നികുതി റിട്ടേണുകള്‍ നല്‍കാത്ത 80,000 പേര്‍ നിരീക്ഷണത്തില്‍

നികുതി റിട്ടേണുകള്‍ നല്‍കാത്ത 80,000 പേര്‍ നിരീക്ഷണത്തില്‍

നോട്ട് അസാധുവാക്കലിന് ശേഷം നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കാത്തവരെ കണ്ടെത്തിയെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് ചെയര്‍മാന്‍ സുശീല്‍ ചന്ദ്ര

ന്യൂഡെല്‍ഹി: നോട്ട് അസാധുവാക്കല്‍ കാലത്ത് വരുമാനവുമായി പൊരുത്തപ്പെടാത്ത തോതില്‍ പണ നിക്ഷേപം നടത്തിയ 80,000 വ്യക്തികളെ ആദായ നികുതി വകുപ്പ് നിരീക്ഷിക്കുന്നതായി കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് ചെയര്‍മാന്‍ സുശീല്‍ ചന്ദ്ര അറിയിച്ചു. നോട്ട് അസാധുവാക്കല്‍ നടപടിക്ക് ശേഷം ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാത്തവര്‍ക്കെതിരെയാണ് നടപടി. നോട്ടീസയച്ചിട്ടും ഇവരില്‍ നിന്ന് മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണിത്. ന്യൂഡെല്‍ഹിയിലെ പ്രഗതി മൈതാനിയില്‍ ആരംഭിച്ച അന്താരാഷ്ട്ര മേളയിലെ ആദായനികുതി വകുപ്പിന്റെ സ്റ്റാള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

മൂന്നുവര്‍ഷം തുടര്‍ച്ചയായി നികുതി റിട്ടേണ്‍ സമര്‍പ്പിക്കുകയും 2016 നവംബര്‍ എട്ടിന് ശേഷം ഇവ സമര്‍പ്പിക്കാത്തതുമായ 80 ലക്ഷം പേരെ ഡിപ്പാര്‍ട്ട്‌മെന്റ് കണ്ടെത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 2016 നവംബറില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ നോട്ട് അസാധുവാക്കല്‍ നയം രാജ്യത്തെ നികുതി അടിത്തറ വര്‍ധിക്കുന്നതിന് സഹായകമായിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. അതുപോലെ തന്നെ പ്രത്യക്ഷ നികുതികളില്‍ നിന്നുള്ള രാജ്യത്തിന്റെ അറ്റ വരുമാനം വര്‍ധിക്കുന്നതിനും നീക്കം കാരണമായെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ”കഴിഞ്ഞവര്‍ഷത്തെ പ്രത്യക്ഷനികുതി വരുമാനം 52 ശതമാനവും പരോക്ഷ നികുതി വരുമാനം 48 ശതമാനവുമാണ്. ഏറെ വര്‍ഷങ്ങള്‍ക്കുശേഷമാണ് പ്രത്യക്ഷ നികുതിവരുമാനം പരോക്ഷ നികുതി വരുമാനത്തെക്കാള്‍ കൂടുന്നത്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവില്‍ ബാങ്ക് എക്കൗണ്ടുകളിലേക്ക് പണം എത്തുന്നത് കാരണം റിട്ടേണുകള്‍ സമര്‍പ്പിക്കാതെ എത്രപേര്‍ പണം നിക്ഷേപിക്കുന്നുണ്ടെന്ന് കണ്ടെത്തുന്നത് തങ്ങള്‍ക്ക് എളുപ്പമായെന്ന് അദ്ദേഹം പറഞ്ഞു. നോട്ട് അസാധുവാക്കലിനു ശേഷം നികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യാന്‍ എസ്എംഎസുകളും ഇ-മെയ്‌ലുകളും വഴി നിരവധി പേരോട് ആവശ്യപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. ”നികുതി റിട്ടേണ്‍ സമര്‍പ്പിക്കാത്ത മൂന്നുലക്ഷം പേര്‍ക്ക് നോട്ടീസ് അയച്ചു. നോട്ടീസ് ലഭിച്ച രണ്ടേകാല്‍ ലക്ഷംപേര്‍ റിട്ടേണ്‍ ഫയല്‍ ചെയ്തു. റിട്ടേണുകള്‍ ഫയല്‍ ചെയ്യാത്ത 80,000 കേസുകളാണുള്ളത്. ഇവരുമായി ബന്ധപ്പെട്ട് അന്വേഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. വിലയിരുത്തലുകള്‍ നടത്തും. ” സുശീല്‍ ചന്ദ്ര അറിയിച്ചു.

ഇതിനു പുറമേ കൃത്യസമയത്ത് നികുതിയടയ്ക്കാത്തവരെയും ഡിപ്പാര്‍ട്ടമെന്റ് പിന്തുടരുന്നുണ്ട്. ”റിട്ടേണുകള്‍ ഫയല്‍ ചെയ്യേണ്ട 30 ലക്ഷം പേര്‍ അത് ചെയ്തിട്ടില്ല. ഇവര്‍ക്ക് ഞങ്ങള്‍ എസ്എംഎസുകള്‍ അയയ്ക്കുന്നുണ്ട്. സന്ദേശങ്ങള്‍ വകവെക്കാത്തവര്‍ക്ക് നോട്ടീസുകളയയ്ക്കും. വരുമാനം നികുതി ബാധ്യതയുണ്ടെന്നും അത് അടയ്ക്കണമെന്നും അവബോധം സൃഷ്ടിക്കുന്നതിനായാണ് ആദ്യം എസ്എംഎസ് അയയ്ക്കുന്നത്,” അദ്ദേഹം വ്യക്തമാക്കി. വരും ദിവസങ്ങളില്‍ വലിയ തോതില്‍ റിട്ടേണുകള്‍ ഫയല്‍ ചെയ്യപ്പെടുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. ഈ വര്‍ഷം 6.02 കോടി റിട്ടേണുകളാണ് ഫയല്‍ ചെയ്യപ്പെട്ടതെന്നും 86 ലക്ഷം പുതിയ നികുതി ദായകര്‍ ഉണ്ടായെന്നും ചന്ദ്ര വെളിപ്പെടുത്തി.

Comments

comments

Categories: Business & Economy
Tags: Tax return

Related Articles