നിഷ്‌ക്രിയാസ്തി വിവരങ്ങള്‍ സെബിക്ക് കൈമാറില്ലെന്ന് ആര്‍ബിഐ

നിഷ്‌ക്രിയാസ്തി വിവരങ്ങള്‍ സെബിക്ക് കൈമാറില്ലെന്ന് ആര്‍ബിഐ

കിട്ടാക്കടവും നിഷ്‌ക്രിയാസ്തിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തായാല്‍ കമ്പനികളുടെ ബിസിനസ് പ്രതീക്ഷകള്‍ക്ക് തിരിച്ചടിയേല്‍ക്കാനിടയുണ്ടെന്ന് വിലയിരുത്തല്‍

മുംബൈ: നിഷ്‌ക്രിയാസ്തികളുടേയും വായ്പ തിരിച്ചടക്കുന്നതില്‍ വീഴ്ച വരുത്തിയവരുടേയും വിവരങ്ങള്‍ ഓഹരി വിപണി നിയന്ത്രാതാവായ സെക്യൂരിറ്റി ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയ്ക്ക് (സെബി) കൈമാറാന്‍ വിസമ്മതിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. വിവരങ്ങള്‍ ചോരുന്നത് ഒഴിവാക്കാനാണ് ആര്‍ബിഐ ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നതെന്ന് വിഷയവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. കിട്ടാക്കടവും നിഷ്‌ക്രിയാസ്തിയുമായി ബന്ധപ്പെട്ട ഡാറ്റ കൂടുതല്‍ പേര്‍ അറിയാനിടയായാല്‍ അതില്‍ ഉള്‍പ്പെട്ട കമ്പനികളുടെ ബിസിനസ് പ്രതീക്ഷകള്‍ക്ക് തിരിച്ചടിയേല്‍ക്കാനിടയുണ്ടെന്നാണ് കേന്ദ്ര ബാങ്കിന്റെ വിലയിരുത്തല്‍. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നടന്നുകൊണ്ടിരിക്കുന്ന അന്വേഷണങ്ങളുടെ ഭാഗമായി തെളിവുകള്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ ഡാറ്റ ആവശ്യപ്പെട്ടുകൊണ്ട് ചുരുങ്ങിയത് രണ്ട് ഔദ്യോഗിക അപേക്ഷകളെങ്കിലും സെബി ആര്‍ബിഐക്ക് അയച്ചിട്ടുണ്ട്.

വലിയ തോതില്‍ കടക്കെണിയിലായ ഒരു കമ്പനി വരുത്തിയ നഷ്ടങ്ങള്‍, ഒരു സ്വകാര്യ മേഖലാ ബാങ്കിലുണ്ടായ കോര്‍പ്പറേറ്റ് ഭരണ നിര്‍വഹണ ലംഘനം, മറ്റൊരു സ്വകാര്യ ബാങ്കിലുണ്ടായ സാമ്പത്തിക പ്രശ്‌നം എന്നിവയാണ് ഇത്തരത്തില്‍ സെബി അന്വേഷിക്കുന്നത്. സുപ്രീംകോടതി നിര്‍ദേശമുണ്ടെങ്കിലും വന്‍വീഴ്ച വരുത്തിയവരുടെ വിവരങ്ങള്‍ നല്‍കാത്തതിനെ തുടര്‍ന്ന് കേന്ദ്ര വിവരാകാശ കമ്മീഷന്‍ (സിഐസി) ആര്‍ബിഐക്ക് നോട്ടീസ് അയച്ചിരുന്നു.

