ഇന്ത്യയില്‍ ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കുമെന്ന് കിയ

ഇന്ത്യയില്‍ ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കുമെന്ന് കിയ

കിയ എസ്പി2ഐ മിഡ് എസ്‌യുവിയുടെ വില 11-16 ലക്ഷം രൂപയായിരിക്കും

കൊച്ചി : ആന്ധ്ര പ്രദേശിലെ അനന്തപുര്‍ പ്ലാന്റില്‍നിന്ന് 2021 ഓടെ ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കാമെന്ന് പ്രതീക്ഷിക്കുന്നതായി കിയ മോട്ടോഴ്‌സ്. 2019 പകുതിയോടെ പ്ലാന്റ് പൂര്‍ണ്ണമായും പ്രവര്‍ത്തനസജ്ജമാകുമെന്നും കിയ മോട്ടോഴ്‌സ് ഇന്ത്യ (കെഎംഐ) മാര്‍ക്കറ്റിംഗ് & സെയില്‍സ് മേധാവി മനോഹര്‍ ഭട്ട് പറഞ്ഞു. കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2025 ഓടെ ആഗോളതലത്തില്‍ 16 ഇലക്ട്രിക് വാഹനങ്ങള്‍ അവതരിപ്പിക്കുയാണ് കിയ മോട്ടോഴ്‌സ് കോര്‍പ്പറേഷന്റെ ലക്ഷ്യം. ആഗോള ഇലക്ട്രിക് വാഹന വിപണിയില്‍ 6 ശതമാനമാണ് കിയ മോട്ടോഴ്‌സിന്റെ വിപണി വിഹിതമെന്നും അദ്ദേഹം അറിയിച്ചു.

കിയ മോട്ടോഴ്‌സിന്റെ ഇന്ത്യയിലെ ആദ്യ ഉല്‍പ്പന്നമായ കിയ എസ്പി2ഐ (കിയ എസ്പി കണ്‍സെപ്റ്റിന്റെ കോഡ് നാമം) അടുത്ത വര്‍ഷം പകുതിയോടെ വിപണിയിലെത്തിക്കും. മിഡ് എസ്‌യുവിയുടെ വില 11-16 ലക്ഷം രൂപയായിരിക്കുമെന്ന് മനോഹര്‍ ഭട്ട് പറഞ്ഞു. മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ ടോപ് 5 വാഹന നിര്‍മ്മാതാക്കളുടെ കൂട്ടത്തില്‍ ഇടംപിടിക്കുകയാണ് ലക്ഷ്യം. ആദ്യ ലോഞ്ചിനുശേഷം ഓരോ 6-9 മാസത്തിലും പുതിയ മോഡല്‍ വിപണിയിലെത്തിക്കും. 2021 ഓടെ വര്‍ഷം തോറും അഞ്ച് വീതം മോഡലുകള്‍ പുറത്തിറക്കി ഉല്‍പ്പന്നനിര വിപുലീകരിക്കും. ഈ വര്‍ഷം ഫെബ്രുവരിയില്‍ നടന്ന ഡെല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ കിയ എസ്പി കണ്‍സെപ്റ്റ് ഉള്‍പ്പെടെ 16 വാഹനങ്ങള്‍ കിയ മോട്ടോഴ്‌സ് അണിനിരത്തിയിരുന്നു.

പ്രതിവര്‍ഷം മൂന്ന് ലക്ഷം വാഹനങ്ങള്‍ നിര്‍മ്മിക്കാന്‍ ശേഷിയുള്ളതാണ് അനന്തപുരില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന പ്ലാന്റ്. മൂവായിരം പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കും. ആധുനിക സാങ്കേതികവിദ്യയില്‍ നിര്‍മ്മിക്കുന്ന പ്ലാന്റിനായി 1.1 ബില്യണ്‍ യുഎസ് ഡോളറിന്റെ നിക്ഷേപമാണ് ദക്ഷിണ കൊറിയന്‍ കമ്പനി നടത്തിയിരിക്കുന്നത്. വാഹനങ്ങളുടെ നിര്‍മ്മാണത്തില്‍ പരാമവധി ലോക്കലൈസേഷന്‍ നടപ്പാക്കുമെന്ന് മനോഹര്‍ ഭട്ട് പറഞ്ഞു. ലോകത്തെ അഞ്ച് രാജ്യങ്ങളിലായി 14 മാനുഫാക്ച്ചറിംഗ്, അസംബ്ലി പ്ലാന്റുകളാണ് കിയ മോട്ടോര്‍ കോര്‍പ്പറേഷനുള്ളത്. പതിനഞ്ചാമത്തെ പ്ലാന്റാണ് ഇന്ത്യയില്‍ നിര്‍മ്മാണം പുരോഗമിക്കുന്നത്. 180 ഓളം രാജ്യങ്ങളില്‍ കാറുകള്‍ വിറ്റുവരുന്നു. കഴിഞ്ഞ വര്‍ഷം കമ്പനി ആഗോളതലത്തില്‍ 2.8 ദശലക്ഷം കാറുകള്‍ വിറ്റു.

Comments

comments

Categories: Auto
Tags: Kia