വോഡഫോണ്‍ ഐഡിയയ്ക്ക് 4,974 കോടി രൂപയുടെ നഷ്ടം

വോഡഫോണ്‍ ഐഡിയയ്ക്ക് 4,974 കോടി രൂപയുടെ നഷ്ടം

വരിക്കാരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയാണ് വോഡഫോണ്‍ ഐഡിയ

മുംബൈ: സെപ്റ്റംബറില്‍ അവസാനിച്ച ത്രൈമാസ പാദത്തില്‍ വമ്പന്‍ നഷ്ടം കുറിച്ച് വോഡഫോണ്‍ ഐഡിയ. 4,974 കോടി രൂപയുടെ സംയോജിത അറ്റ നഷ്ടമാണ് ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ വോഡഫോണ്‍ ഐഡിയ രേഖപ്പെടുത്തിയിട്ടുള്ളത്. വിപണിയിലെ താരിഫ് യുദ്ധം കാരണം ടെലികോം കമ്പനികള്‍ നേരിടുന്ന സാമ്പത്തിക സമ്മര്‍ദം ഒരിക്കല്‍ കൂടി അടിവരയിടുന്നതാണ് വോഡഫോണ്‍ ഐഡിയയുടെ രണ്ടാം പാദഫലം.

ഓഗസ്റ്റ് 31നാണ് വോഡഫോണും ഐഡിയയും ലയിച്ച് ഒറ്റ കമ്പനിയായത്. റിലയന്‍സ് ജിയോയുടെ കടന്നുവരവും തുടര്‍ന്ന് ഇന്ത്യന്‍ ടെലികോം വിപണിയിലുണ്ടായ സംഭവവികാസങ്ങളുമാണ് വോഡഫോണ്‍ ഐഡിയയുടെ രൂപീകരണത്തിലേക്ക് നയിച്ചത്. ലയനത്തിനു ശേഷമുള്ള കമ്പനിയുടെ ആദ്യ പാദഫലമാണ് പുറത്തുവന്നിരിക്കുന്നത്. ഐഡിയ സെല്ലുലാറിന്റെ ഓഗസ്റ്റ് 31 വരെയുള്ള പ്രകടന ഫലവും വോഡഫോണ്‍ ഐഡിയയുടെ സെപ്റ്റംബറിലെ പ്രകടന ഫലവും ഉള്‍പ്പെട്ടതാണ് രണ്ടാം പാദത്തിലെ കണക്കുകളെന്ന് വോഡഫോണ്‍ ഐഡിയ പ്രസ്താവനയിലൂടെ അറിയിച്ചു.

വരിക്കാരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയാണ് വോഡഫോണ്‍ ഐഡിയ. 42.2 കോടി വരിക്കാരാണ് കമ്പനിക്കുള്ളത്. വരിക്കാരെ കൂട്ടിച്ചേര്‍ക്കുന്നതിലുണ്ടായ ഇടിവും 4ജി വിപുലീകരണ ചെലവുകള്‍ വര്‍ധിച്ചതുമാണ് കമ്പനി നഷ്ടം കുറിക്കാനുള്ള കാരണം. ഒരു ഉപഭോക്താവില്‍ നിന്നുള്ള കമ്പനിയുടെ ശരാശരി വരുമാനം 88 രൂപയാണ്. റിലയന്‍സ് ജിയോയുടെയും (131.7 രൂപ) ഭാരതി എയര്‍ടെലിന്റെയും (101 രൂപ) കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് വളരെ കുറവാണ്.

വോഡഫോണ്‍ ഐഡിയയുടെ മൊത്തം നഷ്ടം ഏകദേശം 2,600 കോടി രൂപ വരുമെന്നായിരുന്നു ഐഐഎഫ്എല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസ്, ഐസിഐസിഐ സെക്യൂരിറ്റീസ് എന്നീ ബ്രോക്കറേജ് സ്ഥാപനങ്ങളുടെ കണക്കുകൂട്ടല്‍. എന്നാല്‍, ഇതിന്റെ ഇരട്ടിയോളം നഷ്ടമാണ് കമ്പനി രേഖപ്പെടുത്തിയിരിക്കുന്നത്. 7,663 കോടി രൂപയുടെ സംയോജിത വരുമാനമാണ് സെപ്റ്റംബര്‍ പാദത്തില്‍ കമ്പനിക്ക് നേടാനായത്. സെപ്റ്റംബര്‍ 30 വരെയുള്ള കണക്ക് പ്രകാരം 1,26,100 കോടി രൂപയാണ് ലയന സംരംഭത്തിന്റെ മൊത്തം ബാധ്യത.

രണ്ടം പാദ ഫലം പുറത്തുവന്നതിനെ തുടര്‍ന്ന് ഇന്നലെ തുടക്ക വ്യാപാരത്തില്‍ വോഡഫോണ്‍ ഐഡിയയുടെ ഓഹരി വിലയില്‍ ആറ് ശതമാനം ഇടിവുണ്ടായി. —ശതമാനം നഷ്ടത്തിലാണ് കമ്പനിയുടെ ഓഹരികള്‍ ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനും വിപണിയില്‍ മത്സരക്ഷമത നിലനിര്‍ത്തുന്നതിനും 25,000 കോടി രൂപയുടെ മൂലധനം സ്വരൂപിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനുള്ള സാധ്യതകള്‍ പരിശോധിക്കുന്നതിനായി ബോര്‍ഡ് അംഗങ്ങളുടെ ഒരു സമിതിയും രൂപീകരിച്ചിട്ടുണ്ട്. 25,000 കോടി രൂപയില്‍ പ്രൊമോട്ടര്‍ ഓഹരിയുടമകളായ വോഡഫോണ്‍ ഗ്രൂപ്പും ആദിത്യ ബിര്‍ള ഗ്രൂപ്പും ചേര്‍ന്ന് 18,250 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്നാണ് സൂചന. 11,000 കോടി രൂപ വോഡഫോണും 7,250 കോടി രൂപ ബിര്‍ള ഗ്രൂപ്പുമായിരിക്കും നിക്ഷേപിക്കുക.

Comments

comments

Categories: Tech