വായ്പാ തിരിച്ചടവില്‍ വീഴ്ച വരുത്തിയ വിവരങ്ങള്‍ ഒരു കമ്പനി വെളിപ്പെടുത്താത്തതുമായി ബന്ധപ്പെട്ടുള്ളതാണ് സെബി കൈകാര്യം ചെയ്യുന്ന ആദ്യത്തെ കേസ്. തങ്ങളുടെ നിഷ്‌ക്രിയാസ്തി എത്രയുണ്ടെന്ന് ഒരു സ്വകാര്യ വായ്പാദാതാവ് വെളിപ്പെടുത്തുന്നതിനു മുന്‍പ് തന്നെ വിവരങ്ങള്‍ ബ്രോക്കര്‍മാര്‍ക്ക് ചേര്‍ന്നുകിട്ടിയതുമായി ബന്ധപ്പെട്ടതാണ് രണ്ടാമത്തെ കേസ്. രണ്ടാമത്തെ കേസില്‍ ബാങ്കിനകത്തുള്ളവര്‍ തന്നെ വിവരങ്ങള്‍ ബ്രോക്കര്‍മാര്‍ക്ക് ചോര്‍ത്തി നല്‍കി എന്നാണ് കണക്കാക്കപ്പെടുന്നത്. സാധാരണയായി, കട വിപണി, വിദേശ നിക്ഷേപകര്‍, ലിസ്റ്റഡ് ബാങ്കുകളിലെ പിഴവുകള്‍ തുടങ്ങിയ ഏതാനും മേഖലകളിലെ വിവരങ്ങള്‍ ഇരു റഗുലേറ്റര്‍മാരും കൈമാറാറുണ്ട്.

”വിവരങ്ങളുടെ കൈമാറ്റം സുഗമമായി നടക്കുന്നുണ്ട്. ആര്‍ബിഐക്ക് അപേക്ഷ അയച്ച് രണ്ട് ആഴ്ചകള്‍ക്കുള്ളില്‍ സെബിക്ക് വിവരങ്ങള്‍ ലഭിക്കാറുണ്ട്. എന്നിരുന്നാലും വിവരങ്ങളുടെ സൂക്ഷ്മ സ്വഭാവം കാരണം സെബിയുടെ ഈ അപേക്ഷകള്‍ ആര്‍ബിഐ നിരാകരിക്കുകയായിരുന്നു,” ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി. സെബി ആവശ്യപ്പെട്ട വിവരങ്ങള്‍ നല്‍കുകയാണെങ്കില്‍ അത് ഏതാനും കമ്പനികളുടെ ബിസിനസിനെ ബാധിക്കുമെന്ന് ആര്‍ബിഐ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.

കേസുകളുമായി ബന്ധപ്പെട്ട് എല്ലാ നിയന്ത്രാതാക്കളില്‍ നിന്നും സമാഹരിച്ച വിവരങ്ങള്‍ റിപ്പോര്‍ട്ടിനൊപ്പം സെബി ഫയല്‍ ചെയ്യും. അതിനു ശേഷമുള്ള ഘട്ടങ്ങളില്‍ ഈ തെളിവുകള്‍ കുറ്റാരോപിതരുമായി പങ്കുവെക്കാനും സെബി ബാധ്യസ്ഥരാണ്. ”ഒരു നിഷ്‌ക്രിയാസ്തിയോ നിഷ്‌ക്രിയാസ്തിയായി മാറുന്ന വായ്പയോ ഉണ്ടായാല്‍ അതോടെ വീഴ്ചവരുത്തിയ കമ്പനിയുടെ അവസാനമായെന്ന വിലയിരുത്തല്‍ സാധിക്കില്ല. അതുകൊണ്ടുതന്നെ, ഡാറ്റ വെളിപ്പെടുത്തുന്നത് ബിസിനസ് സാധാരണ നിലയില്‍ മുന്നോട്ടുകൊണ്ടുപോകാനുള്ള കമ്പനിയുടെ ശേഷിയെ ബാധിക്കും,” ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.

സിഐസിയും ആര്‍ബിഐയും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന മല്‍പ്പിടുത്തത്തിന്റെ ഫലമായിരിക്കും സെബി മുന്നോട്ടുവച്ച അപേക്ഷയുടെ ഭാവി നിര്‍ണയിക്കുക. വിഷയത്തില്‍ സിഐസിക്ക് അനുകൂലമായ വിധിയുണ്ടായാല്‍ സെബിയുമായി ഡാറ്റ പങ്കുവെക്കാന്‍ ആര്‍ബിഐ നിര്‍ബന്ധിതരാകുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. നേരെ മറിച്ച് വിധി ആര്‍ബിഐക്ക് അനുകൂലമായാല്‍ മറ്റ് തെളിവുകള്‍ക്കായി സെബി ശ്രമിക്കേണ്ടി വരുമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: FK News
Tags: RBI, Sebi