എംഎസ്എംഇ മേഖലയില്‍ വായ്പാ ലഭ്യത വര്‍ധിപ്പിക്കണം: സിഐഐ

എംഎസ്എംഇ മേഖലയില്‍ വായ്പാ ലഭ്യത വര്‍ധിപ്പിക്കണം: സിഐഐ

എംഎസ്എംഇകള്‍ക്ക് വായ്പ അനുവദിക്കുന്നതിന് ബാങ്കുകള്‍ക്ക് ആര്‍ബിഐ ഒരു നിശ്ചിത കാലപരിധി നിശ്ചയിക്കണം

ന്യൂഡെല്‍ഹി: സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കുള്ള (എംഎസ്എംഇ) വായ്പാ ലഭ്യത വര്‍ധിപ്പിക്കണമെന്ന് വ്യവസായ സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ) റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടു. എംഎസ്എംഇകള്‍ക്കുള്ള വായ്പാ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തുന്നതിനടമുള്ള നിരവധി നടപടികളാണ് ഇതിനായി സിഐഐ നിര്‍ദേശിച്ചിട്ടുള്ളത്. വിപണിയിലെ മൂലധന പ്രതിസന്ധി കാരണം രാജ്യത്തെ ചെറുകിട സംരംഭങ്ങള്‍ കടുത്ത സാമ്പത്തിക സമ്മര്‍ദം നേരിടുന്നതായും സിഐഐ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

വായ്പാ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങളില്‍ ബാങ്കുകള്‍ കാലതാമസം വരുത്തുന്നതും വായ്പാ ഈട് സംബന്ധിച്ച വ്യവസ്ഥകളും വ്യക്തിഗത ഗ്യാരന്റി ആവശ്യപ്പെടുന്നതും ബാങ്ക് ഗ്യാരന്റിക്കുള്ള അധിക നിരക്കുമാണ് എംഎസ്എംഇകള്‍ നിലവില്‍ നേരിടുന്ന പ്രശ്‌നങ്ങളെന്ന് സിഐഐ പറയുന്നു. ഉയര്‍ന്ന പലിശ നിരക്ക് മേഖലയിലെ സാമ്പത്തിക സമ്മര്‍ദം കൂട്ടുന്നതായും സിഐഐ വ്യക്തമാക്കി. കേന്ദ്ര ബാങ്കില്‍ നിന്നുള്ള കണക്ക് പ്രകാരം സെപ്റ്റംബര്‍ മാസം സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് അനുവദിച്ച മൊത്തം ബാങ്ക് വായ്പയില്‍ 1.4 ശതമാനത്തിന്റെ വാര്‍ഷിക ഇടിവാണുണ്ടായത്.

എംഎസ്എംഇകളുടെ വായ്പ അപേക്ഷകളില്‍ തീരുമാനമെടുക്കുന്നതിന് ബാങ്കുകള്‍ക്ക് ആര്‍ബിഐ ഒരു നിശ്ചിത കാലപരിധി നിശ്ചയിക്കണമെന്നാണ് സിഐഐ ശുപാര്‍ശ ചെയ്തിട്ടുള്ളത്. വായ്പയ്ക്കുള്ള അപേക്ഷ നല്‍കി 15 ദിവസത്തിനുള്ളില്‍ ഇതുമായി ബന്ധപ്പെട്ട നടപടികള്‍ ബാങ്കുകള്‍ പൂര്‍ത്തിയാക്കിയിരിക്കണമെന്നും സിഐഐ പറയുന്നു. ഇതുവഴി വായ്പ ലഭ്യമാക്കുന്നതിലെ കാലതാമസം ഒഴിവാക്കാനാകും. ബാങ്ക് ഗ്യാരന്റിക്ക് ചുമത്തുന്ന രണ്ട് വര്‍ഷത്തില്‍ കൂടുതലുള്ള നിരക്കുകളില്‍ കുറവ് വരുത്തണമെന്നും സിഐഐ ആവശ്യപ്പെട്ടിട്ടുണ്ട്.

കൃത്യമായി വായ്പാ കുടിശ്ശിക അടയ്ക്കുന്ന എംഎസ്എംഇകള്‍ക്ക് നോ ക്ലെയിം ബോണസ്, ഇന്‍ഷുറന്‍സ് ഡിസ്‌കൗണ്ട് തുടങ്ങിയ ഓഫറുകള്‍ നല്‍കാനും സിഐഐ ശുപാര്‍ശ ചെയ്തു. എംഎസ്എംഇകള്‍ക്ക് വായ്പയ്ക്കായി ബാങ്ക് ജാമ്യ രേഖ (എല്‍ഒയു) അനുവദിക്കണമെന്നും സിഐഐ നിര്‍ദേശിച്ചിട്ടുണ്ട്. എംഎസ്എംഇകള്‍ക്ക് മൂലധന ലഭ്യത ഉറപ്പാക്കുന്നതിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കേന്ദ്ര സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും സിഐഐ നിര്‍ദേശിച്ചു. എംഎസ്എംഇകളിലേക്കുള്ള വായ്പാ ഒഴുക്ക് വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ എടുക്കണമെന്ന് സര്‍ക്കാരും കേന്ദ്ര ബാങ്കിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തില്‍ ഏഴ് ശതമാനത്തിലധികം സംഭാവന ചെയ്യുന്നത് എംഎസ്എംഇ മേഖലയാണ്.

Comments

comments

Categories: Business & Economy
Tags: MSME