ആര്‍സിഇപി കരാര്‍ നേരത്തെ നടപ്പാക്കണമെന്ന് മോദി

ആര്‍സിഇപി കരാര്‍ നേരത്തെ നടപ്പാക്കണമെന്ന് മോദി

സേവനങ്ങളുടെ വിപണി പ്രവേശന കാര്യത്തിലും ചര്‍ച്ചകള്‍ വേഗത്തിലാക്കണം

ന്യൂഡെല്‍ഹി: പ്രാദേശിക സമഗ്ര സാമ്പത്തിക സഹകരണ (ആര്‍സിഇപി) കരാര്‍ നേരത്തെ നടപ്പാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആധുനികവും സമഗ്രവും സമത്വമുള്ളതും എല്ലാ രാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് ഒരുപോലെ ഗുണം ചെയ്യുന്നതുമായിരിക്കണം ആര്‍സിഇപി ഉടമ്പടിയെന്നും മോദി പറഞ്ഞു. സിംഗപ്പൂരില്‍ നടന്ന ആര്‍സിഇപി ഉച്ചകോടിയിലാണ് മോദി ഇക്കാര്യങ്ങള്‍ അറിയിച്ചത്.

ബ്രൂണൈ, കംബോഡിയ, ഇന്തോനേഷ്യ, മലേഷ്യ, മ്യാന്‍മാര്‍, സിംഗപ്പൂര്‍, തായ്‌ലന്‍ഡ്, ഫിലിപ്പീന്‍സ്, ലാവോസ്, വിയറ്റ്‌നാം എന്നീ പത്ത് ആസിയാന്‍ രാഷ്ട്രങ്ങളും ചൈന, ജപ്പാന്‍, ഓസ്‌ട്രേലിയ, ഇന്ത്യ, ന്യൂസീലന്‍ഡ്, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളും ചേരുന്നതാണ് ആര്‍സിഇപി. സാമ്പത്തിക സഹകരണം മുന്നോട്ടുകൊണ്ടുപോകുന്നതിന് വാണിജ്യ മന്ത്രിമാര്‍ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കണമെന്ന് ആര്‍സിഇപി രാഷ്ട്ര തലവന്മാരോട് മോദി ആവശ്യപ്പെട്ടിട്ടുണ്ട്.

ഉല്‍പ്പന്നങ്ങളുടെ വിപണി പ്രവേശനവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ കാര്യമായ പുരോഗതിയുണ്ടായതായും സേവനങ്ങളുടെ കാര്യത്തിലും സമാനമായ ശ്രമം ആവശ്യമാണെന്നും മോദി ചൂണ്ടിക്കാട്ടി. സേവനങ്ങള്‍ക്ക് വിപണി പ്രവേശനം ഉറപ്പാക്കുന്നതിനും സജീവമായ ചര്‍ച്ചകള്‍ ആവശ്യമാണ്. ആര്‍സിഇപി ചേരിയിലെ മിക്ക രാഷ്ട്രങ്ങളുടെയും ജിഡിപിയില്‍ 50 ശതമാനത്തിലധികം പങ്ക് വഹിക്കുന്നത് സേവനങ്ങളാണ്. ഭാവിയില്‍ സേവനങ്ങള്‍ക്കുള്ള പങ്ക് നിര്‍ണായകമായിരിക്കുമെന്നും മോദി പറഞ്ഞു.

ആര്‍സിഇപി കരാര്‍ നടപ്പാക്കുന്നത് നീട്ടണമെന്നായിരുന്നു നേരത്തെ ഇന്ത്യയുടെ നിലപാട്. മികച്ച നിലവാരത്തിലുള്ള പ്രാദേശിക സമഗ്ര സാമ്പത്തിക സഹകരണ കരാര്‍ വേഗത്തില്‍ നടപ്പാക്കുന്നതിനാണ് മോദി ഊന്നല്‍ നല്‍കുന്നതെന്ന് നേരത്തെ വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാറും അറിയിച്ചിരുന്നു. കരാറിന്റെ ഭാഗമായി കൂടുതല്‍ ഉല്‍പ്പന്നങ്ങളുടെ വിപണി പ്രവേശനം സുഗമമാക്കുന്നതിന് മറ്റ് രാഷ്ട്രങ്ങള്‍ ഇന്ത്യക്കു മേല്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്.

Comments

comments

Categories: FK News