പ്രതിസന്ധിക്കിടയിലും ഖത്തര്‍ സമ്പദ്ഘടനയില്‍ മികച്ച വളര്‍ച്ച: ഐഎംഎഫ്

പ്രതിസന്ധിക്കിടയിലും ഖത്തര്‍ സമ്പദ്ഘടനയില്‍ മികച്ച വളര്‍ച്ച: ഐഎംഎഫ്

അടുത്തവര്‍ഷം ഖത്തറിന്റെ ആഭ്യന്തര വളര്‍ച്ചാ നിരക്ക് മൂന്നു ശതമാനത്തിലും മേലെയാകുമെന്ന് ഐഎംഎഫ്

ദോഹ: അറബ് സംഖ്യരാജ്യങ്ങളുടെ ഉപരോധത്തെ അതിജീവിച്ച് ഖത്തര്‍ മികച്ച സാമ്പത്തിക വളര്‍ച്ച കാത്തു സൂക്ഷിക്കുന്നതായി ഐഎംഎഫിന്റെ വെളിപ്പെടുത്തല്‍. ഗള്‍ഫ് മേഖലയില്‍ ഐഎംഎഫ് സംഘം നടത്തിയ ഒരാഴ്ച നീണ്ടുനിന്ന സന്ദര്‍ശനത്തിനു ശേഷമാണ് ഖത്തറിന്റെ സാമ്പത്തിക രംഗത്തെ കുറിച്ച് പരാമര്‍ശം നടത്തിയിരിക്കുന്നത്. നയതന്ത്ര രംഗത്തും വ്യാപാര രംഗത്തും അയല്‍ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തി വന്ന ഉപരോധ നടപടികള്‍ വിലപ്പോയില്ലെന്നും അവയെല്ലാം അതിജീവിക്കാന്‍ ഖത്തര്‍ കൈക്കൊണ്ട രീതികളിലൂടെ വിജയം കൈവരിച്ച് മികച്ച സാമ്പത്തിക വളര്‍ച്ച നേടാനായതായും ഐഎംഎഫ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സാമ്പത്തിക വളര്‍ച്ചാ നിരക്ക് ഉയരുന്ന രീതിയിലുള്ള നടപടികളാണ് ഈ കാലയളവില്‍ രാജ്യത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളത്. അടുത്തവര്‍ഷം ഖത്തറിന്റെ ആഭ്യന്തര വളര്‍ച്ചാ നിരക്ക് മൂന്നു ശതമാനത്തിലും മേലെയാകുമെന്നു പ്രവചിച്ച ഐഎംഎഫ്, തുടര്‍ന്ന് 2020 മുതല്‍ 2023 വരെയുള്ള കാലയളവില്‍ പ്രതിവര്‍ഷം 2.7 ശതമാനം സാമ്പത്തിക വളര്‍ച്ച രാജ്യം നിലനിര്‍ത്തുമെന്നും പ്രതീക്ഷ പ്രകടിപ്പിച്ചു. മികച്ച രീതിയിലുള്ള വാതക കയറ്റുമതി, അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ എന്നിവ കൂടാതെ 2022 ല്‍ ലോകകപ്പ് ഫുട്‌ബോളിന് ആതിഥേയത്വം വഹിക്കുന്നതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ മുന്‍നിര്‍ത്തിയാണ് രാജ്യം മികച്ച വളര്‍ച്ചയിലേക്കു കുതിക്കുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

മുമ്പ് ഖത്തറിന്റെ സംഖ്യകക്ഷികളായിരുന്ന സൗദി അറേബ്യ, ബഹ്‌റിന്‍, യുഎഇ, ഈജിപ്റ്റ് എന്നീ രാജ്യങ്ങള്‍ കഴിഞ്ഞ വര്‍ഷം മുതലാണ് ഖത്തറിനു മേല്‍ സാമ്പത്തിക-നയതന്ത്ര ഉപരോധം ഏര്‍പ്പെടുത്തിയത്. ഇറാനുമായുള്ള സഹകരണവും അതുവഴി തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നുവെന്നും ആരോപിച്ചാണ് രാജ്യങ്ങള്‍ ഖത്തറിനുമേല്‍ ഉപരോധം നടപ്പാക്കിയത്. എന്നാല്‍ ഈ ഉപരോധങ്ങള്‍ക്കിടയിലും രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത നിലനിര്‍ത്താന്‍ കഴിഞ്ഞതാണ് ഖത്തറിന്റെ നേട്ടം. വ്യാപാര-സാമ്പത്തിക രംഗത്ത് ഉപരോധത്തെ തുടര്‍ന്ന് സൃഷ്ടിക്കപ്പെടാന്‍ സാധ്യതയുള്ള പ്രതിസന്ധികളെ കൃത്യമായി മറികടക്കാന്‍ ഖത്തറിനു കഴിഞ്ഞു. വാണിജ്യ മേഖലയിലെ ഉദാരവല്‍ക്കരണം, നിക്ഷേപ വൈവിധ്യവല്‍ക്കരണം, സമ്പദ്ഘടന ശക്തിപ്പെടുത്തുന്ന നയതന്ത്രരൂപികരണം എന്നിവയാണ് പ്രതിസന്ധി അതിജീവിക്കാന്‍ ഖത്തറിനെ സഹായിച്ചതെന്ന് ഐഎംഎഫ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നു. അടുത്ത വര്‍ഷം ആദ്യം മുതല്‍ അല്ലെങ്കില്‍ 2020 തുടക്കത്തില്‍ തന്നെ രാജ്യത്ത് വാറ്റ് നടപ്പാക്കാനുള്ള തീരുമാനവും മികച്ച നടപടിയായാണ് ഐഎംഎഫ് വിലയിരുത്തുന്നത്.

ദ്രവീകൃത പ്രകൃതി വാതകം കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ആഗോളനിരയിലെ മുന്‍നിര രാജ്യമാണ് ഖത്തര്‍. വാതക മേഖലയില്‍ നിന്നല്ലാതെ വിനോദ വ്യവസായത്തിലേക്ക് കൂടി ശ്രദ്ധ പതിപ്പിച്ച് ലോകകപ്പ് ഫുട്‌ബോളിന് അതിഥേയത്വം വഹിക്കുന്ന വേറിട്ട രീതിയിലേക്ക് രാജ്യം നടത്തിയ ചുവടുവെപ്പിനെയും ഐഎംഎഫ് അഭിനന്ദിച്ചിട്ടുണ്ട്. ലോകകപ്പിന് ഒരുങ്ങാന്‍ 500 മില്യണ്‍ ഡോളറാണ് ഖത്തര്‍ ചെലവഴിക്കാനൊരുങ്ങുന്നത്. ആഗോള തലത്തില്‍ എണ്ണയ്ക്കും ദ്രവീകൃത പ്രകൃതി വാതകത്തിനും വില വര്‍ധിച്ചതും ആവശ്യകത കൂടിയതും രാജ്യത്തിന് നേട്ടമായിട്ടുണ്ടെന്നും ഐഎംഎഫ് വ്യക്തമാക്കി.

Comments

comments

Categories: Arabia
Tags: Qatar