ഷാര്‍ജയില്‍ കെട്ടിടങ്ങളില്‍ സ്‌മോക്ക് ഡിറ്റക്ടറുകള്‍ നിര്‍ബന്ധമാക്കുന്നു

ഷാര്‍ജയില്‍ കെട്ടിടങ്ങളില്‍ സ്‌മോക്ക് ഡിറ്റക്ടറുകള്‍ നിര്‍ബന്ധമാക്കുന്നു

വ്യാവസായിക, വാണിജ്യ, റെസിഡെന്‍ഷ്യല്‍ കെട്ടിടങ്ങളില്‍ സ്‌മോക്ക് ഡിറ്റക്ടറുകളും ഫയര്‍ അലാറവും നിര്‍ബന്ധം

ഷാര്‍ജ: കെട്ടിടങ്ങളില്‍ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കാന്‍ തീരുമാനിച്ചതായി ഷാര്‍ജ അധികൃതര്‍. അടുത്ത വര്‍ഷം മുതല്‍ ഷാര്‍ജയിലെ എല്ലാ കെട്ടിടങ്ങളിലും സ്‌മോക്ക് ഡിറ്റക്ടറുകളും ഫയര്‍ അലാറവും നിര്‍ബന്ധമാക്കിയാണ് പുതിയ ഉത്തരവ് ഇറങ്ങിയിരിക്കുന്നത്.

വ്യാവസായിക, വാണിജ്യ, റെസിഡെന്‍ഷ്യല്‍ ആവശ്യങ്ങള്‍ക്കായുള്ള എല്ലാ കെട്ടിടങ്ങളിലും ഇവ നിര്‍ബന്ധമാക്കിയിട്ടുണ്ട്. എന്നാല്‍ വില്ലകളെയും സ്വകാര്യ വീടുകളെയും നിലവില്‍ ഈ കടുംപിടുത്തത്തില്‍ നിന്നും ഒഴിവാക്കി. കെട്ടിട ഉടമകള്‍ക്ക് പുതിയ നിയമം സംബന്ധിച്ച് അധികൃതര്‍ അറിയിപ്പ് നല്‍കി കഴിഞ്ഞു. ഷാര്‍ജ പ്രിവന്‍ഷന്‍ ആന്‍ഡ് സേഫ്റ്റി അതോറിറ്റിയും (എസ്പിഎസ്എ)സനിദും സംയുക്തമായാണ് പുതിയ സംവിധാനങ്ങളുടെ നടപ്പാക്കല്‍ പരിശോധിച്ച് ആവശ്യമായ നടപടിയെടുക്കുക. ആറു വര്‍ഷത്തിനു മുകളില്‍ പഴക്കമുള്ള കെട്ടിടങ്ങളില്‍ ഇതു സംബന്ധിച്ച് പരിശോധനകള്‍ കൂടുതല്‍ കര്‍ശനമാക്കുമെന്നും സംവിധാനങ്ങളുടെ അറ്റകുറ്റപണികള്‍ പ്രോല്‍സാഹിപ്പിക്കുമെന്നും എസ്പിഎസ്എ ഡയറക്റ്റര്‍ ഷേഖ് സെയ്ഫ് മുഹമ്മദ് അല്‍ ഖാസിമി പറഞ്ഞു.

പൊതു, സ്വകാര്യ മേഖലയിലെ വിവിധ കമ്പനികളിലെ അഗ്നിസുരക്ഷയുമായി ബന്ധപ്പെട്ട ജീവനക്കാര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കുന്നതിനായി എസ്പിഎസ്എ പ്രത്യേക ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിച്ചിട്ടുണ്ട്. പരിശീലനത്തിനായി ഓരോ ജീവനക്കാരില്‍ നിന്നും 250 ദിര്‍ഹമാണ് ഈടാക്കുക.

വീടുകളിലും മറ്റും തീപിടിത്തമുണ്ടായാല്‍ എന്തെല്ലാം സുരക്ഷാനടപടികള്‍ സ്വീകരിക്കണമെന്നും തീയണയ്ക്കാനും ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനും മറ്റുമായി വീട്ടമ്മമാര്‍ക്കും വേലക്കാര്‍ക്കും ആവശ്യമായ പരിശീലനം നല്‍കുന്ന വിവിധ പരിപാടികളും എസ്പിഎസ്എ സംഘടിപ്പിച്ചു വരുന്നുണ്ട്. വില്ലകളിലും സ്വകാര്യ വീടുകളിലും ഫയര്‍ അലാറം സ്ഥാപിക്കാന്‍ നിര്‍ബന്ധിക്കുന്നില്ലെങ്കിലും അവരവരുടെ സുരക്ഷ മുന്‍നിര്‍ത്തി മുന്‍കരുതല്‍ നടപടികള്‍ കൈക്കൊള്ളണമെന്നും അല്‍ ഖാസിമി അഭിപ്രായപ്പെട്ടു.

Comments

comments

Categories: Arabia