കാന്‍ സുക്കര്‍ബര്‍ഗിന് സമ്മര്‍ദം

ചെയര്‍മാന്‍ സ്ഥാനത്തു നിന്നും രാജിവെക്കാന്‍ സുക്കര്‍ബര്‍ഗിന് സമ്മര്‍ദം

ന്യൂയോര്‍ക്ക്: ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് രാജിവെക്കണമെന്ന ആവശ്യവുമായി നിക്ഷേപകര്‍ രംഗത്ത്. കമ്പനിക്കെതിരെ ഉയര്‍ന്നുവരുന്ന ആരോപണങ്ങളും വിമര്‍ശനങ്ങളും ചെറുക്കുന്നതിന് ഫേസ്ബുക്ക് പിആര്‍ കമ്പനിയെ ചുമതലപ്പെടുത്തിയെന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെയാണ് രാജി ആവശ്യം നിക്ഷേപകര്‍ ശക്തമാക്കിയിരിക്കുന്നത്.

ഫേസ്ബുക്കിനു നേരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ അടിച്ചമര്‍ത്താന്‍ ശ്രമിച്ചുവെന്നും വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന ആക്റ്റിവിസ്റ്റുകളെയും ഫേസ്ബുക്ക് വിരുദ്ധരെയും ബില്യണെയര്‍ നിക്ഷേപകനായ ജോര്‍ജ് സോറോസുമായി ബന്ധിപ്പിച്ച് അവതരിപ്പിക്കാന്‍ ശ്രമിച്ചെന്നും ജനരോഷത്തെ എതിരാളികളായ ടെക് കമ്പനികളുടെ നേര്‍ക്ക് മാറ്റാന്‍ ശ്രമിച്ചുവെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തപ്പെട്ട കേംബ്രിഡ്ജ് അനലിറ്റിക സംഭവം, 2016ല്‍ നടന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഫേസ്ബുക്കിലൂടെയുള്ള റഷ്യയുടെ ഇടപെടല്‍ എന്നീ സംഭവങ്ങള്‍ ഫേസ്ബുക്ക് കൈകാര്യം ചെയ്തതിനെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് കമ്പനിയുടെ പ്രതിച്ഛായക്ക് മങ്ങലേറ്റിരുന്നു. ഉപയോക്താക്കള്‍ക്കിടയില്‍ വീണ്ടും ജനകീയമാകാനായി റിപ്പബ്ലിക്കന്‍ പബ്ലിക് റിലേഷന്‍സ് കമ്പനിയായ ഡിഫൈനേഴ്‌സ് പബ്ലിക് അഫയേഴ്‌സിനെ ഫേസ്ബുക്ക് ചുമതലപ്പെടുത്തിയതായി ടെലഗ്രാഫ് പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഈ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍, ഫേസ്ബുക്കില്‍ 8.5 മില്യണ്‍ പൗണ്ട് മൂല്യമുള്ള ഓഹരികളുള്ള ജോനസ് ക്രോണ്‍( ട്രില്യം അസറ്റ് മാനേജ്‌മെന്റ് സീനിയര്‍ വൈസ് പ്രസിഡന്റ്) കഴിഞ്ഞ ദിവസം സൂക്കര്‍ബര്‍ഗിനെ വിളിച്ച് ചെയര്‍മാന്‍ സ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ഫേസ്ബുക്ക് ഒരു കമ്പനിയെന്ന നിലയില്‍ പ്രവര്‍ത്തിക്കണമെന്നും ചെയര്‍മാനും സിഇഒയുമായി ഒരാള്‍ തന്നെ തുടരരുതെന്നും ജോനസ് പറഞ്ഞു.

ഫേസ്ബുക്കിന്റെ പോളിസി ആന്‍ഡ് കമ്യൂണിക്കേഷന്‍സ് വിഭാഗത്തിന്റെ ആഗോളതലത്തിലെ മേധാവിയായി കഴിഞ്ഞ മാസം നിക്ക് ക്ലെഗ് ചുമലയേറ്റിരുന്നു. ലോബിയിംഗ് കമ്പനികള്‍ എങ്ങിനെ ഫേസ്ബുക്ക് ഉപയോഗിക്കുന്നു എന്നതു സംബന്ധിച്ച് അവലോകനം നടത്താന്‍ ആദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. ഫേസ്ബുക്ക് വിമര്‍ശകരെ യഹൂദ വിരുദ്ധരെന്നപോലെ ചിത്രീകരിക്കാന്‍ ശ്രമിച്ചതായും ഫേസ്ബുക്കിന്റെ എതിരാളികളെക്കുറിച്ച് വിമര്‍ശനങ്ങളുന്നയിക്കുന്ന വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാനും ഫേസ്ബുക്ക് ശ്രമിച്ചതായി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

അതേസമയം, ഇത്തരത്തില്‍ പിആര്‍ കമ്പനിയെ ചുമതലപ്പെടുത്തിയെന്ന വാര്‍ത്ത മാര്‍ക്ക് സുക്കര്‍ബര്‍ഗ് പത്രസമ്മേളനത്തില്‍ നിഷേധിച്ചു. ഈ വാര്‍ത്ത അറിഞ്ഞപ്പോള്‍ തന്നെ ഫേസ്ബുക്ക് ടീമുമായി സംസാരിച്ചു. കമ്പനിക്ക് പിആര്‍ കമ്പനിയുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

Comments

comments