യുഎഇയില്‍ വിനോദസഞ്ചാരികള്‍ക്ക് വാറ്റിന്റെ 85% തിരികെ നല്‍കും

യുഎഇയില്‍ വിനോദസഞ്ചാരികള്‍ക്ക് വാറ്റിന്റെ 85% തിരികെ നല്‍കും

പണമായി 10,000 ദിര്‍ഹം വരെ ക്ലെയിം ചെയ്യാനാകും, ക്രെഡിറ്റ് കാര്‍ഡ് തുകയ്ക്ക് പരിധിയില്ല

അബുദാബി: യുഎഇ സന്ദര്‍ശനത്തിനെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് രാജ്യത്തു നിന്നും വാങ്ങുന്ന സാധനങ്ങളിന്‍ മേലുള്ള വാറ്റിന്റെ (മൂല്യ വര്‍ധിത നികുതി) 85 ശതമാനവും തിരികെ നല്‍കും. പുതിയ നിയമം അടുത്ത ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് അധികൃതര്‍ അറിയിച്ചു. ബാക്കി വരുന്ന പതിനഞ്ച് ശതമാനം റീഫണ്ട് സംവിധാനത്തിന്റെ ആഗോള ഓപ്പറേറ്റര്‍മാരായ പ്ലാനറ്റിന്റെ അഡ്മിനിസ്‌ട്രേഷന്‍ ഫീസായി വകയിരുത്തും.

വിനോദസഞ്ചാരികള്‍ക്കായി ടാക്‌സ് റീഫണ്ട് പദ്ധതിയിലേക്ക് ഇതുവരെ 4500 കമ്പനികളാണ് അപേക്ഷ നല്‍കിയിരിക്കുന്നതെന്ന് യുഎഇ ഫെഡറല്‍ ടാക്‌സ് അതോറിറ്റി ഡയറക്റ്റര്‍ ജനറല്‍ ഖാലിദ് അല്‍ ബസ്താനി അറിയിച്ചു. ഈ വര്‍ഷം അവസാനത്തോടെ അപേക്ഷകരുടെ എണ്ണം 6000 ആയി ഉയരുമെന്നും അടുത്തവര്‍ഷം അത് പതിനായിരമായി വര്‍ധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അറബ് മേഖലയിലെ പ്രധാന വ്യാപാര ഹബ്ബായി യുഎഇയെ മാറ്റുന്നതിനായി വിനോദസഞ്ചാരം ആകര്‍ഷണീയമാക്കാനും ആഭ്യന്തര വ്യാപാരം പ്രോല്‍സാഹിപ്പിക്കുന്നതിനും ആവശ്യമായ എല്ലാവിധ സഹായങ്ങളും ചെയ്യാന്‍ ഫെഡറല്‍ ടാക്‌സ് അതോറിറ്റി ബാധ്യതസ്ഥരാണെന്നും അല്‍ ബസ്താനി പറഞ്ഞു.

പുതിയ പദ്ധതിയുടെ കീഴില്‍ വിനോദസഞ്ചാരികള്‍ സാധനങ്ങള്‍ വാങ്ങി 90 ദിവസത്തിനുള്ളില്‍ ടാക്‌സ് റീഫണ്ട് ക്ലെയിം ചെയ്തിരിക്കണം. പണമായി 10,000 ദിര്‍ഹം വരെ ക്ലെയിം ചെയ്യാനാകും. എന്നാല്‍ ക്രെഡിറ്റ് കാര്‍ഡ് വഴിയുള്ള റീഫണ്ട് തുകയ്ക്ക് പരിധിയില്ല. ഇതിന് അപേക്ഷിക്കുന്നവര്‍ പതിനെട്ട് വയസിന് മുകളില്‍ പ്രായമുള്ളവരായിരിക്കണം. പദ്ധതിക്കു കീഴില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനികളില്‍ നിന്നും സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കു മാത്രമേ റീഫണ്ട് ക്ലെയിം ചെയ്യാന്‍ അവകാശമുള്ളൂ. ക്രഡിറ്റ് അസസ്‌മെന്റിനു വിധേയമായ കമ്പനികളാകണം പദ്ധതിയുടെ ഭാഗമാകേണ്ടത്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ എണ്ണയിതര മേഖലകളിലേക്കു കൂടി വൈവിധ്യവല്‍ക്കരിക്കുന്നതിന്റെ ഭാഗമായാണ് ഈ വര്‍ഷം മുതല്‍ യുഎഇയില്‍ വാറ്റ് നടപ്പിലാക്കിയത്.

സാധനങ്ങള്‍ വാങ്ങുന്ന സമയത്തുതന്നെ വിനോദസഞ്ചാരികള്‍ക്ക് ടാക്‌സ് ഒഴിവാക്കാനുള്ള ടാഗ് കടക്കാരില്‍ നിന്നും ആവശ്യപ്പെടാവുന്നതാണ്. രാജ്യത്തെ സ്ഥിരതാമസക്കാരനല്ലെന്ന് ഉറപ്പാക്കിയശേഷം ബില്ലിനോടൊപ്പം ടാഗ് സ്വന്തമാക്കാം. വിനോദസഞ്ചാരികള്‍ക്ക് മടക്കയാത്രയില്‍ ഷാര്‍ജ, അബുദാബി, ദുബായ് എയര്‍പോര്‍ട്ടുകളില്‍ ടാഗ് നല്‍കി ടാക്‌സ് റീഫണ്ട് തുക കൈപ്പറ്റാം. യുഎഇയിലെ മറ്റ് എയര്‍പോര്‍ട്ടുകളിലും തുറമുഖങ്ങളിലും ഈ സംവിധാനം അടുത്ത മാസം മുതല്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 250 ദിര്‍ഹത്തിനെങ്കിലും സാധനങ്ങള്‍ വാങ്ങിയവര്‍ക്കു മാത്രമേ റീഫണ്ട് ക്ലെയിം ചെയ്യാനാകൂ. മടക്കയാത്രയില്‍ ടാഗുകള്‍ റീഫണ്ട് കേന്ദ്രത്തില്‍ നല്‍കുമ്പോള്‍ 4.5 ദിര്‍ഹം ഫീസായി ഈടാക്കും. വിമാനങ്ങളിലെ ജീവനക്കാര്‍ രാജ്യത്തു നിന്നും മടങ്ങുമ്പോള്‍ വാറ്റ് റീഫണ്ടിന് അര്‍ഹരാകില്ല.

Comments

comments

Categories: Arabia
Tags: uae vat

Related Articles