എന്‍ബിഎഫ്‌സി വിപുലീകരണത്തിന് കെകെആര്‍

എന്‍ബിഎഫ്‌സി വിപുലീകരണത്തിന് കെകെആര്‍

ന്യൂഡല്‍ഹി: ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്കേറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ ആഗോള നിക്ഷേപ സ്ഥാപനമായ കെകെആര്‍ ഈ മേഖലയില്‍ കൂടുതല്‍ വിപുലീകരണത്തിന് തയ്യാറെടുക്കാന്‍ പദ്ധതിയിടുന്നതായി കെകെആര്‍ ഇന്ത്യയുടെ സിഇഒ സഞ്ജയ് നായര്‍ പറഞ്ഞു. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി സംഘടിപ്പിച്ച സ്വകാര്യ ഇക്വിറ്റി, വെഞ്ച്വര്‍ കാപിറ്റല്‍ സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ബാങ്കിംഗ് ഇതര ധനകാര്യ മേഖലയില്‍ കമ്പനി കൂടുതല്‍ വിപുലീകരണത്തിന് ശ്രമിക്കുന്നുണ്ട്. ഈ മേഖലയില്‍ ഞങ്ങള്‍ ഏറെ താഴെയാണുള്ളത്. ഞങ്ങള്‍ക്ക് ധാരാളം ഇക്വറ്റികള്‍ ലഭ്യമാണ്. പക്ഷെ ഇക്കാര്യത്തില്‍ തിരക്കിട്ട് എന്തെങ്കിലും ചെയ്യില്ല. ഞങ്ങള്‍ തീര്‍ച്ചയായും കൂടുതല്‍ മുന്നോട്ട് വരും. അതിനുള്ള സാധ്യതകള്‍ പരിശോധിക്കുന്നുണ്ട്,’ സഞ്ജയ് പറഞ്ഞു. അവെന്‍ഡസ് കാപിറ്റല്‍, മാക്‌സ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, റാഡിയന്റ് ലൈഫ് കെയര്‍, കോഫീ ഡേ റിസോര്‍ട്ട്‌സ്, എമറാള്‍ഡ് മീഡിയ, ഭാരതി ഇന്‍ഫ്രാടെല്‍ എന്നിവ കെകെആര്‍ ഇന്ത്യയുടെ ഉല്‍പ്പന്ന നിരയില്‍ ഉള്‍പ്പെടുന്നതാണ്.

‘ബാങ്കുകള്‍ക്ക് നല്‍കാന്‍ കഴിയാത്ത തരത്തിലുള്ള വലിയതോതിലുള്ള ഘടനാപരമായ വായ്പ നല്‍കുന്നതില്‍ ബാങ്കിംഗ് ഇതര സ്ഥാപനങ്ങള്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഇത് വളരെ നിര്‍ണായകമായ വിഭാഗമാണ്. അടിസ്ഥാനസൗകര്യ വികസനത്തിനായി വന്‍തോതില്‍ പണം ലഭ്യമാക്കുന്നത് ഈ മേഖലയാണ്,’ സഞ്ജയ് ചൂണ്ടിക്കാട്ടി. ഇപ്പോഴുണ്ടായിരിക്കുന്ന മൂലധന പ്രതിസന്ധി താല്‍ക്കാലികമാണെന്നും മൂന്ന് നാല് മാസത്തിനകം ഈ ബുദ്ധിമുട്ടുകള്‍ നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു. മികച്ച പ്രകടനം കാഴ്ച വെക്കുന്ന എന്‍ബിഎഫ്‌സികള്‍ക്ക് പിന്നില്‍ ദീര്‍ഘകാല ഓഹരി ഉടമകളും വൈവിധ്യമുള്ള ആസ്തികളും ഉണ്ടാവുമെന്നും സഞ്ജയ് അഭിപ്രായപ്പെട്ടു.

Comments

comments

Categories: FK News
Tags: NBFC